നാടകത്തിലൂടെ സിനിമയിലെത്തി ഒരുപിടി നല്ല ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് പൗളി വല്‍സന്‍. 2017ല്‍ മമ്മൂട്ടി ചിത്രം അണ്ണന്‍തമ്പിയിലെ ഒരു ചെറിയ വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറിയ താരം പക്ഷെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗവിലൂടെയാണ് ശ്രദ്ധ നേടുന്നത്.
നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് കുടുംബജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും ആളുകള്‍ മോശമായി പെരുമാറിയതിനെ കുറിച്ചും സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പൗളി വല്‍സന്‍.
നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ഒരു ദിവസം കുഞ്ഞിന് അസുഖം പിടിപെട്ടതിനെ കുറിച്ചും കുട്ടിയെ കൊണ്ട് ആശുപത്രിയില്‍ പോകുമ്പോള്‍ ആളുകള്‍ മോശമായി സംസാരിച്ചതിനെ കുറിച്ചുമാണ് നടി പറയുന്നത്.
”ഒരു ദിവസം ഞാന്‍ നാടകത്തിന് പോകാനിറങ്ങിയപ്പോള്‍ കൊച്ചിന് നല്ല പനി. പോകാതിരിക്കാനും പറ്റില്ല. കൊച്ചിനെയും മാറോട് ചേര്‍ത്ത് പോയി.
കൊച്ചാണെങ്കില്‍ ഭയങ്കര കരച്ചിലാണ്. ഞാന്‍ സ്‌റ്റേജില്‍ അഭിനയിക്കേണ്ടത് ലവ് സീനായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലായി. സ്‌റ്റേജില്‍ കയറേണ്ട സമയമായി.
അവസാനം ഞാന്‍ കൊച്ചിനെ സ്‌റ്റേജിന്റെ അടിയില്‍ ഒരു തൊട്ടില്‍കെട്ടി അതില്‍ കിടത്തി. സ്‌റ്റേജിന് മുകളില്‍ ഞാന്‍ ലവ് സീന്‍ അഭിനയിക്കുമ്പോള്‍ താഴെ കൊച്ച് കിടന്ന് കരയുകയാണ്.
സീന്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ കൊച്ചിനെയും എടുത്ത് അടുത്ത വീട്ടിലേക്ക് ഓടി. ആ വീട്ടുകാര്‍ ഏതോ ഒരു മരുന്ന് തന്നു. അത് കൊടുത്തപ്പോള്‍ തല്‍ക്കാലം കരച്ചില്‍ നിര്‍ത്തി. പിറ്റേന്ന് ഡോക്ടറെ കാണാനായി ബസ് സ്‌റ്റോപ്പില്‍ കൊച്ചിനെയും എടുത്ത് നില്‍ക്കുകയാണ്.
അതിനടുത്ത് ഒരു ചായക്കടയുണ്ട്. അവിടെ കുറച്ചുപേര്‍ കൂടി നില്‍ക്കുന്നു. അതിലൊരുത്തന്‍ ഇങ്ങനെ പറഞ്ഞു. ‘നാടകത്തിലൊക്കെ നടന്ന് ഒരെണ്ണത്തിനെ സമ്പാദിച്ചിട്ടുണ്ട്’.
ഇത് കേട്ടതും ഞാനാകെ തകര്‍ന്നു. പ്രതികരിക്കാനുള്ള ശേഷിയൊന്നും ഇല്ലാത്തതുകൊണ്ട് കരഞ്ഞുകൊണ്ടാണ് ബസിലേക്ക് കയറിയത്.
അന്നെനിക്ക് ഒരു വാശിയുണ്ടായിരുന്നു, ആരുടെ മുന്നിലും തല കുനിക്കില്ലെന്ന്. എന്റെ മക്കളെ ഞാന്‍ അടിപൊളിയായി വളര്‍ത്തി. ഇന്നല്ലെങ്കില്‍ നാളെ ഒരു നല്ല ദിവസം വരും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ അത് സിനിമയില്‍ നിന്നായിരിക്കും എന്ന് പ്രതീക്ഷിച്ചില്ല,” പൗളി വല്‍സന്‍ പറഞ്ഞു.
മജു സംവിധാനം ചെയ്ത അപ്പന്‍, ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ എന്നിവയാണ് പൗളിയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത സിനിമകള്‍.
ഇതില്‍ അപ്പനിലെ കുട്ടിയമ്മ എന്ന കഥാപാത്രമായുള്ള താരത്തിന്റെ പ്രകടനം വലിയ പ്രേക്ഷകപ്രശംസയാണ് നേടിയത്. സണ്ണി വെയ്ന്‍, അലന്ഡസിയര്‍, അനന്യ, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലായിരുന്നു റിലീസ് ചെയ്തിരുന്നത്.
Content Highlight: Actress Pauly Valsan shares a bad experience she faced while acting in dramas