Entertainment
'നടന്മാരോട് ആരും ഇതൊന്നും ചോദിക്കാറില്ലല്ലോ'; കുട്ടികളുണ്ടായാലുള്ള കരിയര്‍ മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തോട് പേളി മാണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 08, 11:31 am
Friday, 8th January 2021, 5:01 pm

അമ്മയാകുന്നത് തന്റെ കരിയറില്‍ മാറ്റങ്ങള്‍ വരുത്തില്ലെന്ന് നടിയും അവതാരികയുമായ പേളി മാണി. സംവിധായകര്‍ തന്നെ ഭാര്യയോ അമ്മയോ ആയല്ലാതെ അഭിനേതാവായി തന്നെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പേളി മാണി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘വിവാഹിതയായ സ്ത്രീയായോ അമ്മയായോ അല്ലാതെ ഒരു അഭിനേതാവായി മാത്രം എന്നെ സംവിധായകര്‍ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ കഴിവ് പരിഗണിച്ച് അവര്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹം.

കേരളത്തിലെ പ്രമുഖ നടിമാരെല്ലാം വിവാഹിതരായി മക്കളുള്ളവരാണ്. അത് അവരുടെ പെര്‍ഫോമന്‍സിനെയോ തീരുമാനങ്ങളെയോ ബാധിച്ചില്ല. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ സാധിക്കുന്ന റോളുകള്‍ ലഭിക്കണമെന്നാണ് ആഗ്രഹം.’ പേളി മാണി പറഞ്ഞു.

അമ്മയാകുന്നത് എങ്ങനെയാണ് കരിയറില്‍ മാറ്റങ്ങള്‍ വരുത്തുക എന്ന ചോദ്യത്തിന് നടന്മാരോട് കുട്ടികള്‍ അവരുടെ കരിയറില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ആരും ചോദിക്കാറില്ലെന്നും അതുകൊണ്ട് തന്നെ ഈ ചിന്താരീതികള്‍ മാറേണ്ടതുണ്ടെന്നുമായിരുന്നു പേളിയുടെ മറുപടി.

അമ്മയാകുന്നത് കരിയറില്‍ ഒരു മാറ്റവും വരുത്തില്ല. ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടി വരും. സ്ത്രീകളെന്നു പറഞ്ഞാലേ അങ്ങനെ ചെയ്യാന്‍ സാധിക്കുന്നവരാണ്. അങ്ങനെയാകാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും പേളി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കാറുള്ളതെന്നും അതില്‍ ഇനിയും ഒരു മാറ്റവുമുണ്ടാകില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

അവതാരികയായി കരിയര്‍ ആരംഭിച്ച പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം തനിക്ക് ഹോളിവുഡില്‍ നിന്നടക്കം ഓഫറുകള്‍ വന്നിരുന്നു. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് പലരും പറഞ്ഞതെന്നും പേളി പറയുന്നു. അനുരാഗ് ബസുവിനൊപ്പം വര്‍ക്ക് ചെയ്താല്‍ നിരവധി വാതിലുകള്‍ തുറക്കുമല്ലോയെന്നും പേളി കൂട്ടിച്ചേര്‍ത്തു.

പേളി മാണി അഭിനയിച്ച തമിഴ് ചിത്രത്തിന്റെ റിലീസ് ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Pearle Maaney about her carrier and life when she becomes a mother