ലഹരി ഉപയോഗിക്കുന്നതുകൊണ്ടാണല്ലോ വിലക്കൊക്കെ വരുന്നത്; സിനിമാ സെറ്റില്‍ അങ്ങനെ ഒരു അനുഭവം എനിക്കില്ല: രജിഷ വിജയന്‍
Movie Day
ലഹരി ഉപയോഗിക്കുന്നതുകൊണ്ടാണല്ലോ വിലക്കൊക്കെ വരുന്നത്; സിനിമാ സെറ്റില്‍ അങ്ങനെ ഒരു അനുഭവം എനിക്കില്ല: രജിഷ വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th June 2023, 11:56 am

മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഏതാനും നാളുകളായി വലിയ വിവാദം നടക്കുകയാണ്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചും വിലക്കിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി രജിഷ വിജയന്‍.

താന്‍ അഭിനയിച്ച ഒരു സിനിമയുടെ സെറ്റിലും ആരും ലഹരി ഉപയോഗിക്കുന്നത് നേരില്‍ കണ്ടിട്ടില്ലെന്നും ആളുകളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിച്ചു നോക്കേണ്ട കാര്യമില്ലെന്നുമാണ് താരം പറഞ്ഞത്.

പബ്ലിക്കില്‍ വന്ന് ആരും ലഹരിയുപയോഗിക്കില്ലെന്നും പലരുടെയും പേര്‍സണല്‍ ലൈഫില്‍ അവരെന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഉറ്റു നോക്കാന്‍ താനില്ലെന്നും താരം പറഞ്ഞു. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രജിഷ.

‘എന്റെ മുമ്പില്‍ കാണാത്ത ഒരു കാര്യത്തെ കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. എന്റെ മുമ്പില്‍ വെച്ച് ആരും ഇതുവരെ ഒരു ലഹരിയും ഉയോഗിച്ചിട്ടില്ല. ലഹരി ഉപയോഗം നിയമവിരുദ്ധമാണല്ലോ. അത് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ആരും ഇത് പബ്ലിക്കില്‍ വന്ന് ചെയ്യുമെന്ന് തോന്നുന്നില്ല.

ഒരു സിനിമ സെറ്റില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ അവിടെ വന്നിട്ട് ആരും ഇതുപയോഗിക്കുന്നില്ല. അങ്ങനെ ചെയ്യാന്‍ കഴിയില്ല. പലരുടെയും പേര്‍സണല്‍ ലൈഫില്‍ അവരെന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഉറ്റു നോക്കാന്‍ ഞാനില്ല. അത് നോക്കേണ്ട ആവശ്യവും എനിക്കില്ല.

ലഹരി ഉപയോഗം തെറ്റാണെന്ന് നമുക്ക് അറിയാം. അത്തരമൊരു പ്രവൃത്തി ചെയ്യരുത് എന്ന് നമ്മുടെ വിവേകത്തില്‍ നിന്ന് തോന്നേണ്ടതാണ്. ഇത് തെറ്റാണെന്ന് നമുക്ക് വേണമെങ്കില്‍ ഒരാളോട് പറഞ്ഞുകൊടുക്കാം.

ആളുകള്‍ നമ്മുടെ മുന്‍പില്‍ നിന്ന സിഗരറ്റ് വലിക്കാറുണ്ട്. എന്റെ മുന്നില്‍ വെച്ച് വലിക്കുന്നവരോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചോദിക്കാറുണ്ട്. പക്ഷേ അത്തരത്തില്‍ പബ്ലിക്കായി സിഗരറ്റ് വലിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവരുമുണ്ടാകും.

ലഹരിയുപയോഗിക്കുന്നത് തെറ്റാണെന്ന് അതുപയോഗിക്കുന്ന എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അവരത് ചെയ്യുമ്പോള്‍ നമുക്ക് പിന്നെ അവിടെ ഒന്നും പറയാനില്ല. സിനിമ സെറ്റില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതില്‍ തീരുമാനമെടുക്കാനാണ് സംഘടന. അത് അവര്‍ കൃത്യമായി ചെയ്യുന്നുമുണ്ട്.

വ്യക്തിപരമായി പറയുകയാണെങ്കില്‍ എന്റെ മുമ്പില്‍ ഇതുവരെയാരും ലഹരി ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നുവെച്ച് ലഹരി ഉപയഗോം ഇല്ലെന്ന് പറയാനും ഞാന്‍ ആളല്ല. അത് ഉള്ളതുകൊണ്ടായിരിക്കുമല്ലോ വിലക്കും കാര്യങ്ങളുമൊക്ക വരുന്നത്,’ രജിഷ പറഞ്ഞു.

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ആണ് രജിഷയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സ്റ്റെഫി തന്റെ സുഹൃത്താണെന്നും എന്നാല്‍ ആ കാരണം കൊണ്ട് മാത്രമല്ല താന്‍ ഈ സിനിമ കമിറ്റ് ചെയ്തതെന്നും താരം പറഞ്ഞു.

തുടക്കത്തില്‍ ഈ കഥ തന്നിലേക്ക് എത്തിച്ച ഒരാള്‍ മാത്രമാണ് സ്റ്റെഫിയെന്നും അന്ന് ആ സിനിമ ഡയറക്ട് ചെയ്യാന്‍ സ്റ്റെഫി തീരുമാനിച്ചിരുന്നില്ലെന്നും രജിഷ പറയുന്നു.

കഥ കേട്ടപ്പോള്‍ ഈ ക്യാരക്ടര്‍ എനിക്ക് വളരെ ഇഷ്ടമായി. കാരണം എനിക്ക് വളരെ റെയര്‍ ആയിട്ടാണ് വെല്‍ റിട്ടണ്‍ ആയിട്ടുള്ള സ്ത്രീ കഥാപാത്രങ്ങള്‍ വരുന്നത്. അതുകൊണ്ട് ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു. അന്ന് ഡയറക്ടര്‍ ആരാണെന്ന് തീരുമാനമായിട്ടില്ല. ഒരു മൂന്നു ദിവസം കഴിഞ്ഞ് സ്റ്റെഫി എന്നെ വിളിച്ച് ഇത് ഞാനങ്ങ് സംവിധാനം ചെയ്താലോ എന്ന് ആലോചിക്കുന്നുണ്ട് എന്ന് പറഞ്ഞു. അത് വളരെ യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമാണ്.ഞങ്ങള്‍ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഒരുമിച്ചൊരു സിനിമ ചെയ്യണം എന്നുള്ളത്,’ രജിഷ പറഞ്ഞു

 

Content Highlight: Actress Rajisha Vijayan about Drugs on Malayalam Cinema