| Wednesday, 14th December 2022, 1:15 pm

ഒരു ക്രിസ്മസിനും വീട്ടിലിരിക്കാന്‍ കഴിഞ്ഞിട്ടില്ല; ഇലയില്‍ പൊതിഞ്ഞ ഭക്ഷണം വഴിവക്കിലിരുന്ന് കഴിക്കുമ്പോള്‍ ഉള്ളുവിങ്ങും, ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടകത്തിലൂടെ സിനിമയിലെത്തി ഒരുപിടി നല്ല ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് പൗളി വല്‍സന്‍. 2017ല്‍ മമ്മൂട്ടി ചിത്രം അണ്ണന്‍തമ്പിയിലെ ഒരു ചെറിയ വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറിയ താരം പക്ഷെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗവിലൂടെയാണ് ശ്രദ്ധ നേടുന്നത്.

തന്റെ കുടുംബ ജീവിതത്തെ കുറിച്ചും ക്രിസ്മസ് വിശേഷങ്ങളുമൊക്കെ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പൗളി വല്‍സന്‍.

ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും ഓര്‍മകളും എന്തൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ക്രിസ്മസ് എന്ന് പറഞ്ഞാല്‍ ചെറുപ്പം തൊട്ടേ സ്വര്‍ഗം പോലെയാണ്. ജീവിതത്തില്‍ ഇത്രയും സന്തോഷം നല്‍കുന്ന ആഘോഷം വേറെയില്ല. അത്രമാത്രം ഒരുക്കമാണ് ക്രിസ്മസിനായി.

ഞാന്‍ ക്രിസ്മസ് അപ്പൂപ്പന്‍ വേഷമൊക്കെ കെട്ടിയിട്ടുണ്ട്. കരോള്‍ സംഘത്തിന്റെ കൂടെ ക്രിസ്മസ് രാത്രിയിലെ യാത്രകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ സന്തോഷത്തിന്റെ ഒരു കുളിര് വന്ന് പൊതിയും.

എനിക്ക് പലപ്പോഴും ക്രിസ്മസിന് വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കഴിയാറില്ല. ഇപ്പോഴും അതോര്‍ത്താല്‍ കരച്ചില്‍ വരും.

എല്ലാ വര്‍ഷവും ക്രിസ്മസിന്റെ അന്ന് രണ്ട് നാടകം ഉണ്ടാകും. അതുകൊണ്ട് ഒരിക്കലും വീട്ടില്‍ ഉണ്ടാകില്ല. ക്രിസ്മസ് ദിവസം രാവിലെ ഇലയില്‍ പൊതിഞ്ഞ് കൊണ്ടുപോകുന്ന ഭക്ഷണം യാത്രക്കിടെ ഏതെങ്കിലും വഴിവക്കിലിരുന്ന് കഴിക്കുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങലുണ്ടാകും.

സിനിമയിലെത്തിയതിന് ശേഷം എനിക്ക് ക്രിസ്മസ് തിരിച്ചുകിട്ടി. അന്നേദിവസം കുടുംബത്തിനായി മാറ്റിവെക്കും,” പൗളി വല്‍സന്‍ പറഞ്ഞു.

മജു സംവിധാനം ചെയ്ത അപ്പന്‍, ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ എന്നിവയാണ് പൗളിയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത സിനിമകള്‍.

ഇതില്‍ അപ്പനിലെ കുട്ടിയമ്മ എന്ന കഥാപാത്രമായുള്ള താരത്തിന്റെ പ്രകടനം വലിയ പ്രേക്ഷകപ്രശംസയാണ് നേടിയത്. സണ്ണി വെയ്ന്‍, അലന്ഡസിയര്‍, അനന്യ, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലായിരുന്നു റിലീസ് ചെയ്തിരുന്നത്.

Content Highlight: Actress Pauly Valsan talks about her personal life and Christmas memories

We use cookies to give you the best possible experience. Learn more