| Friday, 8th January 2021, 4:38 pm

70 വയസ്സാകാറായി എന്നുകരുതി 'ഞാന്‍ പോയി ചാവണം' എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം; സൈബര്‍ സദാചാരവാദികള്‍ക്കെതിരെ രാജിനി ചാണ്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് നേരെ സൈബര്‍ സദാചാരവാദികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി രാജിനി ചാണ്ടി.

താന്‍ എന്ത് ചെയ്യണം എന്നുള്ളത് തന്റെ തീരുമാനമാണെന്നും 70 വയസ്സാകാറായി, എന്നുകരുതി ‘ഞാന്‍ പോയി ചാവണം’ എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമെന്നും രാജിനി ചാണ്ടി മനോരമഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

‘ഇത് സ്വന്തം സന്തോഷത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ഈ കമന്റ് പറയുന്നവര്‍ക്കും അറിയില്ല. ഈ നിമിഷം മാത്രമേ നമ്മുടെ കയ്യില്‍ ഉള്ളൂ. ഉള്ള സമയം സന്തോഷമായി ഇരിക്കുക, എനിക്കെതിരെ മോശം കമന്റ് ചെയ്തവര്‍ക്കു സന്തോഷം കിട്ടുമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ, അവര്‍ക്ക് സന്തോഷിക്കാന്‍ ഞാന്‍ ഒരു കാരണം ആയല്ലോ. മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുന്നിടത്തോളം എനിക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല,’ രാജിനി ചാണ്ടി പറയുന്നു.

എഴുപതു വയസ്സ് ജീവിതത്തിന്റെ അവസാനമാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് തന്റെ അഭിപ്രായമെന്നും ഓരോ മനുഷ്യരുടെയും ജീവിതം അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ സ്‌പേസ് കൊടുക്കണമെന്നുമായിരുന്നു രാജിനിയുടെ മറുപടി.

പുറം രാജ്യങ്ങളില്‍ 60 കഴിഞ്ഞാണ് ചിലര്‍ ജീവിതം ആരംഭിക്കുന്നത്. പ്രായമായവര്‍ മക്കള്‍ക്കും മരുമക്കള്‍ക്കുമായി ആഹാരം പാകം ചെയ്തു വീടിനുള്ളില്‍ മാത്രം ഒതുങ്ങേണ്ടവരല്ല. മക്കള്‍ക്ക് ഉള്ളതുപോലെ മാതാപിതാക്കള്‍ക്കും അവരുടെ ജീവിതം ആഗ്രഹത്തിനനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്യം വേണം.

മോശമായ നിരവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്. ‘ഇതുവരെ ചത്തില്ലേ, പോയി ചത്തുകൂടെ തള്ളേ’ ഇങ്ങനെയൊക്കെ ഉള്ള കമന്റുകള്‍ പറഞ്ഞവരുണ്ട്. പക്ഷേ ഞാന്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്.

എന്റെ ഭര്‍ത്താവിനോ മക്കള്‍ക്കോ ഇല്ലാത്ത വിഷമം മറ്റുള്ളവര്‍ക്കെന്തിനാണ്. എന്റെ മക്കളും കൊച്ചുമക്കളും അടുത്ത ബന്ധത്തിലുള്ള കുട്ടികളും വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. ‘ആന്റി അടിപൊളി ലുക്ക് ആയിട്ടുണ്ട്’ എന്ന് പറഞ്ഞു.

ഫോട്ടോഷൂട്ടിനു ഡ്രസ്സ് കൊണ്ട് വന്നപ്പോള്‍ ഞാന്‍ ആതിരയോട് ചോദിച്ചു ഇത് ധരിച്ചുകൊണ്ട് ഫോട്ടോ എടുത്താല്‍ ഒരുപാട് മോശം അഭിപ്രായം വരില്ലേ എന്ന്. എന്നാല്‍ അവരെ നിരാശപ്പെടുത്താനും വയ്യ, കൊടുത്ത വാക്ക് പാലിക്കുന്ന ഒരാളാണ് ഞാന്‍.

അങ്ങനെ ആ വസ്ത്രം ധരിക്കാന്‍ തന്നെ തീരുമാനിച്ചു. അതില്‍ എനിക്ക് ഒരു തെറ്റും തോന്നിയില്ല. മോശമായിട്ടൊന്നും ഞാന്‍ ചെയ്തിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് എനിക്ക് ബോധ്യമുള്ളടത്തോളം എനിക്ക് തെല്ലും വിഷമമില്ല., രാജിനി ചാണ്ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Rajini Chandy Against Cyberbullying

We use cookies to give you the best possible experience. Learn more