| Sunday, 24th April 2022, 10:07 am

മൊത്തം പട്ടിണിയും ദാരിദ്യവുമുള്ള ഒരു ദയനീയ ലുക്ക് എന്ന് പറഞ്ഞാല്‍ അത് പ്രിയങ്കയിലേക്ക് പോവുന്ന അവസ്ഥയായി; ഞാന്‍ അറിയാതെ ആ ട്രാക്കില്‍ വീണു: പ്രിയങ്ക നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ട അഭിനേത്രിയാണ് പ്രിയങ്ക നായര്‍. തമിഴ് ചിത്രം വെയിലിലൂടെ 2006ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പ്രിയങ്ക 2008ല്‍ പുറത്തിറങ്ങിയ ടി.വി. ചന്ദ്രന്‍ ചിത്രം ‘വിലാപങ്ങള്‍ക്കപ്പുറ’ത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

എന്നാല്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം തനിക്ക് അത്തരത്തിലുള്ള റോളുകള്‍ മാത്രമാണ് വീണ്ടും വീണ്ടും ലഭിച്ചതെന്നും താന്‍ കാറ്റഗറൈസ് ചെയ്യപ്പെടുന്നത് പോലെ തോന്നിയെന്നും പറയുകയാണ് പ്രിയങ്ക.

തന്റെ പുതിയ ചിത്രമായ അന്താക്ഷരിയുടെ പ്രൊമോഷന്റെ ഭാഗമായി മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

”സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതിന് ശേഷം പിന്നെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഒരുപാട് വന്നിട്ടുണ്ടായിരുന്നു. പെര്‍ഫോമന്‍സ് ഓറിയന്റഡായ, ഫീമെയില്‍ ഓറിയന്റഡായ നിറയെ റോള്‍സ്.

പക്ഷെ, പലപ്പോഴും എന്നെ വല്ലാതെ കാറ്റഗറൈസ് ചെയ്യപ്പെടുത്തുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ ഴോനര്‍ വിട്ട് എനിക്ക് വെളിയില്‍ വരാന്‍ പറ്റുന്നില്ല, ഒരു ടിപ്പിക്കല്‍.

മൊത്തം പട്ടിണിയും ദാരിദ്യവും എന്ന് പറഞ്ഞ് കഴിഞ്ഞാല്‍, ആ ദയനീയ ലുക്ക് എന്ന് പറഞ്ഞാല്‍ അത് പ്രിയങ്കയിലേക്ക് പോവുന്ന അവസ്ഥയാണ് എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. പക്ഷെ, ചെയ്തതെല്ലാം അത്തരത്തിലുള്ളതാണെങ്കിലും അതെല്ലാം പെര്‍ഫോമന്‍സ് ഓറിയന്റഡ് റോള്‍സ് ആയതുകൊണ്ട് എനിക്ക് അവിടെ പരാതി പറയാന്‍ പറ്റില്ല.

ഒരു സമയം കഴിഞ്ഞപ്പോഴേക്കും അത്തരത്തിലുള്ള റോളുകള്‍ എനിക്ക് മടുത്ത് തുടങ്ങിയിരുന്നു. അവിടെ നിന്ന് ഒന്ന് മാറി സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു.

അവാര്‍ഡ് തീര്‍ച്ചയായും വലിയ അംഗീകാരമാണ്. നമ്മള്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു എന്നതിന്റെ ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ് അത്. അത് ടി.വി. ചന്ദ്രന്‍ സാറിന്റെ പടമാണ് എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം.

പക്ഷെ, പിന്നെ അത്തരത്തിലുള്ള റോളുകള്‍ ഒരുപാട് വന്നപ്പോഴേക്കും ഞാന്‍ പോലും അറിയാതെ അങ്ങനെ ഒരു ട്രാക്കിലേക്ക് ഞാന്‍ വഴുതി വീണിട്ടുണ്ട്. പല സിനിമകളും അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുത്തിയിട്ടുണ്ട്,” പ്രിയങ്ക നായര്‍.

സൈജു കുറുപ്പാണ് അന്താക്ഷരിയില്‍ നായകനായെത്തുന്നത്. സൈജുവിന്റെ കഥാപാത്രത്തിന്റെ ഭാര്യയായ നഴ്‌സായാണ് പ്രിയങ്ക ചിത്രത്തില്‍ എത്തുന്നത്.

മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാന്‍, പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം കടുവ എന്നിവയിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്.

Content Highlight: Actress Priyanka Nair about her roles

We use cookies to give you the best possible experience. Learn more