Entertainment news
ഇദ്ദേഹത്തെക്കുറിച്ച് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ 'വല്യേട്ടന്‍'; സംസാരിക്കുമ്പോഴും വഴക്ക് പറയുമ്പോഴുമൊക്കെ നമുക്കത് ഫീല്‍ ചെയ്യും: പ്രിയങ്ക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 26, 06:35 am
Thursday, 26th May 2022, 12:05 pm

സുരേഷ് ഗോപിയോടൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക നായര്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍, കൂടെ അഭിനയിച്ച താരങ്ങളെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കവേയാണ് സുരേഷ് ഗോപിയെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്.

സുരേഷ് ഗോപി എന്ന് പറയുമ്പോഴുള്ള അനുഭവമെന്താണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം.

”വല്യേട്ടന്‍. ഞാന്‍ ആദ്യമായി ജീവിതത്തില്‍ കാണുന്ന സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഏട്ടനാണ്. ബാലതരംഗവുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ക്കൊക്കെ സുരേഷേട്ടന്‍ വന്നിരുന്നു. സുരേഷേട്ടന്റെ വീട്ടിലൊക്കെ നമ്മള്‍ പോയിട്ടുണ്ട്.

ഇതൊക്കെ സിനിമയില്‍ വരുന്നതിന് മുന്നെയാണ്. ഞാന്‍ എന്റെ പ്ലസ്ടു, ഡിഗ്രി ഒക്കെ പഠിക്കുന്ന സമയത്താണ്. പക്ഷെ, നമ്മള്‍ കാണുന്നത്, അടുത്ത് ഇടപെഴകുന്നതൊക്കെ ഇത്രയും വലിയ ആളോടാണെന്ന് അന്ന് ശരിക്കും അറിയില്ലായിരുന്നു. ഒരു നടനേക്കാളുപരി അദ്ദേഹം ഇത്രയും വലിയ വ്യക്തിത്വമാണെന്ന് തിരിച്ചറിഞ്ഞില്ല, അന്ന് തീരെ ചെറുതല്ലേ.

അതിന് ശേഷം എന്റെ ആദ്യത്തെ മലയാള സിനിമ സുരേഷേട്ടനോടൊപ്പമാണ്. കിച്ചാമണി എം.ബി.എ എന്ന സിനിമ. അതൊക്കെ എനിക്ക് ഭയങ്കര സന്തോഷമാണ്.

ഇപ്പോഴും സുരേഷേട്ടന് ഭയങ്കര സ്‌നേഹമാണ്. സുരേഷേട്ടന്‍ നമ്മളോട് സംസാരിക്കുമ്പോഴും വഴക്ക് പറയുമ്പോഴുമൊക്കെ നമുക്കത് ഫീല്‍ ചെയ്യും. ഒരു വല്യേട്ടന്‍ ഫീലാണ്.

വഴക്ക് പറയാനുള്ളത് നമ്മള്‍ തന്നെ കൊണ്ടുകൊടുക്കും, എന്റെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാകും,” പ്രിയങ്ക പറഞ്ഞു.

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 12th മാന്‍ ആണ് പ്രിയങ്കയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്ത സിനിമയില്‍ ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, അനു സിത്താര, ശിവദ, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, അനുശ്രീ, അതിഥി രവി, രാഹുല്‍ മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

അതിന് തൊട്ടുമുമ്പായി സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തിയ ത്രില്ലര്‍ ചിത്രം അന്താക്ഷരിയിലും പ്രിയങ്ക നായികയായെത്തിയിരുന്നു. സോണി ലിവിലായിരുന്നു അന്താക്ഷരി റിലീസ് ചെയ്തത്.

Content Highlight: Actress Priyanka about her experience with Suresh Gopi