| Friday, 17th February 2023, 3:33 pm

ദുല്‍ഖറിനും പൃഥ്വിക്കും മര്യാദയുണ്ട്, അവര്‍ ആര്‍ട്ടിസ്റ്റിന്റെ മക്കളാണ്, ബാക്കിയുള്ളവരെന്താണ് ഇങ്ങനെയെന്ന് അറിയില്ല: പൊന്നമ്മ ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍ട്ടിസ്റ്റിന്റെ മക്കള്‍ക്ക് മാത്രമെ സിനിമാ ഇന്‍ഡസ്ട്രിയില്‍ മര്യാദയുള്ളൂവെന്ന് നടി പൊന്നമ്മ ബാബു. ആര്‍ട്ടിസ്റ്റായ അച്ഛന്‍ അല്ലെങ്കില്‍ അമ്മ ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ക്ക് അറിയാമെന്നും അതിന്റെ ഗുണം അവരില്‍ ഉണ്ടാകുമെന്നും പൊന്നമ്മ പറഞ്ഞു.

മറ്റുള്ളവര്‍ എങ്ങനെയോ സിനിമയില്‍ എത്തിയതാണെന്നും എന്തെങ്കിലും അഭിനയിച്ച് പെട്ടെന്ന് ഹിറ്റായി മാറിയിട്ടാണ് അവരൊക്കെ താരങ്ങളായതെന്നും പൊന്നമ്മ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ബാബു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പ്രായത്തില്‍ മൂത്ത ആരെ കണ്ടാലും എഴുന്നേല്‍ക്കണമെന്നാണ് ഞാനൊക്കെ പഠിച്ചിരിക്കുന്നത്. ചില കുട്ടികള്‍ കാലിന്റെ മുകളില്‍ കാല് കയറ്റി വെച്ച് ആട്ടികൊണ്ടിരിക്കും. ഞാനൊന്നും പഠിച്ചത് അതല്ല. ആ കാര്യങ്ങള്‍ എന്റെ മക്കള്‍ക്കും പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്.

മുതിര്‍ന്നവരെ ബഹുമാനിക്കുക, ടീച്ചര്‍മാരെ ബഹുമാനിക്കുക, നമുക്ക് ഡയലോഗുകള്‍ പറഞ്ഞ് തരുന്ന സ്‌ക്രിപ്റ്റ് റൈറ്റര്‍, ഡയറക്ടര്‍, സീനിയര്‍ കോ ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെ ബഹുമാനിക്കണമെന്നാണ് ഞാന്‍ പറയാറുള്ളത്. ഒരിക്കലും ബഹുമാനം ചോദിച്ച് വാങ്ങിക്കുന്നതല്ല. നമുക്ക് ഇങ്ങോട്ട് തന്നില്ലേലും നമ്മള്‍ അങ്ങോട്ട് കൊടുക്കുക.

ഇപ്പോഴുള്ള പിള്ളേരൊക്കെ എന്താണ് ഇങ്ങനെയെന്ന് എനിക്ക് അറിയില്ല. ആര്‍ട്ടിസ്റ്റിന്റെ മക്കള്‍ വരുകയാണെങ്കില്‍, ഉദാഹരണത്തിന് ദുല്‍ഖര്‍, പൃഥ്വി അങ്ങനത്തെ മക്കള്‍ വരുകയാണെങ്കില്‍ അവര്‍ക്കൊക്കെ പിന്നെയുമുണ്ട് ആ മര്യാദ. കാരണം അവര്‍ ആര്‍ട്ടിസ്റ്റിന്റെ മക്കളാണ്.

അവരുടെ അമ്മ വന്നതും അല്ലെങ്കില്‍ അച്ഛന്‍ ചെയ്ത കാര്യങ്ങളൊക്കെ അവര്‍ക്ക് അറിയാം. അതിന്റെ ഗുണം അവരിലുണ്ട്. മറ്റ് ഉള്ളവര്‍ എങ്ങനെയോ സിനിമയില്‍ എത്തിയതാണ്. പെട്ടെന്ന് എന്തോ അഭിനയിച്ച് അത് അങ്ങോട്ട് ഹിറ്റായതാണ്. അപ്പോഴേക്കും അവര്‍ താരങ്ങളായി. ഞാന്‍ എന്ന ഭാവം മാറ്റിയാല്‍ മതി. നമ്മള്‍ വളരും തോറും എളിമപ്പെടണമെന്നാണ് ഞാന്‍ പഠിച്ച പാഠം,” പൊന്നമ്മ ബാബു പറഞ്ഞു.

content highlight:Actress Ponnamma Babu says only artist’s children are polite in the film industry

We use cookies to give you the best possible experience. Learn more