| Saturday, 3rd June 2023, 3:11 pm

റെക്കോര്‍ഡിങ് ഒരുപാട് നീണ്ടുപോകുമെന്ന് കരുതിയാണ് ഷാനിക്ക വന്നത്, ഞാന്‍ പാടിത്തീര്‍ത്തപ്പോള്‍ പുള്ളി ഷോക്കായി: പ്രിയ വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന ആളാണ് പ്രിയ വാര്യര്‍. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധകരെ സൃഷ്ടിക്കാന്‍ പ്രിയയ്ക്കായി.

സൂരജ് വര്‍മ സംവിധാനം ചെയ്ത് രജിഷ വിജയന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന കൊള്ളയാണ് പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ചിത്രത്തിന്റെ ടൈറ്റില്‍ സോങ് പാടിയിരിക്കുന്നതും പ്രിയയാണ്. തന്റെ പാട്ടിനെ കുറിച്ചും അത് കേട്ട് ഷോക്കായ ഷാന്‍ റഹ്‌മാനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മൂവി വേള്‍ഡ് മീ
ഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയ വാര്യര്‍.

ഒരുപാട് സമയമെടുത്ത് റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കേണ്ടി വരുമെന്ന് കരുതിയാണ് ഷാനിക്ക ആദ്യം വന്നതെന്നും എന്നാല്‍ നാല്‍പ്പത് മിനുട്ടുകൊണ്ട് ആ പാട്ട് താന്‍ പാടി തീര്‍ത്തെന്നും താരം പറഞ്ഞു.

‘ഈ സിനിമയിലെ ടൈറ്റില്‍ സോങ് പാടിയിട്ടുള്ളത് ഞാനാണ്. ഷാനിക്ക ആണ് പാട്ട് സംവിധാനം ചെയ്തിട്ടുള്ളത്. ആദ്യം തന്നെ അങ്ങനെ ഒരു പ്ലാനുണ്ടായിരുന്നു. പക്ഷെ നമ്മള്‍ സോങ് വേണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു. ആ പാട്ടിന്റെ റഫ് ട്രാക്ക് ഷാനിക്കയാണ് പാടി അയച്ചു തരുന്നത്.

അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇതൊരു പെണ്‍കുട്ടി പാടിയാല്‍ എങ്ങനെ ഉണ്ടാകുമെന്ന്. കാരണം ഷാനിക്ക പാടിയത് തന്നെ നല്ല രസമുണ്ട്. ആദ്യം ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു അത് തന്നെ വേണോ അതോ ഞാന്‍ പാടണമോ എന്ന്. പിന്നെ ഷാനിക്ക വിളിച്ചിട്ട് പാടാന്‍ വരാന്‍ പറഞ്ഞു.

ഒന്ന് ശ്രമിച്ചേക്കാം എന്ന് തോന്നി ഞാന്‍ പോയി. വളരെ നല്ല പാട്ടാണ് അത്. ഞാന്‍ വളരെ ആസ്വദിച്ചാണ് പാടിയത്. കാരണം വളരെ ലിമിറ്റഡ് സറ്റൈല്‍സ് മാത്രമേ എനിക്ക് പാടാന്‍ പറ്റുകയുള്ളു. ഭയങ്കര സ്വീറ്റ് ആന്‍ഡ് മെലോഡിയസ് ആയിട്ടുള്ള പാട്ടുകള്‍ എനിക്ക് പാടാന്‍ പറ്റില്ല.
വെസ്റ്റണ്‍ രീതിയിലുള്ള പാട്ടേ പറ്റു.

ഫൈനല്‍സ് എന്ന സിനിമയില്‍ ഞാന്‍ പാടിയ നീ മഴവില്ല് എന്ന പാട്ടൊക്കെ കുറച്ചൊരു വെസ്റ്റണ്‍ ടൈപ്പുള്ള പാട്ട് ആണ്. ലൈവ് എന്ന സിനിമയില്‍ പാടിയിട്ടുള്ളത് ഒരു ഇംഗ്ലീഷ് പാട്ടാണ്. എനിക്ക് അങ്ങനത്തെ പാട്ടുകളാണ് നന്നായി പാടാന്‍ സാധിക്കാറുള്ളത്. സിംഗര്‍ ജോനീറ്റ ഗാന്ധി പാടുന്നത് പോലെയുള്ള സിംങ്ങിങ് ആണ് എന്റെ സറ്റൈല്‍.

ഇതിലേക്ക് വിളിച്ചപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. പാട്ട് കേട്ടപ്പോള്‍ തന്നെ എനിക്ക് ഇത് പാടാന്‍ പറ്റും എന്നൊരു വിശ്വാസമുണ്ടായിരുന്നു. ഷാനിക്ക എത്രനേരം എടുക്കേണ്ടി വരും റെക്കോഡിങ്ങിന് എന്ന് ആലോചിച്ചായിരുന്നു വന്നിരുന്നത്. റെക്കോഡിങ് തുടങ്ങി നാല്‍പ്പത് മിനിറ്റിനുള്ളില്‍ കഴിഞ്ഞു. ഷാനിക്ക ആകെ ഷോക്കായിട്ട് ചോദിച്ചു ഞാന്‍ പാട്ട് പഠിച്ചിട്ടുണ്ടോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു പതിനാറ് വര്‍ഷമൊക്കെ പഠിച്ചിട്ടുണ്ട്, നാലാം ക്ലാസ് തൊട്ട് എന്ന്, പ്രിയ വാര്യര്‍ പറഞ്ഞു.

Content Highlight:Actress Priya Warrier about Music Director Shan Rahman and her song

We use cookies to give you the best possible experience. Learn more