| Monday, 4th September 2023, 5:49 pm

ഉന്മൂലനം അല്ല, സനാതന ധര്‍മത്തെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള സമയം: രചന നാരായണന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരവുമായി നടി രചന നാരായണന്‍കുട്ടി. പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല സനാതന ധര്‍മമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അവര്‍ പറഞ്ഞു.

സനാതന ധര്‍മം ഉന്മൂലനം ചെയ്യാന്‍ അല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്നും അവര്‍ പറഞ്ഞു.

‘സനാതന ധര്‍മത്തിന്റെ സ്വഭാവം എന്നത് തന്നെ ‘നിങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിപ്പിക്കുക’ എന്നതാണ്, നിങ്ങള്‍ക്ക് മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍ നല്‍കാനല്ല. മറിച്ചു, ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തില്‍ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്!,’ രചന നാരായണന്‍കുട്ടി പറഞ്ഞു.

അതേസമയം, വംശഹത്യയല്ലെ താനുദ്ദേശിച്ചതെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് ബാലിശമാണെന്നാണ് വിഷയത്തില്‍ ഉദയനിധിയുടെ വിശദീകരണം.

‘കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് മോദി പറയുന്നതിനര്‍ഥം കോണ്‍ഗ്രസുകാരെയെല്ലാം കൊന്ന് തീര്‍ക്കണമെന്നാണോ, അല്ലല്ലോ. സനാതന ധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന എന്റെ പ്രസ്താവനയും അങ്ങനെ തന്നെയേയുള്ളൂ.

സനാതന ധര്‍മക്കാരെ കൊല്ലണമെന്നല്ല, സനാതനധര്‍മ്മം എന്ന തെറ്റായ ഐഡിയോളജിയെ ഇല്ലാതാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്,’ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

രചന നാരായണന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരുപം

സനാതന ധര്‍മം! പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റുന്ന ഒന്നാണോ ഇത്?

മനുഷ്യരാശിയുടെ ചരിത്രത്തില്‍ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവര്‍ക്കും വേണ്ടി ചിന്തിക്കുന്ന ‘ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യന്‍’ എന്നത് എപ്പോഴേ മാറി(ചില കൂപമണ്ഡൂകങ്ങള്‍ ഒഴികെ). എല്ലാവരും അവരവരുടെ വഴികളില്‍ ചിന്തിക്കാന്‍ പ്രാപ്തരായി.

സ്വര്‍ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങള്‍ ജനം ആഗ്രഹിക്കുന്നു. നമ്മള്‍ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, ‘ഞാന്‍-എന്ത്-പറയുന്നു-അത് -നിങ്ങള്‍-വിശ്വസിക്കണം-അല്ലെങ്കില്‍-നിങ്ങള്‍-മരിക്കും’ എന്ന പഴയ നയം ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല.

അതിനാല്‍, സനാതന ധര്‍മം ഉന്മൂലനം ചെയ്യാന്‍ അല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത്! കാരണം, സനാതന ധര്‍മ്മത്തിന്റെ സ്വഭാവം എന്നത് തന്നെ ‘നിങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിപ്പിക്കുക’ എന്നതാണ്, നിങ്ങള്‍ക്ക് മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍ നല്‍കാനല്ല. മറിച്ചു, ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തില്‍ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്!

സനാതന ധര്‍മം വളരെ subjective ആയ ഒന്നാണ്. അവിടെ, ഇതാണ് ‘നമ്മുടെ’ വഴി എന്നൊന്നില്ല. ‘നമ്മുക്ക്’ അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! ‘എന്താണോ ഉള്ളത് അത്’ – അതാണ് സനാതനം! നമ്മള്‍ ചെയ്തത് ഇത്ര മാത്രമാണ് – ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കില്‍, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. എന്നാല്‍ ‘this is it’ എന്നു നമ്മള്‍ പറയുന്നേയില്ല കാരണം ചോദ്യങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും, കൂടിക്കൊണ്ടേയിരിക്കണം! ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് ഉള്ളിലുള്ള………..(പൂരിപ്പിക്കുന്നില്ല)
NB : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങള്‍ മാത്രമേ തെറ്റാകൂ!

Content Highlight: Actress Rachana Narayanankutty reacts to Tamil Nadu Minister Udayanidhi Stalin’s comment on Sanatana Dharma

We use cookies to give you the best possible experience. Learn more