| Monday, 14th November 2022, 10:42 am

എന്നെ അറിയില്ലെന്ന് പറഞ്ഞാലോയെന്ന് വിചാരിച്ച് അന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നില്ല, പത്താം ക്ലാസിലെ എന്റെ ഫോട്ടോ മമ്മൂക്ക ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്: പൗളി വല്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്മയത്തത്തോടെയുള്ള അഭിനയം കാഴ്ചവെച്ച് മലയാള സിനിമയില്‍ സജീവമായ നടിയാണ് പൗളി വല്‍സണ്‍. മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന ചിത്രത്തിലെ കുട്ടിയമ്മയെ മലയാളികള്‍ നെഞ്ചിലേറ്റി കഴിഞ്ഞു. ഇത്തരത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെ മികച്ച പെര്‍ഫോമന്‍സാണ് താരം കാഴ്ചവെക്കുന്നത്. മമ്മൂട്ടി നായകനായ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയാണ് പൗളി ആദ്യമായി സിനിമയില്‍ എത്തിയത്.

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് പൗളി. അദ്ദേഹത്തിന്റെ കൂടെ താന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും അന്നത്തെ ചിത്രങ്ങള്‍ മമ്മൂട്ടി ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൗളി ഇക്കാര്യം പറഞ്ഞത്.

”മുമ്പ് ഒന്നിച്ച് നാടകത്തില്‍ അഭിനയിച്ചതാണെങ്കിലും അണ്ണന്‍ തമ്പിയുടെ സമയത്ത് ഞാന്‍ മമ്മൂക്കയുടെ അടുത്തേക്ക് ചെന്നിട്ടില്ലായിരുന്നു. വേറെ ഒന്നും കൊണ്ടല്ല ഞാന്‍ അടുത്ത് പോവാതിരുന്നത്. എനിക്ക് ഒരുപാട് വയസായിപ്പോയി. എന്നാല്‍ മമ്മൂക്ക ചുള്ളനായി ഇരിക്കുകയാണ്. ഇപ്പോഴും അദ്ദേഹം ചുള്ളനാണ്.

അടുത്ത് ചെന്നിട്ട് എന്നെ അറിയുമോയെന്ന് ചോദിച്ചിട്ട് അറിയില്ലെന്ന് പറഞ്ഞാല്‍ അത് വലിയ ബുദ്ധിമുട്ടാകും. അതുകൊണ്ട് അടുത്ത് ചെല്ലേണ്ടെന്ന് ഞാന്‍ മനസില്‍ വിചാരിച്ചു. പക്ഷെ സിദ്ദിഖ് പറഞ്ഞപ്പോള്‍ മമ്മൂക്ക വേഗം എന്റെ അടുത്ത് വന്നു. അവരുടെ മുമ്പിലൂടെ അതിന് മുമ്പ് ഞാന്‍ നടന്നു പോയിരുന്നു. എന്താടോ മുമ്പിലൂടെ പോയിട്ടും താന്‍ മിണ്ടാഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു.

ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്ദേഹത്തിന്റെ കൂടെ നാടകത്തില്‍ അഭിനയിക്കുന്നത്. അന്നത്തെ എന്റെ ഫോട്ടോയൊക്കെ അദ്ദേഹം ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. എന്റെ വീട്ടില്‍ ഇപ്പോഴും അന്നത്തെ പത്താംക്ലാസുകാരിയുടെ ഫോട്ടോയുണ്ടെന്ന് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. നല്ല ഓര്‍മശക്തിയുള്ള ആളാണ്. എല്ലാകാര്യങ്ങളും ഓര്‍ത്ത് വെക്കാറുണ്ട്.

ഭീഷ്മയില്‍ ചെന്നപ്പോഴാണ് എനിക്ക് ഡയലോഗ് കിട്ടിയത്. അവിടെ ഇരുന്നാണ് മൊത്തം ഡയലോഗ് പഠിച്ചത്. മമ്മൂക്ക വരുന്നത് കൊണ്ട് ഞാന്‍ ഇരുന്ന് ഫുള്‍ പഠിച്ചിട്ടുണ്ടായിരുന്നു. അഭിനിയിച്ച് കഴിഞ്ഞപ്പോള്‍ മമ്മൂക്കയെ കാണിച്ചു. അദ്ദേഹം എന്റെ നേരെ കൈകൂപ്പി. എനിക്ക് അവാര്‍ഡ് കിട്ടിയ സന്തോഷമായിരുന്നു.

ഏകദേശം അഞ്ച് സിനിമകള്‍ ഞാന്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തവണ കണ്ടപ്പോള്‍ നാടകത്തിന്റെ വിശേഷങ്ങളൊക്കെ എന്നോട് കുറേ സമയം ചോദിച്ചിരുന്നു. എന്റെ നാട്ടിലുള്ള ആളുകളുമായ് അദ്ദേഹത്തിന് നല്ല പരിചയമാണ്. അവരെക്കുറിച്ചൊക്കെ എന്നോട് ചോദിച്ചു,” പൗളി വല്‍സണ്‍ പറഞ്ഞു.

content highlight: actress pauly valsan about mammootty

We use cookies to give you the best possible experience. Learn more