തനിക്ക് നായകനൊപ്പം തുല്യ പ്രതിഫലം ലഭിക്കുന്നത് ഇപ്പോഴാണെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ആമസോണ്‍ സ്റ്റുഡിയോസ് മേധാവി ജെന്നിഫര്‍ സാല്‍കെയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് പ്രിയങ്ക ചോപ്ര ഇക്കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചത്.
റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളാകുന്ന ആമസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡലില്‍ പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തുന്നുണ്ട്. സീരീസിന്റെ ട്രെയ്‌ലര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. 22 വര്‍ഷത്തിനിടയില്‍ ഈ വെബ്‌സീരീസില്‍ അഭിനയിച്ചപ്പോള്‍ മാത്രമാണ് തനിക്ക് നായകനൊപ്പം തുല്യ വേതനം ലഭിച്ചതെന്നാണ് പ്രിയങ്ക പറയുന്നത്.
ഇത് താന്‍ തുറന്ന് പറയുന്നത് വഴി നിരവധി പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും എന്നാലും താന്‍ തുറന്ന് പറയുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു. ആമസോണിന്റെ തലപ്പത്ത് ഒരു സ്ത്രീയായത് കൊണ്ട് മാത്രമാണ് ഇത് സംഭവിച്ചതെന്നും അല്ലെങ്കില്‍ ഇതൊന്നും നടക്കില്ലെന്നും താരം പറഞ്ഞു.
‘ഇത് പറയുന്നത് കൊണ്ട് ഞാന്‍ കുഴപ്പത്തിലായേക്കാം. എങ്കിലും ഇത് പറയുക തന്നെ വേണം. കഴിഞ്ഞ 22 വര്‍ഷമായി ഞാന്‍ അഭിനയ രംഗത്തുണ്ട്. ഏകദേശം 70ലധികം സിനിമകളിലും രണ്ട് ടി.വി ഷോകളിലും ഞാന്‍ പങ്കാളിയായിട്ടുണ്ട്. എന്നാല്‍ സിറ്റഡല്‍ ചെയ്തപ്പോള്‍ മാത്രമാണ് എനിക്ക് ആദ്യമായി നായകനൊപ്പം തുല്യവേതനം ലഭിക്കുന്നത്.
നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു എന്നുപറഞ്ഞാണ് ആമസോണ്‍ സ്റ്റുഡിയോ എനിക്ക് ആ പ്രതിഫലം നല്‍കിയത്. ആ തീരുമാനത്തിലേക്ക് എത്തിയത് ലളിതമായ ഒരു കാര്യമല്ല. ആമസോണിന്റെ തലപ്പത്ത് ഒരു സ്ത്രീയായത് കൊണ്ട് മാത്രമാണ് ഇത് സംഭവിച്ചത്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ നടക്കുമോ,’ പ്രിയങ്ക ചോപ്ര ചോദിച്ചു.
content highlight: actress priyanka chopra talks about equal remunaration in cinema