| Friday, 17th March 2023, 3:52 pm

സിനിമയിലും പരസ്യത്തിലും കാണുന്നതുപോലെയാകുമെന്നാണ് കരുതിയത്, പക്ഷെ രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കാന്‍ കഴിയുന്നില്ല: പൂര്‍ണിമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ മുടി സ്‌ട്രെയ്റ്റ് ചെയ്തതിന് ശേഷമുള്ള അനുഭവം പറയുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ഡെലിവറിയുടെ സമയത്ത് നല്ല പോഷകാഹാരങ്ങള്‍ കഴിക്കുന്നതിനാല്‍ മുടി നന്നായി തഴച്ചു വളര്‍ന്നുവെന്നും തനിക്ക് വൃത്തിയായി സൂക്ഷിക്കാന്‍ സമയം കിട്ടിയില്ലെന്നും പൂര്‍ണിമ പറഞ്ഞു.

വെട്ടിക്കളയാന്‍ തോന്നാത്തതിനാല്‍ സ്‌ട്രെയ്റ്റ് ചെയ്യാന്‍ തീരുമനിച്ചു എന്നും എന്നാല്‍ പിറ്റേദിവസം തൊട്ട് തനിക്ക് വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും പൂര്‍ണിമ പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പ്രാര്‍ത്ഥനയുടെ ഡെലിവറിക്ക് ശേഷമുള്ള ഒരു കാര്യം എനിക്ക് ഇപ്പോള്‍ ഓര്‍മയുണ്ട്. ആ സമയത്ത് നല്ല പോഷകാഹാരമുള്ള ഭക്ഷണമാണ് കഴിക്കുക. നന്നായി ആരോഗ്യം ശ്രദ്ധിക്കുന്നതുകൊണ്ട് മുടിയെല്ലാം നന്നായി തഴച്ചു വളരും. നന്നായി മുടി വളര്‍ന്നിരുന്നു. അതുവരെ എനിക്ക് അത്ര മുടിയില്ലായിരുന്നു.

ഇത് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം അത്രയും കട്ടിയുള്ള ചുരുണ്ട മുടിയായിരുന്നു. അരയോളം മുടിയുള്ളതിനാല്‍ അത് വെട്ടിക്കളയാനും മനസില്ല. വൃത്തിയായി സൂക്ഷിക്കാനും അറിയില്ല. അപ്പോഴാണ് റീബോന്‍ഡിങ് എന്നൊരു കോണ്‍സെപ്റ്റ് വന്നത്. ഈസിയാണ് ചെയ്ത് കഴിഞ്ഞാല്‍ ഒന്നും നോക്കേണ്ട. സിനിമയിലും പരസ്യത്തിലും കാണുന്നതുപോലെ സില്‍ക്കിയായിട്ട് കാറ്റത്തൊക്കെ മുടി പറക്കും എന്നൊക്കെ കേട്ടു.

എന്നിട്ട് ഞാന്‍ പോയി അത് ചെയ്തു. കാരണം എനിക്ക് മുടി വെട്ടണ്ട. അത് സൂക്ഷിച്ച് കൊണ്ടു നടക്കാനും അറിയില്ല. കുറേ സമയം എടുക്കുമായിരുന്നു. കുഞ്ഞുള്ളതു കൊണ്ട് എനിക്ക് അതിനായി ഇരിക്കാന്‍ കഴിയില്ലായിരുന്നു. ഞാന്‍ പോയി സ്‌ട്രെയിറ്റ് ചെയ്തു.

അടുത്ത ദിവസം എല്ലാവരും പറഞ്ഞു ഭയങ്കര മേക്കോവറാണെന്ന്. പുതിയ ഞാന്‍ എന്ന രീതിയിലാണ് അതിനെ കണ്ടത്. പക്ഷെ മൂന്നാമത്തെ ദിവസം രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കാന്‍ കഴിഞ്ഞില്ല. എനിക്ക് എന്തൊക്കെയോ ബുദ്ധിമുട്ട് തോന്നാന്‍ തുടങ്ങി. പിന്നെ ഞാന്‍ തിരിച്ചറിഞ്ഞു ആ ചുരുണ്ട മുടി എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന്,” പൂര്‍ണിമ പറഞ്ഞു.

content highlight: actress poornima about her curly hair

We use cookies to give you the best possible experience. Learn more