|

അവരുടെ മാനസികാവസ്ഥ ഇന്നത്തെ സ്ത്രീകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല, എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു: പൂര്‍ണിമ ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജീവ് രവിയുടെ സംവിധാനത്തില്‍ മട്ടാഞ്ചേരി വെടിവെപ്പും തുറമുഖ തൊഴിലാളികളുടെ ദുരിത പൂര്‍ണമായ ജീവിതവും സമരങ്ങളുമൊക്കെ പ്രമേയമാക്കി മാര്‍ച്ച് 10ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് തുറമുഖം. നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, സുദേവ് നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.

തുറമുഖത്തില്‍ പൂര്‍ണിമ അവതരിപ്പിച്ച ഉമ്മ എന്ന കഥാപാത്രമായുള്ള താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളും നിരൂപക പ്രശംസയും ലഭിച്ചിരുന്നു. ആ കഥാപാത്രമായ മാറുന്നതിനുവേണ്ടി താനെടുത്ത മുന്നൊരുക്കളെ കുറിച്ച് പറയുകയാണ് നടി പൂര്‍ണിമ. സിനിമക്ക് വേണ്ടി താന്‍ ശരീരഭാരം കുറച്ചിരുന്നുവെന്നും ആ കാലഘട്ടത്തില്‍ മട്ടാഞ്ചേരിയില്‍ വന്ന സ്ത്രീകള്‍ക്കൊപ്പം താമസിച്ചിരുന്നുവെന്നും പൂര്‍ണിമ പറഞ്ഞു.

‘ഉമ്മയുടെ ലോകം ഭര്‍ത്താവും മൂന്ന് മക്കളുമാണ്. അവരുമായുള്ള ബന്ധത്തിന്റെ ആഴം തീവ്രമായി കാണിക്കുന്ന നല്ല സീനുകള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് രണ്ട് കാലഘട്ടമാണുള്ളത്. അതില്‍ 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയായി അഭിനയിക്കുന്നതിന് വേണ്ടി പത്ത് കിലോ ഭാരം കൂട്ടിയിരുന്നു.

പിന്നീട് ആ ഭാരം കുറയുമോ എന്ന ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. ചെറുപ്പകാലം ചെയ്യാനായി ശാരീരികമായും മാനസികമായും നന്നായി ഹോം വര്‍ക്ക് ചെയ്തിരുന്നു. 1940കളിലുള്ള സ്ത്രീയുടെ മാനസികാവസ്ഥ ഇന്നത്തെ സ്ത്രീക്ക് ചിന്തിക്കാന്‍പോലും പറ്റില്ല. പുരുഷ മേധാവിത്വം നിറഞ്ഞുനിന്ന കാലഘട്ടമാണത്.

അടിമത്തവും ദാരിദ്ര്യവും നിറഞ്ഞ ആ സാഹചര്യത്തില്‍ സ്ത്രീകള്‍ മാനസികമായി യുദ്ധം ചെയ്തിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് അന്നത്തെക്കാലത്തെ മട്ടാഞ്ചേരിയിലേക്ക് താമസം മാറിവന്ന ഒന്നുരണ്ട് ഉമ്മമാരെ ഞാന്‍ കണ്ടിരുന്നു. അവര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ച്, കഥകള്‍ കേട്ട്, അവര്‍ കടന്നുവന്ന സാഹചര്യങ്ങള്‍ മനസിലാക്കി’. പൂര്‍ണിമ പറഞ്ഞു.

content highlight: actress poornima indrajith talks about her character in thuramukham movie