കന്നഡ സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയങ്ക മോഹൻ. ഗാങ് ലീഡർ, ശിവ കാർത്തികേയൻ നായകനായ ഡോക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടാൻ പ്രിയങ്കക്ക് കഴിഞ്ഞിട്ടുണ്ട്. നാനി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം സരിപോധ ശനിവാരം എന്ന സിനിമയാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം.
മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക. തനിക്ക് മലയാളത്തിൽ അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടെന്നും ഇവിടുത്തെ സിനിമകൾ വളരെ മികച്ചതാണെന്നും പ്രിയങ്ക പറയുന്നു.
മുമ്പ് നിവിൻ പോളിയുടെ നായികയായി ഒരു സിനിമ വന്നിരുന്നുവെന്നും ഒരു റൊമാന്റിക് ചിത്രമായ അതിന്റെ ഷൂട്ട് പിന്നീട് മുടങ്ങിപ്പോയെന്നും പ്രിയങ്ക പറയുന്നു. മലയാളത്തിലെ തന്റെ ആദ്യ ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് റെഡ്.എഫ്. എമ്മിനോട് പ്രിയങ്ക പറഞ്ഞു.
‘എനിക്കൊരു മലയാള സിനിമ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. മലയാളത്തിലെ സിനിമകൾ എനിക്കൊരുപാട് ഇഷ്ടമാണ്. സത്യത്തിൽ എന്റെ ആദ്യത്തെ മലയാള സിനിമയ്‌ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.
മലയാളത്തിൽ നിന്ന് എനിക്കൊരു സിനിമ വന്നിരുന്നു. നിവിൻ പോളി സാറിനൊപ്പമായിരുന്നു അത്. അത് നല്ല രസമുള്ള ഒരു ലൗ സ്റ്റോറിയാണ്. പക്ഷെ ആ സിനിമ സംഭവിച്ചില്ല. കാരണം ഷൂട്ടിന് മുമ്പ് തന്നെ അവർ ആ സിനിമ ഉപേക്ഷിച്ചു.
എനിക്കതൊരു നഷ്ടമായിരുന്നു. അതിന്റെ ഷൂട്ട് വീണ്ടും തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. മലയാളത്തിൽ നല്ലൊരു സിനിമ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.
എത്ര മനോഹരമായാണ് ഇവിടെ ഓരോ സിനിമകൾ ചെയ്യുന്നത്. മേക്കിങ് ആണെങ്കിലും കഥ പറയുന്ന രീതിയാണെങ്കിലും വളരെ സിമ്പിളും ബ്രില്യന്റുമാണ്,’പ്രിയങ്ക മോഹൻ പറയുന്നു.
Content Highlight: Actress Priyanka Mohan Talk About A Movie With Nivin Pauly