സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഗ്രേസ് ആന്റണി, അനന്യ, പൗളി വില്‍സണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്ത ചിത്രമാണ് അപ്പന്‍. കുടുംബപശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും കൃത്യമായ ഷേഡുകളാണ് സംവിധായകന്‍ നല്‍കിയത്. ഓരോ താരങ്ങളും തങ്ങളുടെ ഭാഗങ്ങള്‍ ഗംഭീരമാക്കിയിട്ടുമുണ്ട്.
ചിത്രത്തില്‍ ഷീല എന്ന വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി രാധികയാണ്.
ഷീല അപ്പന്റെ വീട്ടിലേക്ക് വരുന്നത് മുതല്‍ ചിത്രം മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നുണ്ട്. ഷീലയിലൂടെയാണ് കഥയുടെ അവസാനവും. കഥാപാത്രത്തിന്റെ നോട്ടത്തിലും ലുക്കിലും ആളുകളിലേക്ക് ഇടപഴകുന്നതിലുമൊക്കെ വ്യത്യസ്ത കൊണ്ടുവരാന്‍ രാധിക ശ്രമിച്ചിരുന്നു.
അപ്പനിലേക്ക് എത്തുന്നതിന് മുന്‍പ് സംവിധായകന്‍ മജു തനിക്ക് തന്ന ചില ബ്രീഫിങ്ങിനെ കുറിച്ച് പറയുകയാണ് രാധിക. ഒരു ബ്രീഫല്ല, ഓരോ ടേക്കെടുക്കുന്നതിന്റെ മുന്‍പും താന്‍ മജുവിന്റെ അടുത്ത് പോയി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ചോദിക്കുമായിരുന്നെന്നും അദ്ദേഹം അത് അഭിനയിച്ചു കാണിച്ചു തരുമായിരുന്നു എന്നുമാണ് രാധിക പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
‘ സ്‌ക്രിപ്റ്റ് ഞാന്‍ ആദ്യം മനപാഠമാക്കും. പിന്നീട് മജു ചേട്ടന്റെ അടുത്ത് പോയി എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്ന് ചോദിക്കും. അദ്ദേഹം അത് കാണിച്ചുതരും. ഞാന്‍ അതേ പടി ഇമിറ്റേറ്റ് ചെയ്ത് വെക്കുകയാണ് ചെയ്തത്. ഒരു പോയിന്റില്‍ ഞാന്‍ എപ്പോഴും കണ്‍ഫ്യൂസ്ഡ് ആയ കാര്യമുണ്ട്. ഷീല എന്ന ക്യാരക്ടര്‍ മനസിലൊന്നും പുറമെ വേറൊന്നുമാണ് കാണിക്കുന്നത്. മനസിലൊന്ന് വെച്ച് പുറമെ വേറൊന്ന് അഭിനയിക്കുന്നത് എങ്ങനാണെന്ന് അറിയില്ലായിരുന്നു. അത് വലിയ ബുദ്ധിമുട്ടായിരുന്നു,’ എന്ന് രാധിക പറഞ്ഞപ്പോള്‍ ‘ഏയ് ഒരിക്കലുമില്ല, ഭയങ്കര എളുപ്പമല്ലേ, പെണ്ണുങ്ങള്‍ക്ക് ഈസിയായി പറ്റുന്ന കാര്യമല്ലേ എന്നായിരുന്നു അലന്‍സിയറിന്റെ മറുപടി.
മനസില്‍ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കുന്ന രീതിയില്‍ അഭിനയിക്കാന്‍ തനിക്ക് പാടായിരുന്നെന്നും മജു ചേട്ടന്‍ തന്നെയാണ് സഹായിച്ചതെന്നും തുടര്‍ന്ന് രാധിക പറഞ്ഞു.
ഓരോ സീനിന് മുന്‍പും എന്തുെകാണ്ടാണ് അവര്‍ ഇങ്ങനെ റിയാക്ട് ചെയ്യുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു തരുമായിരുന്നു. പണ്ട് ചെയ്ത കാര്യങ്ങള്‍ ഉള്‍പ്പെടെ. അത്തരത്തില്‍ വലിയ ഇന്‍പുട്ട്‌സ് തന്നിരുന്നു. അത് നമുക്ക് ഫീല്‍ ചെയ്യും. ഉള്ളില്‍ ഇങ്ങനെ ആവണം. അത് പുറത്ത് കാണിക്കരുത് എന്ന് മനസിലാകും. മജുചേട്ടന്റെ മോഡുലേഷന്‍ എന്റെ സൗണ്ടില്‍ ഡെലിവര്‍ ചെയ്യുകയായിരുന്നു ശരിക്കും ഞാന്‍. ബോഡി ലാംഗ്വേജ് അടക്കം അദ്ദേഹം കാണിച്ചു തരുമായിരുന്നു.
ഷീല കരയില്ല. റിയല്‍ ലൈഫില്‍ അങ്ങനെ ചില സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ കുറിച്ച് നമ്മളോട് സംസാരിക്കുമ്പോഴും അവര്‍ കരയില്ല. അവരുടെ കാര്യങ്ങള്‍ കഥ പറയുമ്പോലെ പറയും. അങ്ങനെയുള്ളവരെ കാണുമ്പോള്‍ എങ്ങനെ ഇവര്‍ക്ക് സ്‌ട്രോങ് ആയി ഇരിക്കാന്‍ കഴിയുന്നുവെന്ന് തോന്നിയിട്ടുണ്ട്. അത്തരത്തില്‍ ചിലരെ ഞാന്‍ ഒബ്‌സര്‍വ് ചെയ്തിരുന്നു, രാധിക പറയുന്നു.
Content Highlight: Actress radhika about Appan character Sheela