മട്ടാഞ്ചേരി വെടിവെപ്പും അവിടുത്തെ തൊഴിലാളി സമരങ്ങളുടെ ചരിത്രവും അടിസ്ഥാനമാക്കി ഗോപന്‍ ചിദംബരം തിരക്കഥയെഴുതി രാജീവ് രവി സംവിധാനം ചെയ്ത സിനിമയാണ് തുറമുഖം. ചിത്രത്തില്‍ ഉമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പൂര്‍ണിമ ഇന്ദ്രജിത്താണ്. ആ കഥാപാത്രമാകുന്നതിന് വേണ്ടി താന്‍ മട്ടാഞ്ചേരിയില്‍ പോയതിനെ കുറിച്ചും അവിടുത്തെ പ്രായമായ സ്ത്രീകളോട് സംസാരിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പൂര്‍ണിമ.
താന്‍ സിനിമയില്‍ ഉമ്മയായിട്ടാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ പ്രായമായ സ്ത്രീ ചിരിച്ചെന്നും അവരെ കാണാന്‍ ഭയങ്കര സുന്ദരിയാണെന്നും പൂര്‍ണിമ പറഞ്ഞു. വളരെ ചെറുപ്പത്തിലാണ് അവരെ വിവാഹം ചെയ്ത് മട്ടാഞ്ചേരിയിലേക്ക് കൊണ്ടുവന്നതെന്നും ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അവര്‍ തുറിച്ച് നോക്കിയെന്നും സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണിമ പറഞ്ഞു.
‘മട്ടാഞ്ചേരിയില്‍ ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഉമ്മമാരെ തേടി ഞാനൊരു യാത്ര നടത്തിയിരുന്നു. അധികം ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഭാഗ്യത്തിന് ഞാനൊരു ഉമ്മയെ കണ്ടുപിടിച്ചു. ദൈവാനുഗ്രഹം കൊണ്ട് അവരെനിക്ക് കുറച്ച് സ്ഥലവും ഭക്ഷണവുമൊക്കെ തന്നു. ശരിക്കും പറഞ്ഞാല്‍ പ്രായമായവരല്ലേ, എന്നെയൊന്നും അവര്‍ക്ക് അറിയുക പോലുമില്ല.
ചുമ്മാ അവരുടെ കഥ അന്വേഷിക്കാന്‍ വീട്ടില്‍ വന്നിരിക്കുന്നു എന്ന ചിന്തയായിരുന്നു അവര്‍ക്ക്. സുന്ദരിയായ ഒരു ഉമ്മയായിരുന്നു അത്. ക്യാമറയൊക്കെ കണ്ടുകഴിഞ്ഞപ്പോള്‍ ഭയങ്കര സന്തോഷമായി അവര്‍ക്ക്. ആ ഉമ്മയോട് ഞാന്‍ പറഞ്ഞു, സിനിമയില്‍ ഞാന്‍ ഇതുപോലെയൊരു ഉമ്മയായിട്ടാണ് അഭിമനയിക്കുന്നതെന്ന്. ആരാ നീയോ എന്നാണ് ഉമ്മ എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചത്.
അയ്യോ ദൈവമെ ആദ്യം തന്നെ പ്രശ്‌നമാണല്ലോ എന്ന് ഞാന്‍ വിചാരിച്ചു. ഉമ്മയുടെ വായില്‍ മുറുക്കാനുണ്ടായിരുന്നു. അതും വായില്‍ വെച്ചാണ് ചിരിക്കുന്നത്. അത് കാണാന്‍ നല്ല ക്യൂട്ടായിരുന്നു. ഉമ്മ വന്ന സമയത്തെ കുറിച്ചൊക്കെ ഞാന്‍ ചോദിച്ചു. ഞാന്‍ വന്ന സമയത്തെ കുറിച്ചൊക്കെ നീ കുറേ കേള്‍ക്കുമെന്നാണ് ഉമ്മ അപ്പോള്‍ പറഞ്ഞത്.
ആ ഉമ്മ അന്ന് വളരെ ചെറിയ പ്രായത്തില്‍ അവിടേക്ക് കല്യാണം കഴിഞ്ഞ് വന്നതാണ്. പിന്നെ ഞാന്‍ ഉമ്മയോട് ഭര്‍ത്താവിനെ കുറിച്ചും അവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചുമൊക്കെ ചോദിച്ചു. അപ്പോള്‍ ഉമ്മ എന്നെ തുറിച്ച് നോക്കി. അന്നത്തെ സ്ത്രീയും പുരുഷനുമൊക്കെ തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്നറിയാനാണ് ഞാന്‍ ആ ചോദ്യമൊക്കെ ചോദിച്ചത്. അതിപ്പോള്‍ എന്താ അങ്ങനെയൊക്കെ തന്നെ എന്നാണ് അവസാനം ഉമ്മ പറഞ്ഞ മറുപടി,’ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.
content highlight: actress poornima indrajith about preprations for thuramukham movie