ഒമര്‍ ലുലു ചിത്രം അഡാര്‍ ലൗവിലൂടെ അരങ്ങേറി ഇപ്പോള്‍ രഞ്ജിത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേഴ്‌സില്‍ എത്തിനില്‍ക്കുന്ന താരമാണ് പ്രിയ വാര്യര്‍. ഇതിനിടയില്‍ ബോളിവുഡിലും പ്രിയ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സ്‌കൂള്‍ സമയത്ത് താന്‍ നേരിടേണ്ടി വന്നിട്ടുള്ള ബുള്ളിയിങ്ങിനെ കുറിച്ചും അധ്യാപകരില്‍ നിന്നും നേരിട്ടിട്ടുള്ള മോശം പെരുമാറ്റത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഐ ആം വിത്ത് ധന്യ വര്‍മ പരിപാടിയില്‍ പ്രിയ.
ആണ്‍കുട്ടികളുമായി സംസാരിക്കുന്നതും സ്ലീവ്‌ലെസ് ഡ്രസ് ധരിക്കുന്നതും പോലും അനുവദിക്കപ്പെട്ടിരുന്നില്ലെന്നും സ്ലട്ട് ഷേമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് പ്രിയ പറയുന്നത്.
”സ്‌കൂള്‍ ടൈം മുതല്‍ തന്നെ ഞാന്‍ തുടര്‍ച്ചയായി ബുള്ളിയിങ് നേരിട്ടിട്ടുണ്ട്. ജഡ്ജ് ചെയ്യപ്പെടുകയും സ്ലട്ട് ഷേമിങ് നേരിടുകയും ചെയ്തിട്ടുണ്ട്. വേറിട്ട് നിന്നു എന്നതായിരുന്നു ഇതിനെല്ലാം കാരണം.
ചില കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കങ്ങനെ മാറിനില്‍ക്കാന്‍ അനുമതിയില്ല എന്നത് പോലെയായിരുന്നു കാര്യങ്ങള്‍. നിങ്ങള്‍ക്ക് സ്ലീവ്‌ലെസ് ധരിക്കാന്‍ പാടില്ല, ആണ്‍കുട്ടികളുമായി സംസാരിക്കാന്‍ പാടില്ല.
ഇനി അഥവാ നിങ്ങള്‍ ബോയ്‌സുമായി സംസാരിക്കുകയാണെങ്കില്‍ നിങ്ങളുടെ ക്യാരക്ടര്‍ അവര്‍ ജഡ്ജ് ചെയ്യും, നിങ്ങള്‍ക്ക് സ്ലട്ട് ഷേമിങ് നേരിടേണ്ടി വരും.
‘അവള്‍ എല്ലാ കുരുത്തക്കേടും കാണിച്ച് നടക്കും, പക്ഷെ അവള്‍ക്ക് നല്ല മാര്‍ക്കും കിട്ടും,’ എന്നായിരുന്നു സാധാരണ ടീച്ചര്‍മാര്‍ എന്നെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളത്.
ഞാന്‍ കഷ്ടപ്പെട്ട് ഒരു ഫ്രണ്ടിനെ ഉണ്ടാക്കി വരുമ്പോള്‍ ആ ഫ്രണ്ട്‌സിന്റെ പേരന്റ്‌സിനോട് ടീച്ചര്‍മാര്‍ പറയുന്നത് ഇതാണ്. ‘നിങ്ങളുടെ കുട്ടിയെ പ്രിയയുടെ കൂടെ കൂട്ടുകൂടി നടക്കാന്‍ വിടേണ്ട. കാരണം അവള്‍ അവള്‍ക്ക് തോന്നുന്നതെല്ലാം ചെയ്യും, പക്ഷെ നിങ്ങളുടെ കുട്ടിക്ക് പരീക്ഷയില്‍ മാര്‍ക്ക് കിട്ടില്ല,’ എന്ന്.
ഇതാണ് ഞാന്‍ ചെറുപ്പം മുതല്‍ കേട്ടുകൊണ്ടിരുന്നത്. കാരണം ലളിതമാണ്, ഞാന്‍ ആണ്‍കുട്ടികളുടെ കൂടെ പെട്ടെന്ന് സൗഹൃദത്തിലാകും,” പ്രിയ വാര്യര്‍ പറഞ്ഞു.
അതേസമയം, സര്‍ജാനോ ഖാലിദ് നായകനായെത്തിയ ഫോര്‍ ഇയേഴ്‌സിന് തിയേറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. നവംബര്‍ 25നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
Content Highlight: Actress Priya Prakash Varrier about the bullying she faced while in school