തന്റെ സിനിമ കരിയറിലെ ചലഞ്ച് ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് നടി പ്രിയാമണി. പരുത്തിവീരനും തിരക്കഥയും ചാരുലതയുമായിരുന്നു തന്നെ ചലഞ്ച് ചെയ്ത പടങ്ങളെന്നും അതിൽ ചാരുലതയായിരുന്നു കൂടുതൽ ബുദ്ധിമുട്ടേറിയ ചിത്രമെന്നും പ്രിയാമണി പറഞ്ഞു.
ചാരുലതയിൽ തന്റെ ഡബിൾ റോൾ ചെയ്ത പെൺകുട്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അവളും നല്ലൊരു അഭിനയത്രി ആണെന്നും താരം കൂട്ടിച്ചേർത്തു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയാമണിയുടെ പ്രതികരണം.
‘എന്റെ കരിയറിൽ ഞാൻ 60 ഓളം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ ഫിസിക്കലി, മെന്റലി, ഇമോഷനലി എന്നെ ചലഞ്ച് ചെയ്ത മൂന്ന് പടങ്ങളാണുള്ളത്. ഒന്ന് പരുത്തിവീരൻ, തിരക്കഥ പിന്നെ ചാരുലത. ചാരുലതയിൽ കൺജോയ്ന്റ് ട്വിൻസ്(ഒട്ടിച്ചേർന്ന ഇരട്ടകൾ) ആയിരുന്നു. ആ ക്യാരക്ടർ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
എനിക്ക് ആ കൊച്ചിന്റെ(ഡബിൾ റോൾ ചെയ്ത കുട്ടി) പേര് മറന്നുപോയി. എനിക്ക് തോന്നുന്നു അവളുടെ പേര് ദീപയോ ദീപ്തിയോ ആയിരുന്നു എന്ന്. എത്ര ദിവസം ഞങ്ങൾ ഷൂട്ട് ചെയ്തോ അത്രയും ദിവസം അവൾ എൻറെ കൂടെ ഉണ്ടായിരുന്നു. ബോഡി ഡബിൾ എന്നുപറയാം, അതുപോലെ അവളും ഒരു ആക്ടർ ആയിരുന്നു.
അവളും ഒത്തിരി ഹാർഡ്‌വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ ചാരുവായിട്ട് വരുമ്പോൾ അവൾ ലതയായിട്ട് വരും. അതുപോലെ തിരിച്ചും. പെട്ടെന്ന് ഒരു സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് ഞാൻ അടുത്ത ഡ്രസ്സ് ചെയ്തു വരുമ്പോൾ അവൾ മറ്റേ ക്യാരക്റ്ററായി മാറിയിരിക്കും. ഞാൻ എങ്ങനെ ചെയ്തിട്ടുണ്ടോ അത് ഒബ്സർവ് ചെയ്ത് അവൾ അതുപോലെ ചെയ്യും. ഞാൻ മാത്രമല്ല, ക്യാമറ അതുപോലെ മുഴുവൻ ക്രൂ അങ്ങനെ ആയിരുന്നു. ജൂനിയർ ആർട്ടിസ്റ്റിനും സെയിം ആക്ഷൻ വീണ്ടും ചെയ്യണം. ഈ മൂന്ന് പടങ്ങൾ എന്നെ ഫിസിക്കലി, മെന്റലി അതുപോലെ ഇമോഷണലി എന്നെ ചലഞ്ച് ചെയ്ത സിനിമകളാണ്,’പ്രിയാമണി പറഞ്ഞു.
ചാരുലത സിനിമയിൽ ഡാൻസ് ചെയ്തതാണ് തന്നെ ഏറ്റവും ചലഞ്ച് ചെയ്യിപ്പിച്ചതെന്നും അത് ചെയ്യാൻ തനിക്ക് അര ദിവസം മാത്രമാണ് ഉണ്ടായിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.
‘ചാരുലതയിൽ ഞങ്ങൾ ഡാൻസ് ഷൂട്ട് ചെയ്തു. രണ്ട് പേരും കൂടിയാണത് കളിച്ചത്. അയ്യോ, അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷെ എങ്ങനെയോ ഞങ്ങൾ ചെയ്തു. ഞങ്ങൾക്ക് ആകെ അര ദിവസം മാത്രമേ ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നുള്ളു. സമയം കുറവായിരുന്നു, അതുപോലെ രണ്ട് ഭാഷയിൽ ഷൂട്ട് ചെയ്യണം. എന്തൊക്കെയാണെങ്കിലും ആ കുട്ടിയെ പ്രത്യേകിച്ച് അഭിനന്ദിക്കണം. അവൾ കാര്യങ്ങൾ വേഗം പിക്ക് അപ്പ് ചെയ്തു,’ താരം പറഞ്ഞു.
പൊൻ കുമരനാണ് ചാരുലത സംവിധാനം ചെയ്തത്. കന്നടയിൽ ഒരുക്കിയ ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷയിലേക്കും ഡബ്ബ് ചെയ്തിരുന്നു.
Content Highlight: Actress priyamani about her challenging films