മുകേഷേട്ടന്‍ എറിഞ്ഞത് പാളിപോയിട്ട് ഞാന്‍ ചെന്ന് വീഴുന്നത് വേറെ സ്ഥലത്താണ്; അതിനായി കുറേ ചവിട്ടും തൊഴിയും കൊണ്ട് ആശുപത്രിയിലായി: രാധിക
Entertainment news
മുകേഷേട്ടന്‍ എറിഞ്ഞത് പാളിപോയിട്ട് ഞാന്‍ ചെന്ന് വീഴുന്നത് വേറെ സ്ഥലത്താണ്; അതിനായി കുറേ ചവിട്ടും തൊഴിയും കൊണ്ട് ആശുപത്രിയിലായി: രാധിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th February 2023, 8:01 am

ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന സിനിമയിലെ മരതകം എന്ന കഥാപാത്രമാണ് ക്ലാസ്‌മേറ്റ്‌സിലെ റസിയ കഴിഞ്ഞാല്‍ തനിക്ക് ഇഷ്ടമുള്ള വേഷമെന്ന് രാധിക. ഇന്‍ഗോസ്റ്റ് ഹൗസ് സിനിമ താന്‍ അത്രയും എന്‍ജോയ് ചെയ്ത സെറ്റാണെന്നും അതിലെ അടിയും ചവിട്ടും താന്‍ ശരിക്കും കൊണ്ടുവെന്നും രാധിക പറഞ്ഞു.

ഡ്യൂപ്പിനെ കൊണ്ട് വന്നിട്ടുണ്ടെങ്കിലും തന്നോട് ചെയ്യുമോയെന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചതാണെന്നും രാധിക പറഞ്ഞു. സിനിമയില്‍ മുകേഷ് എടുത്ത് എറിയുന്ന സീനില്‍ താന്‍ ചെന്ന് വീണത് അവര്‍ പറഞ്ഞ സ്ഥലത്ത് അല്ലെന്നും അതിനാല്‍ വലിയ പരിക്ക് പറ്റിയെന്നും രാധിക പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇന്‍ ഗോസ്റ്റ് ഹൗസ് എന്ന സിനിമയിലെ മരതകമാണ് ക്ലാസ്‌മേറ്റ്‌സിലെ റസിയ കഴിഞ്ഞാല്‍ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം. അത് ഞാന്‍ ഒരുപാട് ചവിട്ടും തൊഴിയും ഒക്കെ കൊണ്ട സിനിമയാണ്. അതിനായി ഞാന്‍ ഒരുപാട് എഫേര്‍ട്ട് ഇട്ടിട്ടുണ്ട്.

അതിലെ ഇടിയും ചവിട്ടും ഒക്കെ കൊള്ളാനായിട്ട് ഡ്യൂപ്പിനെ കെണ്ടുവന്നിട്ടുണ്ടായിരുന്നു. പക്ഷെ അതിന്റെ ക്യാമറ ചെയ്ത വേണു ചേട്ടന്‍ പറഞ്ഞു വേണ്ട എന്നോട് തന്നെ ചെയ്‌തോളൂയെന്ന്. അങ്ങനെ ഈ പറഞ്ഞ ഇടിയും ചവിട്ടും ഞാന്‍ തനിയെ മേടിച്ചു.

ഒരു സ്റ്റണ്ട് മാസ്റ്ററോ ഡ്യൂപ്പോ അടി കൊണ്ട് വീഴുന്നത് പോലെ വീഴാന്‍ എനിക്ക് അറിയില്ല. എന്നോട് വീഴാന്‍ പറഞ്ഞാല്‍ ഞാന്‍ വീഴും. വേദന എടുക്കുന്നുണ്ടോയെന്നത് എന്റെ വിഷയമാണ്. ആ സിനിമ കഴിയുമ്പോഴേക്കും രണ്ടാഴ്ച ഞാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. പക്ഷെ സെറ്റ് ഞാന്‍ ഭയങ്കര എന്‍ജോയ് ചെയ്തിരുന്നു.

അതില്‍ മുകേഷേട്ടന്‍ വന്ന് എന്നെ പിടിച്ച് നേരെ എടുത്തിട്ട് എറിയുന്ന ഷോട്ടാണ്. എന്നെ എറിയുമ്പോള്‍ പിടിക്കാനായിട്ട് കുറച്ച് പേര് അവിടെ നില്‍ക്കുന്നുണ്ട്. പക്ഷെ മുകേഷേട്ടന്‍ എന്നെ എറിഞ്ഞത് പാളിപോയിട്ട് ഞാന്‍ ചെന്ന് വീഴുന്നത് വേറെ സ്ഥലത്തേക്കാണ്.

പിന്നെ ഞാന്‍ വീഴുന്ന സൗണ്ടും ഞാന്‍ വീണതിന് ശേഷമുള്ള അയ്യോ എന്ന ശബ്ദവും മാത്രമെ ഞാന്‍ കേട്ടിട്ടുള്ളു. അവിടെ നിന്ന് എഴുന്നേറ്റ് വരല്‍ അതുകൊണ്ട് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഫുള്‍ മുട്ട് ഒക്കെ പൊട്ടി ചോരവന്നു,” രാധിക പറഞ്ഞു.

ആയിഷയാണ് രാധികയുടെ പുതിയ ചിത്രം. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജുവാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജനുവരി 20നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്.

content highlight: actress radhika about in ghost house movie