| Saturday, 26th February 2022, 12:17 pm

ഞങ്ങള്‍ ഉക്രൈനിലല്ല, കൊച്ചിയിലാണ് ദയവായി ഇത് അവസാനിപ്പിക്കൂ: നടി പ്രിയ മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താനും കുടുംബവും ഉക്രൈനില്‍ കുടുങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ നടി പ്രിയ മോഹന്‍. തങ്ങള്‍ കൊച്ചിയില്‍ തന്നെ ഉണ്ടെന്നും ദയവായി ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പ്രിയ മോഹന്‍ പറഞ്ഞു. നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹന്‍.

ഇത്തരം പ്രചരണങ്ങള്‍ ദയവു ചെയ്ത് വിശ്വസിക്കരുത്. എന്തിനാണ് ആളുകള്‍ ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും പ്രിയ മോഹന്‍ ചോദിച്ചു. വ്യാജ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്.

കുറച്ചു മാസം മുമ്പ് പ്രിയ മോഹന്‍ കുടുംബ സമേതം ഉക്രൈനില്‍ പോയിരുന്നു. ആ യാത്രയുടെ ഫോട്ടോകളും വീഡിയോയുമാണ് ഇപ്പോള്‍ ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.

പ്രിയ മോഹന്‍ ഉക്രൈനില്‍ നിന്നുള്ള അവസ്ഥ വിവരിക്കുന്നുവെന്നാണ് വ്യാജ വാര്‍ത്തകളുടെ തലക്കെട്ട്. കുടുംബത്തോടൊപ്പം നില്‍ക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ അടക്കം നല്‍കിയാണ് വ്യാജ പ്രചരണം. നടന്‍ നിഹാലാണ് പ്രിയ മോഹന്റെ ഭര്‍ത്താവ്.

ഇരുവരുടെയും വിദേശയാത്രകളുടെ വിഡിയോകള്‍ ‘ഒരു ഹാപ്പി ഫാമിലി’ എന്ന യുട്യൂബ് ചാനലിലൂടെ താരം പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയയും നിഹാലും ഉക്രൈനില്‍ അവധി ആഘോഷിക്കാനായി പോയത്.

അതേസമയം ഉക്രൈന്‍-റഷ്യ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യ. രൂക്ഷമായ ആക്രമണമാണ് കീവില്‍ റഷ്യ നടത്തുന്നത്.

എന്തുതന്നെ സംഭവിച്ചാല്‍ രാജ്യം വിടില്ലെന്നും അവസാനഘട്ടം വരെ ഉക്രൈനില്‍ തുടരുമെന്നും പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചിട്ടുണ്ട്.

ഉക്രൈന്‍ ജനതയ്ക്ക് എന്ന പേരിലാണ് പ്രസിഡന്റ് സെലന്‍സ്‌കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. ‘രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും, ആയുധം താഴെ വെക്കില്ല’ എന്നാണ് വീഡിയോ സന്ദേശത്തില്‍ പ്രസിഡന്റ് പറയുന്നത്.

Content Highlight: Actress Priya Mohan Against Fake News

Latest Stories

We use cookies to give you the best possible experience. Learn more