|

കുട്ടിയുടെ അച്ഛനാരാണെന്നല്ല, ഓണറാരാണ് എന്നായിരുന്നു ചോദ്യം; പേടിയുള്ളത് കൊണ്ട് കുടുംബത്തില്‍ നിന്നാരും എന്നെ വിളിക്കാറില്ല: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാര്‍വതി തിരുവോത്ത്, നിത്യ മേനെന്‍, നദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അമൃത സുഭാഷ്, അര്‍ച്ചന പത്മിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് വണ്ടര്‍ വുമണ്‍.

സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ രീതി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാ വിഷയമായ ഒന്നായിരുന്നു.

പോസിറ്റീവ് റിസള്‍ട്ട് കാണിക്കുന്ന പ്രെഗ്നന്‍സി ടെസ്റ്ററിന്റെ ഫോട്ടോയായിരുന്നു പാര്‍വതിയും നിത്യയുമടക്കമുള്ള താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഒരേ സമയം പങ്കുവെച്ചത്.

ഇത് പോസ്റ്റ് ചെയ്തതിന്റെ അനുഭവവും അതിന് വന്ന കമന്റുകളെ കുറിച്ചും സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി തിരുവോത്ത്.

”അതിലെ തമാശ എന്താണെന്ന് വെച്ചാല്‍, ചില കമന്റുകളായിരുന്നു. നമ്മള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള നെഗറ്റീവ് കമന്റ്‌സോ സൈബര്‍ അറ്റാക്കോ ഒന്നും ഉണ്ടായിരുന്നില്ല.

പക്ഷെ വളരെ ചുരുക്കം ചില കമന്റുകളായിരുന്നു ‘കുട്ടിയുടെ ഓണര്‍ ആരാണ്’ എന്നൊക്കെ ചോദിച്ചുകൊണ്ട്. ബേബിയുടെ ഡാഡിയാരാണ് എന്ന് പോലുമല്ല ചോദിച്ചത്, ഓണര്‍ ആരാണ് എന്നായിരുന്നു.

ഭാഗ്യത്തിന് അമ്മയോട് നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് അവര്‍ക്ക് ഹാര്‍ട്ട് അറ്റാക്കൊന്നും വന്നില്ല. അല്ലായിരുന്നെങ്കില്‍ അവരെയാണ് കുടുംബക്കാരൊക്കെ വിളിക്കുക. കുറച്ചുകൂടി പേടിയുള്ളത് കൊണ്ട് കുടുംബത്തില്‍ നിന്നാരും എന്നെ വിളിക്കാറില്ല.

അച്ഛനെയും അമ്മയെയും വിളിച്ചാണ് കാര്യങ്ങള്‍ പറയുക. മതിയായി, ഇനിയെങ്കിലും നിങ്ങളൊന്ന് നിര്‍ത്തുമോ എന്നാണ് അമ്മ  അവരോട് ചോദിച്ചത്.

ഓരോ ഓഡിയന്‍സിന്റെയും സ്‌പേസ് വേറെയാണ്. ചിലര്‍ക്ക് നമ്മുടെ ലൈഫില്‍ അത്രയും ഇന്‍വെസ്റ്റ്‌മെന്റുണ്ടാകും.

എനിക്ക് തോന്നുന്നു മലയാളത്തിലൊക്കെ പ്രേക്ഷകര്‍ക്ക് ആക്ടേഴ്‌സുമായി കുറച്ചുകൂടി ഒരു അകലമുണ്ട്. അഭിനേതാക്കളെ ദൈവങ്ങളായി കാണുന്ന സംഭവമൊന്നും ഇവിടെ അത്രയ്ക്ക് ഇല്ലാത്തത് കൊണ്ട് നമ്മളങ്ങനെ ഈ ഫണ്ണുമായി രക്ഷപ്പെട്ട് പോയി.

പക്ഷെ വേറെ ഏതെങ്കിലും ഇന്‍ഡസ്ട്രിയായിരുന്നെങ്കില്‍ ഈ പ്രൊമോഷന്‍ രീതി കൊണ്ടുവരുന്നത് കുറച്ചുകൂടി ബുദ്ധിമുട്ടുള്ള, ഒരു ട്രിക്കി കാര്യമായേനെ,” പാര്‍വതി പറഞ്ഞു.

അതേസമയം, സമ്മിശ്ര പ്രതികരണമാണ് വണ്ടര്‍ വുമണിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Content Highlight: Actress Parvathy Thiruvothu about the promotion of Wonder Women movie

Latest Stories