| Thursday, 7th October 2021, 2:37 pm

അത് ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ. എനിക്ക് ഒരു കുഴപ്പവുമില്ല; ട്രോളുകളെക്കുറിച്ച് രചന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ സഹനടിയായും നായികയായുമൊക്കെ ശ്രദ്ധിക്കപ്പെട്ട താരമാണ് രചന നാരായണന്‍കുട്ടി. നര്‍ത്തകിയും അവതാരകയും കൂടിയായ രചന ഒരു സ്വകാര്യ ടി.വി ചാനലിലെ സീരീസ് വഴിയാണ് അഭിനേത്രിയായി ശ്രദ്ധിക്കപ്പെട്ടത്.

ഒരുപാട് ട്രോളുകള്‍ താരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ ട്രോളുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രചന.
ട്രോളുകള്‍ ശ്രദ്ധിക്കാറുണ്ടോ, അത് പരിധി കടക്കുന്നതായി തോന്നാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് രചന പ്രതികരിച്ചത്.

ട്രോളുകളെ താന്‍ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ല എന്നുമാണ് രചന പറഞ്ഞത്.

”ആദ്യമൊക്കെ ചില ട്രോളുകള്‍ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ ‘ട്രോള്‍’ എന്ന പേരില്‍ തന്നെ ഉണ്ടല്ലോ. അത് ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്യുന്നതാണ്. അപ്പൊ അത് ചെയ്യുന്നവര്‍ക്കും കാണുന്നവര്‍ക്കും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ. എനിക്ക് ഒരു കുഴപ്പവുമില്ല.

അത് എന്നെ ബാധിച്ചിട്ടൊന്നുമില്ല. ചിലത് നല്ല രസമാണ്, നന്നായി എഡിറ്റ് ചെയ്ത് പുറത്തിറക്കുമ്പൊ ആലോചിക്കും, ഇതിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമല്ലോ എന്ന്. അപ്പൊ നമ്മളും അത് ആസ്വദിക്കും. അതിനെ വലിയ സംഭവമായി ഒന്നും കാണാറില്ല,” രചന പറഞ്ഞു.

ആമേന്‍ എന്ന സിനിമയില്‍ രചന അവതരിപ്പിച്ച ഫഹദ് ഫാസിലിന്റെ സഹോദരി ക്ലാരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിലെ ക്ലാര പറയുന്ന ‘പോ കോഴി’ എന്ന ഡയലോഗ് വൈറലായിരുന്നു.

ഇതിനെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ ജീവിതത്തില്‍ അങ്ങനെ പറയേണ്ട അവസരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ആര്‍.ജെ ആയി ജോലി ചെയ്യുന്ന സമയത്ത് ഒരാളെ തല്ലിയിട്ടുണ്ടെന്നും രചന അഭിമുഖത്തില്‍ പറഞ്ഞു.

രാവിലെ നേരത്തേ ജോലിക്ക് പോകുന്ന സമയത്ത് ഒരു ദിവസം ബസില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ മോശമായി പെരുമാറിയ ആളെ അടിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.

”നമ്മള്‍ ഇങ്ങനെയൊക്കെ ചെയ്താലും പെട്ടെന്ന് ആ ഒരു സമയത്ത് ഷോക്ക് ആവും. പിന്നെ ‘എന്താണ് ആള്‍ക്കാര്‍ ഇങ്ങനെ’ എന്ന ചിന്ത വരും,” രചന കൂട്ടിച്ചേര്‍ത്തു.

തന്റെ യുട്യൂബ് ചാനല്‍ വഴി ഡാന്‍സ് വീഡിയോകള്‍ പങ്കുവെക്കാറുമുണ്ട് താരം. എന്നാല്‍ സമൂഹമാധ്യമ അക്കൗണ്ടുകളോട് തനിക്ക് ഭ്രമമൊന്നും ഇല്ലെന്നും തുടര്‍ച്ചയായി കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യാറില്ലെന്നും താരം പറഞ്ഞു.

2001ല്‍ തീര്‍ഥാടനം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ രചന കാന്താരി, തിലോത്തമ, ലക്കി സ്റ്റാര്‍ എന്നീ ചിത്രങ്ങളില്‍ നായികയായും അഭിനയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Rachana Narayanankutty talks about trolls

We use cookies to give you the best possible experience. Learn more