തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ ദല്ലാള്‍ നന്ദകുമാറാണെന്ന് നടി പ്രിയങ്കയുടെ മൊഴി. തെരഞ്ഞെടുപ്പ് ചെലവിനായി ലക്ഷങ്ങള്‍ നന്ദകുമാര്‍ നല്‍കിയെന്നും പ്രിയങ്ക പൊലീസിനോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ദിവസത്തെ ഇ.എം.സി.സി ബോംബാക്രമണ കേസിലാണ് പ്രിയങ്കയെ ചോദ്യം ചെയ്തത്.
നന്ദകുമാറാണ് ഷിജുവര്‍ഗ്ഗീസിനെ പരിചയപ്പെടുത്തി തന്നതെന്ന് പ്രിയങ്ക പറഞ്ഞു. മന്ത്രി മേഴ്‌സിക്കുട്ടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.
ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
‘ഷിജു എം. വര്‍ഗ്ഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. വാര്‍ത്തയിലൂടെയാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്. നന്ദകുമാര്‍ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി,’ പ്രിയങ്ക പറഞ്ഞു.
നന്ദകുമാറിന്റെ സഹായി ജയകുമാര്‍ വഴിയാണ് തെരഞ്ഞെടുപ്പിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കിയത്. ജയകുമാര്‍ അയാളുടെ അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍ പേയിലൂടെ 150000 ലക്ഷം രൂപ എസ്.ബി.ഐ വെണ്ണല ബ്രാഞ്ചിലേക്ക് നല്‍കി.
ബാക്കി നാല് ലക്ഷം രൂപയോളം നേരിട്ട് തന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ഏഴ് ലക്ഷം രൂപ ചെലവായെന്നും അവര്‍ പറഞ്ഞു.
കുണ്ടറയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയ്‌ക്കെതിരെ ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ.എം.സി.സി ഡയറക്ടര്‍ ഷിജു എം. വര്‍ഗീസ്. പ്രിയങ്കയും ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്.
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനിയാണ് ഇ.എം.സി.സി. ഈ ധാരണാപത്രം റദ്ദാക്കിയതോടെ കമ്പനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനകളുമാണു വോട്ടെടുപ്പ് ദിവസം അവര്‍ക്കെതിരായ നീക്കത്തിനു ഷിജുവിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാറിനുനേരെ ആക്രമണം നടന്ന സംഭവത്തിന് പിന്നില്‍ ഷിജു വര്‍ഗീസും നന്ദകുമാറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.