| Wednesday, 24th February 2021, 2:55 pm

രാഷ്ട്രീയമായി കോളിളക്കങ്ങള്‍ സൃഷ്ടിക്കുമെന്നറിയാം: പുതിയ സിനിമയെ കുറിച്ച് പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാര്‍വതിയെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം അടുത്ത മാസമാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോള്‍ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ പറയുകയാണ് പാര്‍വതി തിരുവോത്ത്.

രാഷ്ട്രീയപരമായി വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയാമായിരുന്നെന്നും എങ്കിലും പറയേണ്ട കാര്യങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും പാര്‍വതി പറഞ്ഞു. സിദ്ധാര്‍ത്ഥ് ശിവയാണ് ഈ സിനിമ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ബെന്‍സി പ്രൊഡക്ഷന്‍സ് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘വര്‍ത്തമാന കാലത്ത് നടക്കുന്ന നീതിരഹിതമായ, ഏറെ പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ചാണ് വര്‍ത്തമാനം സംസാരിക്കുന്നത്. ഈ സിനിമ ചെയ്യാനുള്ള തീരുമാനത്തിന് കാരണം സിദ്ധാര്‍ത്ഥ് ശിവയാണ്. സിദ്ധാര്‍ത്ഥിന്റെ മുന്‍പുള്ള വര്‍ക്കുകളും കഥ പറഞ്ഞ രീതിയും അദ്ദേഹത്തിന്റെ പൊളിറ്റിക്‌സുമായി എനിക്ക് യോജിപ്പ് തോന്നി. ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥിനൊപ്പം ഒരു സീനില്‍ അഭിനയിക്കാനും എനിക്ക് അവസരം ലഭിച്ചിരുന്നു.

വര്‍ത്തമാനം രാഷ്ട്രീയപരമായി വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുമെന്നറിയാമായിരുന്നു. പക്ഷെ പറയേണ്ട ഒരു കാര്യം തന്നെയാണ് ചിത്രം പറയുന്നത്. ഇങ്ങനെത്തെ ഒരു പടം വരണം. നമ്മള്‍ സംസാരിക്കേണ്ട രാഷ്ട്രീയം സിനിമയിലൂടെയായിരിക്കണം. ആ രാഷ്ട്രീയം നേരിട്ട് എടുത്തുപറയുന്നതിനേക്കാള്‍ നല്ലത് സിനിമയിലൂടെ പറയുന്നതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഈ സിനിമ ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്,’ പാര്‍വതി പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ദല്‍ഹിയിലെത്തുന്ന ‘ഫൈസാ സൂഫിയ’ എന്ന വിദ്യാര്‍ത്ഥിയായിട്ടാണ് പാര്‍വതി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 12 നായിരിക്കും വര്‍ത്തമാനം റിലീസ് ചെയ്യുക. നേരത്തെ ഫെബ്രുവരി അവസാന വാരം ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ദല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ചിത്രീകരിച്ചത്. നേരത്തെ സിനിമക്ക് കേരള സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു. ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരുന്നത്.

പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ അഴകപ്പന്‍, ഗാനരചന റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസ്, പി.ആര്‍.ഒ. പി.ആര്‍.സുമേരന്‍ എന്നിവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Actress Parvathy Thiruvothu about Varthamanam movie and the political controversy
We use cookies to give you the best possible experience. Learn more