| Tuesday, 8th November 2022, 3:45 pm

റേപ്പ് ചെയ്യപ്പെടുന്ന സ്ത്രീ ആത്മഹത്യ ചെയ്യുന്നതാണ് മലയാള സിനിമയിലെ പതിവ്, അപ്പന്‍ അതിലൊരു മാറ്റമാണ്: രാധിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മജു സംവിധാനം ചെയ്ത് സോണി ലിവില്‍ റിലീസ് ചെയ്ത സണ്ണി വെയ്ന്‍ ചിത്രമാണ് അപ്പന്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സണ്ണി വെയ്‌നൊപ്പം അലന്‍സിയര്‍, പൗളി വല്‍സന്‍, രാധിക, അനന്യ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഷീല എന്ന കഥാപാത്രത്തെയാണ് രാധിക ചിത്രത്തില്‍ അവതിപ്പിച്ചത്. വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് ഷീല. അപ്പന്‍ സിനിമ മുന്നോട്ട് വെക്കുന്ന ആശയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രാധിക.

റേപ്പ് ചെയ്യപ്പെട്ട സ്ത്രീ ജീവന്‍ നഷ്ടപ്പെടുത്തുന്നതാണ് മിക്ക മലയാള സിനിമകളിലും കാണുന്നതെന്നും എന്നാല്‍ അതില്‍ നിന്നും മാറി അപ്പനില്‍ പറയുന്ന പ്രസക്തമായ ഡയലോഗുകളെക്കുറിച്ച് ഷീല സംസാരിച്ചു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അപ്പന്‍ സിനിമയെക്കുറിച്ച് ഷീല പറഞ്ഞത്.

”ഈ സിനിമ ചര്‍ച്ച ചെയ്യപ്പെടുമെന്ന് എനിക്ക് ആദ്യമേ ധാരണ ഉണ്ടായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ സിനിമ മുന്നോട്ട് വെക്കുന്ന ഒന്ന്, രണ്ട് ആശയങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.

വളരെ പ്രോഗ്രസീവായ ആശയങ്ങള്‍ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. ഒരു കാര്യം, കുരിയാക്കോ ഇട്ടിയെ (സിനിമയിലെ കഥാപാത്രങ്ങള്‍) കൊല്ലാന്‍ വരുമ്പോള്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഒന്ന് കുളിക്കുന്നതിന് പകരം അവള്‍ ഒരു കയറില്‍ തൂങ്ങി എന്നതാണ്.

എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ശിച്ചത് ആ ഒരു ഡയലോഗാണ്. റേപ്പ് എന്ന് പറയുന്നത് ചെറിയ കാര്യമല്ല, എന്നാല്‍ നമ്മളുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ മാത്രം മൂല്യമുള്ളതല്ല. റേപ്പ് സംഭവിക്കുമ്പോള്‍ ജീവന്‍ അവസാനിപ്പിക്കേണ്ട കാര്യമില്ല എന്ന മെസേജ് പറയുന്ന ഒരു സിനിമയാണ് അപ്പന്‍.

മലയാള സിനിമ എടുത്ത് നോക്കിയാല്‍ നമുക്ക് കാണാം റേപ്പ് ചെയ്യപ്പെടുന്ന വ്യക്തി ആത്മഹത്യ ചെയ്യുന്നത്. അതിന്റെ പക തീര്‍ക്കാന്‍ സഹോദരങ്ങള്‍ വരുന്ന ഒരുപാട് സിനിമകളാണ് നമ്മള്‍ കണ്ടത്.

ആ ഘട്ടത്തിലാണ് അവള്‍ ഒന്ന് കുളിക്കുന്നതിന് പകരം ഒരു കയറില്‍ തുങ്ങിയെന്ന് പറയുന്നത്. അതും ഒരു പുരുഷനാണ് പറയുന്നത്. അത്തരത്തിലുള്ള ഡയലോഗുകള്‍ വായിക്കുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു ഈ സിനിമ എന്തായാലും ചര്‍ച്ച ചെയ്യുമെന്ന്. അതുകൊണ്ട് എന്റെ തലയില്‍ വലിയൊരു ഉത്തരവാദിത്തമാണ് ഉള്ളതെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം ബാക്കി എല്ലാവരും ഗ്രേറ്റ് ആര്‍ട്ടിസ്റ്റുകളാണ്.

കയ്യിന്ന് പോകുന്നുണ്ടെങ്കില്‍ അത് എന്റെ മാത്രമാകുമെന്ന ഭയം നന്നായി ഉണ്ടായിരുന്നു. എന്റെ പെര്‍ഫോമന്‍സ് മോശമായി സിനിമയെ അത് ബാധിക്കുമോയെന്ന ഭയം എനിക്ക് നല്ലോണം ഉണ്ടായിരുന്നു. അല്ലാതെ പ്രോസ്റ്റിറ്റിയൂട്ടിന്റെ കഥാപാത്രമാണ് ചെയ്യുന്നതെന്നൊന്നും എന്നെ ബാധിച്ചിട്ടില്ല,” രാധിക പറഞ്ഞു.

content highlight: actress radhika about appan movie

We use cookies to give you the best possible experience. Learn more