എഴുതാനിരിക്കുമ്പോഴാണ് താന്‍ പൂര്‍ണമായും താനാവുന്നതെന്നും യാത്രയിലാണ് ഏറ്റവും കൂടുതല്‍ എഴുതാറുള്ളതെന്നും നടി പാര്‍വതി. ജീവിതയാത്രക്കിടെ അത്തരത്തില്‍ കുത്തിക്കുറിച്ച ചില കാര്യങ്ങള്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും എഴുതിയതൊന്നും മറ്റാരേയും കാണിക്കാറില്ലെന്നും പാര്‍വതി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
തനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാല്‍ അതെടുത്ത് കത്തിച്ചുകളയണമെന്നാണ് സുഹൃത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാര്‍വതി പറയുന്നു.
‘ഞാന്‍ പൂര്‍ണമായും ഞാനാവുന്നത് പേനയും പേപ്പറുമായി എഴുതാനിരിക്കുമ്പോഴാണ്. യാത്രയിലാണ് ഏറ്റവും കൂടുതല്‍ എഴുതാറുള്ളത്. എഴുതിയത് മറ്റാരേയും കാണിക്കാറില്ല. ഒരു സ്യൂട്ട് കേസില്‍ അടച്ചുസൂക്ഷിച്ചിരിക്കുകയാണ്. എനിക്കല്ലാതെ അത് തുറക്കാനുള്ള പാസ്‌വേഡ് അറിയുന്നത് അടുത്ത സുഹൃത്തിന് മാത്രമാണ്.
എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതെല്ലാമെടുത്ത് കത്തിച്ചുകളയണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുമാത്രമാണ് എന്റെ വില്‍പ്പത്രത്തില്‍ എഴുതിവെക്കുക. കാരണം ആളുകള്‍ എന്നെ ഓര്‍മ്മിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കും. മറ്റുള്ളവര്‍ ഓര്‍മ്മിച്ചില്ലെങ്കിലും കുഴപ്പമില്ല.
അത്തരമൊരു ചിന്തയോടെ ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നുണ്ട്. അത്രയും ലാഘവത്തോടെയാണ് ജീവിതത്തെ കാണുന്നത്. അങ്ങനെയല്ലെങ്കില്‍ നമ്മുടെ ഇമേജിനെ കുറിച്ച് ചിന്തിച്ച് വേവലാതി ഉണ്ടാവും. അപ്പോള്‍ സത്യത്തില്‍ ഞാനാരാണോ അതില്‍ നിന്ന് മാറേണ്ടി വരും. മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല ഞാന്‍ ജീവിക്കുന്നത്. എനിക്കുവേണ്ടി തന്നെയാണ്. ‘, പാര്‍വതി പറയുന്നു.
സ്വകാര്യത നഷ്ടമാകുന്നതില്‍ ബുദ്ധിമുട്ട് തോന്നാറുണ്ടോ എന്ന ചോദ്യത്തിന് അഭിനേത്രി എന്ന നിലയില്‍ മറ്റുള്ളവരുടെ ശ്രദ്ധ എപ്പോഴുമുണ്ടാവുമെന്നും പലപ്പോഴും അത് നമ്മുടെ സ്വകാര്യതയെ ബാധിക്കുമെന്നും അത് ബുദ്ധിമുട്ട് തന്നെയാണ് എന്നുമായിരുന്നു പാര്‍വതിയുടെ മറുപടി.
ജോലി നന്നായി ചെയ്ത ശേഷം വീട്ടില്‍പോവാന്‍ ആഗ്രഹിക്കുന്നവളാണ് ഞാന്‍. പക്ഷേ സിനിമ ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ ചെയ്യാതിരിക്കാനാവില്ല. നമ്മള്‍ നേരിടുന്ന പല ചോദ്യങ്ങളും നമ്മളെ വല്ലാതെ വേദനിപ്പിച്ചെന്ന് വരും, പാര്‍വതി പറയുന്നു.
പാര്‍വതിയെന്ന വ്യക്തിയെ പാര്‍വതി നിര്‍വചിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് അങ്ങനെ നിര്‍വചിക്കാറില്ലെന്നും മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതെല്ലാം നിര്‍ത്തിയെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള പാര്‍വതിയുടെ മറുപടി.
‘അത്തരത്തില്‍ സ്വയം കണ്ടെത്താനുള്ള പരിശ്രമങ്ങളൊക്കെ അവസാനിപ്പിച്ച് അത്തരം ധാരണകളൊന്നുമില്ലാതെ സ്വതന്ത്രമായി ലാഘവത്തോടെ ജീവിക്കുന്നതില്‍ വലിയ സുഖമുണ്ട്. ജീവിക്കുന്ന ഓരോ നിമിഷവും അങ്ങനെ തന്നെ ആസ്വദിച്ച് ജീവിക്കുന്നു. ഒരു കാര്യം പറയാം. എത്രത്തോളം സത്യസന്ധമായി ജവിക്കാന്‍ പറ്റുമോ അതിന് ഞാന്‍ ശ്രമിക്കുന്നുണ്ട്’, പാര്‍വതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Parvathy Thiruvothu about her writings