ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. രജിഷ വിജയനോടൊപ്പം ഒരുമിച്ച് അഭിനയിച്ച അനുഭവം പറയുകയാണ് പ്രിയ. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് കൊള്ള. ഷൂട്ടിങ്ങിനിടയില്‍ കരയാനുള്ള സീനില്‍ രജിഷ കരയുന്നത് കണ്ടിട്ട് താന്‍ അതിശയിച്ചുപോയിട്ടുണ്ടെന്നും ഗ്ലിസറിന്‍ പോലും ഉപയോഗിക്കാതെയാണ് രജിഷ ഇമോഷണല്‍ സീനുകള്‍ ചെയ്യുകയെന്നും പ്രിയ പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ രജിഷയെക്കുറിച്ച് പറഞ്ഞത്.
”കൊള്ള മൂവി ഞാന്‍ രജിഷ ചേച്ചിയുടെ കൂടെയാണ് ചെയ്തത്. രജിഷ ചേച്ചിയേ കണ്ടിട്ട് ഞാന്‍ വണ്ടര്‍ അടിച്ച് നിന്നിട്ടുണ്ട്. കരയുന്ന സീന്‍ ആയിരുന്നു അത്. അതില്‍ ചേച്ചി വിഷമിക്കുന്നതും കരയുന്നതും കണ്ടിട്ട് ഞാന്‍ ചേച്ചിയെ തന്നെ നോക്കിയിരുന്നു. ആദ്യമായിട്ട് തന്നെ ഞങ്ങള്‍ ഒരുമിച്ച് കരയുന്ന സീന്‍ ആണ് ചെയ്യേണ്ടിയിരുന്നത്.
ചേച്ചി കരയുന്നത് കണ്ടിട്ട് സൈഡില്‍ ഇരുന്ന് ഞാനും കരച്ചിലായിരുന്നു. ശരിക്കും ആ സീനില്‍ ഞാന്‍ കരയേണ്ട ആവശ്യമില്ല. ഞാന്‍ കരയുന്ന ചേച്ചിയെ ആശ്വസിപ്പിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ ചേച്ചി കരഞ്ഞപ്പോള്‍ ഞാനും കൂടെ കരഞ്ഞു. കരച്ചില്‍ സീന്‍ ഒക്കെ ഉണ്ടാകുമ്പോള്‍ ചേച്ചി സ്വന്തമായിട്ട് കരയുകയാണ് ചെയ്യാറ്.
ഗ്ലിസറിന്‍ വേണ്ട ചേച്ചിക്ക്. കണ്ണില്‍ നിന്നും വെള്ളം ഇങ്ങനെ ഒഴുകും. ഏങ്ങല്‍ ഒക്കെ ചേച്ചിക്ക് തന്നെ വരും. ചേച്ചി കരയുന്നത് കാണുമ്പോള്‍ നമുക്ക് വിഷമം വരും. അങ്ങനെ ചേച്ചി കരയുന്ന സീനുകള്‍ കണ്ടിട്ട് ഞാന്‍ ആകെ വണ്ടര്‍ അടിച്ച് ചേച്ചിയെ തന്നെ നോക്കി നില്‍ക്കും. എനിക്ക് കരയാന്‍ ഒക്കെ കുറച്ച് ടൈം വേണം. ഒരുപാട് ടൈം ഉള്ളപ്പോള്‍ ഞാന്‍ സ്വന്തമായിട്ട് കരയാന്‍ ശ്രമിക്കും,” പ്രിയ വാര്യര്‍ പറഞ്ഞു.
സൂരജ് വര്‍മയാണ് ചിത്രം സംവിധാനം ചെയ്തത്. വിനയ് ഫോര്‍ട്ടും കൊള്ളയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ഫോര്‍ ഇയേര്‍സാണ് പ്രിയയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജൂണ്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സര്‍ജനോ ഖാലിദും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായുണ്ട്.
ചിത്രം നവംബര്‍ 25 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സാലു കെ തോമസാണ്.
content highlight: actress priya varrier about rajisha vijayan