ചെന്നൈ: മലയാളി സിനിമാപ്രേമികള്‍ക്ക് അത്ര പരിചയമുള്ള പേരായിരിക്കില്ല നടി രചനയെന്നത്. എന്നാല്‍ മിനിയെന്ന് കേട്ടാല്‍ ഒരുപക്ഷെ ചിലര്‍ക്കെങ്കിലും അറിയുമായിരിക്കും. അതുമല്ലെങ്കില്‍ തമിഴ് സിനിമ ശ്രദ്ധിക്കുന്നവര്‍ക്ക് ശിവകാമി എന്ന പേരും സുപരിചിതമായിരിക്കും.
നടന്‍ നെപ്പോളിയന്റെ ആദ്യ സിനിമയായ പുതു നെല്ല് പുതു നാത്തിലെ ശിവകാമി എന്ന കഥാപാത്രമാണ് രചനയ്ക്ക് ഈ പേര് സമ്മാനിച്ചത്. നെപ്പോളിയന്റെ ആദ്യചിത്രം കൂടിയായിരുന്നു അത്.
മലയാളത്തില്‍ മുക്തി, അയ്യര്‍ ദി ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട രചന പക്ഷെ പിന്നീട് അധികം മലയാള സിനിമ ചെയ്തിരുന്നില്ല. വി.ഐ.പി എന്ന സിനിമയാണ് രചനയുടെ മൂന്നാമത്തേയും അവസാനത്തേയും മലയാള ചിത്രം.
പിന്നീട് മലയാള സിനിമയില്‍ അഭിനയിക്കാന്‍ പേടിയായിരുന്നെന്ന് പറയുകയാണ് മാതൃഭൂമി ഡോട്ട് കോമിനോട് രചന.
‘വി.ഐ.പിയില്‍ ശ്രീരാമന്‍, ശ്രീനാഥ് എന്നിവരായിരുന്നു നായകന്‍മാര്‍. ആ സിനിമ അഭിനയിച്ച് തീര്‍ത്തുപുറത്ത് വന്നപ്പോള്‍ അടിമുടി മാറി. ഞാന്‍ ഉദ്ദേശിച്ചപോലൊരു സിനിമയായിരുന്നില്ല. എ സര്‍ട്ടിഫിക്കേഷന്‍ ആയിരുന്നുവെന്ന് തോന്നുന്നു,’ രചന പറയുന്നു.
പിന്നീട് മലയാളത്തില്‍ നിന്ന് മറ്റു അവസരങ്ങള്‍ വന്നെങ്കിലും അഭിനയിക്കാന്‍ തോന്നിയില്ലെന്നും രചന കൂട്ടിച്ചേര്‍ത്തു.