മകന്റെ വിവാഹത്തെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമൊക്കെ പറയുകയാണ് നടി പൊന്നമ്മ ബാബു. വിവാഹം കഴിക്കാന്‍ മകനെ എപ്പോഴും നിര്‍ബന്ധിക്കാറുണ്ടെന്നും എന്നാല്‍ മകന്‍ സമ്മതിക്കാറില്ലെന്നും പൊന്നമ്മ പറഞ്ഞു. കല്യാണം കഴിക്കുന്നതിന് വേണ്ടി ഒരുപാട് പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ചിട്ടുണ്ടെന്നും എന്നാല്‍ മകന്‍ ഇതുവരെ സമ്മതം പറഞ്ഞിട്ടില്ലെന്നും പൊന്നമ്മ ബാബു പറഞ്ഞു.
പ്രണയിച്ച് വിവാഹം ചെയ്യാനാണ് തന്റെ മകന്‍ ഇഷ്ടപ്പെടുന്നതെന്നും എങ്കില്‍ പോയി പ്രേമിക്കാന്‍ താന്‍ അവനോട് പറഞ്ഞെന്നും അവര്‍ പറഞ്ഞു. തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള പ്രതിസന്ധികളെ കുറിച്ചും താരം സംസാരിച്ചു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ബാബു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ മോന്‍ പെണ്ണ് കെട്ടുന്നില്ല. ഇപ്പോള്‍ കഴിക്കാമെന്ന് പറയുന്നതല്ലാതെ അവന്‍ കല്യാണം കഴിക്കുന്നില്ല. നമ്മള്‍ സമ്മതിപ്പിക്കാന്‍ നോക്കുമ്പോള്‍ പറയും പപ്പയോട് കെട്ടാന്‍. ഇവള്‍ സമ്മതിക്കുമോ എന്നാണ് എന്റെ ഭര്‍ത്താവ് തിരിച്ച് ചോദിക്കുന്നത്. ഒത്തിരി കുട്ടികളുടെ ഫോട്ടോ അവനെ കാണിച്ചിട്ടുണ്ട്.
ആ പെണ്ണുങ്ങള്‍ക്കെല്ലാം അവനെ ഇഷ്ടപ്പെട്ടു. ഇവന്‍ എന്നാല്‍ ഒരു വാക്ക് പറയേണ്ടെ. എന്താണ് കല്യാണം കഴിക്കാത്തതെന്ന് ചോദിച്ചപ്പോള്‍ പ്രേമിച്ചേ കെട്ടൂ എന്നാണ് അവന്‍ പറയുന്നത്. എന്നാല്‍ പ്രേമിക്കെടാ എന്ന് ഞാനും പറയും. അവനൊരു പെണ്ണിനെ കെട്ടി കണ്ടാല്‍ മതിയെനിക്ക്.
ജീവിതത്തില്‍ മറ്റ് സങ്കടങ്ങളൊന്നുമില്ല. സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു എന്റെ കുടുംബം. അന്നും ഞാന്‍ ദൈവ വിശ്വാസിയാണ്. കറക്ട് സമയത്ത് തന്നെ എന്റെ ജീവിതത്തില്‍ എല്ലാം നടന്നു. 16 വയസിലായിരുന്നു കല്യാണം.
21 വയസിനുള്ളില്‍ മൂന്ന് മക്കളെ പ്രസവിച്ചു. നല്ല പ്രായത്തില്‍ എല്ലാം ചെയ്തു. പിന്നീട് നാടകത്തിലേക്കും സിനിമയിലേക്കും വന്നു. കഴിഞ്ഞ് പോയത് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നും. ഞാന്‍ ഇത്രയും കടമ്പകള്‍ കടന്നോയെന്ന് സ്വയം ചിന്തിക്കാറുണ്ട്,’ പൊന്നമ്മ ബാബു പറഞ്ഞു.
content highlight: actress ponnamma babu about her son