തന്റെ പേര് പ്രിയ വാസുദേവ് മണി അയ്യർ എന്നല്ലെന്ന് നടി പ്രിയാമണി. വാസുദേവൻ തന്റെ അച്ഛന്റെ പേരാണെന്നും അയ്യർ തന്റെ ജാതിയാണെന്നും അത് വിക്കിപീഡിയയിൽ അങ്ങനെ ആയിപ്പോയതാണെന്നും താരം പറഞ്ഞു. കാൻ ചാനെൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയാമണി.
‘എന്റെ പേര് പ്രിയാമണിയാണ്. പ്രിയ വാസുദേവ് മണി അയ്യർ എന്നല്ല. വാസുദേവൻ എന്നത് എന്റെ അച്ഛന്റെ പേരാണ്. അയ്യർ എന്നത് ഞങ്ങളുടെ ജാതിയാണ്. അത് വിക്കിപീഡിയയിൽ അങ്ങനെ ആയിപ്പോയി,’ പ്രിയാമണി പറഞ്ഞു.
പാർവതി എന്നൊരു പേരുകൂടിയില്ലേ എന്ന ചോദ്യത്തിന് അത് തന്റെ അമ്മൂമ്മയുടെ പേരാണെന്നും തന്റെ കുടുംബത്തിൽ അച്ഛമ്മയുടെ പേര് പേരമക്കൾക്ക് വെക്കാറുണ്ടെന്നുമായിരുന്നു പ്രിയാമണിയുടെ മറുപടി.
‘പാർവതി എന്നത് എന്റെ അമ്മൂമ്മയുടെ പേരാണ്, അച്ഛന്റെ അമ്മയുടെ പേര്. ഞങ്ങളുടെ കുടുംബത്തിലെ ഗ്രാൻഡ് പാരന്റ്സിന്റെ പേര് പേരക്കുട്ടികൾക്ക് ഇടാറുണ്ട്. എന്റെ ശരിക്കുള്ള പേര് പ്രിയ എന്നതാണ്. പക്ഷേ ഈ അമ്പലത്തിൽ ഒക്കെ പോകുമ്പോൾ ഞാൻ എന്റെ പേര് പാർവതി എന്നാണ് പറയാറ്.
അച്ഛനും അമ്മയും ഇട്ട പേര് പ്രിയ എന്നതാണ്, മണി അച്ഛൻറെ പേരാണ്. സിനിമയ്ക്ക് വേണ്ടി ഞാൻ മാറ്റിയതാണ് പ്രിയാമണി എന്നുള്ളത്. ആ സമയത്ത് ഒരു ജോത്സ്യൻ പ്രിയ നല്ല പേരാണ്, പക്ഷേ അത് ഒറ്റ പേരാക്കി വെച്ചാൽ നന്നായിരിക്കും എന്ന് പറഞ്ഞു. അതുകൊണ്ടാണ് പ്രിയ മണി എന്നുള്ളത് പ്രിയാമണി എന്നാക്കിയത്,’ താരം പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന സിനിമയിലാണ് പ്രിയാമണി ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയിൽ മോഹൻലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കോർട്ട് റൂം കഥയാണിതെന്ന് പ്രിയാമണി അഭിമുഖത്തിൽ പറഞ്ഞു. ജീത്തു ജോസഫിന്റെ പടത്തിൽ മോഹൻലാലിനൊപ്പം താൻ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് അച്ഛനും അമ്മയും. സംവിധായകന്മാരുടെ പേര് അച്ഛനും അമ്മയ്ക്കും മനസിലാവില്ലെന്നും ദൃശ്യത്തിന്റെ ഡയറക്ടറാണെന്ന് പറഞ്ഞപ്പോൾ അവർക്ക് മനസിലായെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.
Content Highlight: Actress Priyamani says her name is not Priya Vasudev Mani Iyer