Entertainment news
ഒരമ്മക്കും ഈ അവസ്ഥ വരാന്‍ പാടില്ലെന്നാണ് മനസില്‍ ഉണ്ടായിരുന്നത്; ശരിക്കും സംഭവിച്ചതാണ്: പൂര്‍ണിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 25, 09:51 am
Saturday, 25th March 2023, 3:21 pm

രാജീവ് രവി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് തുറമുഖം. ചിത്രത്തില്‍ ഉമ്മയുടെ കഥാപാത്രമായാണ് പൂര്‍ണിമ അഭിനയിച്ചത്. മികച്ച പ്രതികരണമാണ് പൂര്‍ണിമയുടെ അഭിനയത്തിന് ലഭിക്കുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് പറയുകയാണ് പൂര്‍ണിമയിപ്പോള്‍. ക്ലൈമാക്‌സ് എങ്ങനെയാണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും വീണ്ടും ആ നിമിഷങ്ങള്‍ ഓര്‍ക്കാന്‍ പറ്റുന്നില്ലെന്നും താരം പറഞ്ഞു.

ലോകത്തിലെ ഒരു അമ്മക്കും ഈ അവസ്ഥ വരാന്‍ പാടില്ലെന്ന് താന്‍ ചിന്തിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണിമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ക്ലൈമാക്‌സ് എങ്ങനെയാണ് സംഭവിച്ചതെന്നൊന്നും എനിക്ക് അറിയില്ല. എനിക്ക് അതിനെക്കുറിച്ച് പറയാന്‍ കഴിയില്ല. വീണ്ടും ആ നിമിഷങ്ങള്‍ എന്റെ മനസിലേക്ക് റീക്രിയേറ്റ് ചെയ്യാന്‍ തോന്നുന്നില്ല.

ആ സീന്‍ ചെയ്യുമ്പോള്‍ എന്റെ മനസില്‍ ആകെ ഒരു കാര്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ, ലോകത്തിലെ ഒരു അമ്മക്കും ഈ അവസ്ഥ വരാന്‍ പാടില്ല. എനിക്ക് അങ്ങനെ മാത്രമെ ചിന്തിക്കാന്‍ പറ്റുള്ളൂ.

സിനിമയിലെ ആ സീന്‍ ശരിക്കും സംഭവിച്ചതാണ്. ഒരുപാട് സ്ത്രീകള്‍ അവരുടെ മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി നിലവിളിച്ച് നമ്മുടെ നാട്ടില്‍ തന്നെ കരഞ്ഞ് വിളിച്ചുകൊണ്ട് ഓടിനടന്നിട്ടുണ്ട്.

നടന്ന ആ സംഭവത്തെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ അതിനോട് എനിക്ക് എത്ര നീതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്ന് അറിയില്ല. ഒരു സിനിമ എന്ന നിലയില്‍ വളരെ ഹോണസ്റ്റായ ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്,” പൂര്‍ണിമ പറഞ്ഞു.

CONTENT HIGHLIGHT: ACTRESS POORNIMA ABOUT THURAMUKHAM MOVIE