തങ്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തൃശ്ശൂര്‍ ലോ കോളേജിലെത്തിയ അപര്‍ണ ബാലമുരളിയോട് അവിടുത്തെ ഒരു വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയത് വലിയ ചര്‍ച്ചയായിരുന്നു. ആ വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കുകയും അപര്‍ണയോട് അയാള്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.
ആ വിഷയത്തില്‍ അഭിപ്രായമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് നടി രജിഷ വിജയന്‍. ആ വിഷയമൊക്കെ അവസാനിച്ചുവെന്നും ഇനി അതിനെ കുറിച്ച് സംസാരിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.
സിനിമയുടെ പ്രൊമോഷന് പോയിട്ട് അത്തരത്തില്‍ മോശം അനുഭവങ്ങള്‍ തനിക്കിതുവരെ ഉണ്ടായിട്ടില്ലെന്നും രജിഷ പറഞ്ഞു. എന്നാല്‍ ജീവിതത്തില്‍ അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ വിജയന്‍ പറഞ്ഞു.
‘ഈ ചോദ്യം എന്നോട് ചോദിക്കുന്ന അഞ്ചാമത്തെ ഇന്റര്‍വ്യൂവാണിത്. ആ പ്രശ്‌നം ശരിക്കും അവസാനിച്ചതല്ലേ. അങ്ങനെ പെരുമാറിയ പയ്യന്‍ തന്നെ മാപ്പ് പറയുകയും ചെയ്തു. കഴിഞ്ഞ് പോയ പ്രശ്‌നത്തെ വീണ്ടും വീണ്ടും നമ്മള്‍ ചര്‍ച്ചചെയ്യണ്ട ആവശ്യമില്ലല്ലോ. അതൊക്കെ കഴിഞ്ഞു അവിടെ നിന്നുമൊക്കെ നമ്മള്‍ തിരിച്ചുവരേണ്ട സമയമായി.
അവന്‍ സോറിയും പറഞ്ഞു ചെയ്തതിനുള്ള ശിക്ഷയും കൊടുത്തു ഇനി എന്തിനാണ് അത് സംസാരിക്കുന്നത്. എനിക്ക് ഇതുവരെ അങ്ങനെയൊരു അവസ്ഥയുണ്ടായിട്ടില്ല. ഞാന്‍ ഇതുവരെ ഒരു പടത്തിന്റെ പ്രൊമോഷന് പോയിട്ടൊന്നും അങ്ങനത്തെ പ്രശ്‌നങ്ങള്‍ ഫേസ് ചെയ്തിട്ടില്ല.
എന്നാല്‍ എല്ലാതെ അങ്ങനെയുള്ള പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അല്ലാതെ സിനിമയുടെ ഭാഗമായി അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല,’ രജിഷ വിജയന്‍ പറഞ്ഞു.
content highlight: actress rajisha vijayan about aparna balamurali issue