| Friday, 30th June 2023, 12:30 pm

പരിധി വിട്ടു, ഞങ്ങളുടെ വിവാഹം ലവ് ജിഹാദാണെന്ന് പറഞ്ഞു: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹ സമയത്ത് തനിക്കും പങ്കാളിക്കും എതിരെ വന്ന അധിക്ഷേപങ്ങളെ പറ്റി സംസാരിക്കുകയാണ് നടി പ്രിയാമണി. മതത്തിന് പുറത്തുള്ള വ്യക്തിയെ എന്തിനാണ് കല്യാണം കഴിച്ചതെന്നും ഇത് ലവ് ജിഹാദാണെന്നും ആളുകള്‍ പറഞ്ഞുവെന്ന് പ്രിയാമണി പറഞ്ഞു. സ്‌നേഹിക്കുന്ന ആളെയാണ് താന്‍ വിവാഹം ചെയ്തതെന്നും അദ്ദേഹം മറ്റൊരു ജാതിയിലോ മതത്തിലോ പെട്ട ആളാണെങ്കില്‍ എന്താണ് പ്രശ്‌നമെന്നും ഗുള്‍ട്ടി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞു.

‘ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായത്. മതത്തിന് പുറത്തുള്ള വ്യക്തിയെ എന്തിന് കല്യാണം കഴിക്കുന്നു എന്ന് ചിലര്‍ ചോദിച്ചു. ജിഹാദിലൂടെയാണ് നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുന്നത്, ഇത് ലവ് ജിഹാദാണ് എന്നൊക്കെ പറഞ്ഞു. അത് പരിധി കഴിഞ്ഞും പോയി.

സ്‌നേഹിക്കുന്ന ആളെയാണ് ഞാന്‍ വിവാഹം കഴിച്ചത്. സിംഗിളായിരിക്കുകയാണെങ്കില്‍ ദേവതയാണ്, മറ്റേതാണ് മറിച്ചേതാണെന്ന് പറയും. എന്നാല്‍ ഒരു പെണ്‍കുട്ടി കല്യാണം കഴിക്കാന്‍ പോവുകയാണെങ്കില്‍ ഇതെല്ലാം മാറും. അദ്ദേഹം വേറെ ജാതിയിലോ മതത്തിലോ പെട്ട ആളാണെങ്കില്‍ നിങ്ങള്‍ക്കെന്താണ്? അതിലെന്താണ് തെറ്റ്. എല്ലാം മുസ്‌ലിങ്ങളും ഐസിസ് അല്ല. ലവ് ജിഹാദോ? എന്ത് വിവരക്കേടാണ്. വളരൂ, നമ്മള്‍ ആധുനിക സമൂഹത്തിലാണ് ജീവിക്കുന്നത്.

ഹിന്ദുക്കളും മുസല്‍മാനും സിഖുകാരും സഹോദരങ്ങളാണെന്ന് എന്തിനാണ് പിന്നെ പറയുന്നത്. ഒരു വിഭാഗം ഇങ്ങനെ പറയുമ്പോള്‍ മറ്റൊരു വിഭാഗം നീ ഹിന്ദുവാണ് മുസ്‌ലിമാണ് എന്ന് പറയുന്നു. എന്തൊരു വിവരക്കേടാണ്?

എന്റെ ജീവിതത്തില് നിങ്ങള്‍ സന്തോഷിക്കുന്നുണ്ടെങ്കില്‍ സന്തോഷിക്കൂ. അതല്ല നിങ്ങള്‍ അതില്‍ സന്തോഷിക്കുന്നില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. അത് നിങ്ങളുടെ അഭിപ്രായമാണ്, അവരെ പിടിച്ചിരുത്തി എനിക്ക് വേണ്ടി ഇയാളെ അംഗീകരിക്കൂ എന്ന് ഞാന്‍ പറയില്ല. ഇത് എന്റെ ജീവിതമാണ്. എനിക്ക് ഇഷ്ടപ്പെട്ട ആളോടൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്.

നാളെ ഞാന്‍ ചിലപ്പോള്‍ മറ്റൊരാളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് പറയും. അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യും. ഒരു ഉദാഹരണം പറഞ്ഞതാണ്. അല്ലാതെ ഞാന്‍ അങ്ങനെ ചെയ്യാന്‍ പോവുകയല്ല,’ പ്രിയാമണി പറഞ്ഞു.

Content Highlight: Actress Priyamani talks about the abuses she and her partner received during the wedding

We use cookies to give you the best possible experience. Learn more