മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് പത്മപ്രിയ. ചുരുങ്ങിയ സമയത്തിനുള്ളിൽ മമ്മൂട്ടി,മോഹൻലാൽ തുടങ്ങിയ നടന്മാരുടെ നായികയായി അഭിനയിക്കാൻ പത്മപ്രിയക്ക് കഴിഞ്ഞിട്ടുണ്ട്. ദേശീയ അവാർഡിൽ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശം നേടിയ പത്മപ്രിയ സംസ്ഥാന അവാർഡ് വേദിയിലും തിളങ്ങിയിട്ടുണ്ട്.
മലയാള സിനിമയയിൽ പുതിയ മാറ്റങ്ങൾക്ക് വഴിവെച്ച വിമൻ ഇൻ കളക്റ്റീവിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് പത്മപ്രിയ. ചലച്ചിത്ര മേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വീണ്ടും ചർച്ചയാവുകയാണ് ഡബ്ല്യൂ.സി.സി. മലയാള സിനിമയിലെ ഒരു തിരക്കുള്ള പ്രൊഡക്ഷൻ മാനേജറിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുകയാണ് പത്മപ്രിയ.
താൻ മലയാളത്തിൽ സജീവമായിരുന്ന സമയത്ത് ആ പ്രൊഡക്ഷൻ മാനേജർ , ഇരുപത്തിയാറു വയസായില്ലേ ഇനി സിനിമ നിർത്തുന്നതാണ് നല്ലതെന്ന് പറഞ്ഞെന്ന് പത്മപ്രിയ പറയുന്നു. കുറേപേരുടെ ധാരണ ഇങ്ങനെയാണെന്നും സിനിമയിൽ നിന്ന് പുറത്താക്കിയപോലെയാണ് അതെന്നും പത്മപ്രിയ പറഞ്ഞു, ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ.
‘മലയാള സിനിമയിലെ എന്റെ യാത്ര വ്യത്യസ്തമായിരുന്നു. അത് ഒരു പ്രെസ്‌പെക്ടീവ് ഇരുന്ന് നോക്കേണ്ട ആവശ്യമുണ്ട്. എനിക്കിപ്പോഴും ഓർമയുണ്ട് അന്നെനിക്ക് ഇരുപത്തിയഞ്ചു, ഇരുപത്തിയാറു വയസാണ്. ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജറുണ്ട്. അന്ന് അയാളുടെ കരിയറിന്റെ തുടക്കമാണ്.
ഒരു ലീഡിങ് നടിയോട് അങ്ങനെ പറയണമെങ്കിൽ എത്ര ധൈര്യം ഉണ്ടാവണം. അയാൾ എന്നോട് പറഞ്ഞത്, ഇരുപത്തിയാറു വയസായില്ലേ, പ്രായമായി ഇനി നിങ്ങൾ സിനിമയിൽ നിന്ന് പോയാൽ മതിയെന്നായിരുന്നു. അത്രയേയുള്ളൂ. നിങ്ങൾ പറയുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളും, നമ്മുടെ സംഭാവനകളും സിനിമയിലെ ബിസിനസുമെല്ലാം അപ്പോൾ അപ്രസക്തമായി മാറുകയാണ്.