| Tuesday, 5th January 2021, 6:14 pm

'ഉയരം കൂടിയതിനാല്‍ പറ്റിയ ഹീറോയെ മലയാളത്തില്‍ കിട്ടില്ലെന്ന് പലരും പറഞ്ഞു'; മാമാങ്കം നായിക പ്രാചി ടെഹ്‌ലാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെ നായികയായി മലയാളത്തിലെത്തിയ നടിയാണ് പ്രാചി ടെഹ്‌ലാന്‍. മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടാന്‍ പ്രാചിയ്ക്ക് സാധിച്ചു.

എന്നാല്‍ തനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിന് കാരണം വ്യക്തമാക്കിയാണ് പ്രാചിയിപ്പോള്‍ രംഗത്തെത്തിയത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

മലയാളത്തില്‍ നല്ല റോളുകള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നാണ് പ്രാചി പറഞ്ഞത്. എന്നാല്‍ തന്റെ ഉയരം ചിലര്‍ ഒരു പ്രധാന കുറവായി പറയാറുണ്ടെന്നും പ്രാചി പറഞ്ഞു.

‘എന്റെ ഉയരം ഒരു ഡീമെറിറ്റായി പലരും പറയാറുണ്ട്. ഉയരക്കൂടുതല്‍ കാരണം എനിക്ക് പറ്റിയ ഹീറോയെ മലയാളത്തില്‍ കിട്ടില്ലെന്ന് പലരും പറയാറുണ്ട്. പക്ഷെ ഇന്ന് ഇന്‍ഡസ്ട്രി മാറിക്കൊണ്ടിരിക്കുകയാണ്. ആകാരഭംഗിയെക്കാള്‍ അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് പുതിയ കലാകാരന്‍മാര്‍. എനിക്ക് ഞാന്‍ ആകാനെ കഴിയൂ. എന്നെ ഞാന്‍ ആയി അംഗീകരിക്കുന്നവര്‍ എന്നെ തേടി വരും’, പ്രാചി പറഞ്ഞു.

നേരത്തെ മോഹന്‍ലാല്‍ ചിത്രമായ റാം എന്ന ചിത്രത്തില്‍ പ്രാചി അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മറ്റ് ചില കാരണങ്ങളാല്‍ അതില്‍ നിന്ന് പിന്മാറേണ്ടി വന്നുവെന്ന് പ്രാചി പറഞ്ഞു.

കേരളത്തിലെ പ്രേക്ഷകര്‍ ഇപ്പോഴും തന്നെ പൂര്‍ണ്ണമായി സ്വീകരിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും പ്രാചി പറഞ്ഞു. നല്ല അവസരങ്ങളും ആത്മാര്‍ത്ഥതയുമുള്ള ആളുകളെ കണ്ടുകിട്ടാനും ബുദ്ധിമുട്ടാണെന്നും പ്രാചി പറഞ്ഞു. അന്യഭാഷയില്‍ നിന്നെത്തുന്ന തന്നെപ്പോലുള്ളവര്‍ക്ക് ഇവിടെ നല്ല റഫറന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും പ്രാചി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prachi Tehlan Interview

Latest Stories

We use cookies to give you the best possible experience. Learn more