കൊച്ചി: സ്ത്രീശാക്തീകരണം കാണിക്കുന്നതിനായി മാത്രം സിനിമകളെടുക്കുന്നതിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. വനിതാദിനത്തില്‍ മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശം.
‘സ്ത്രീശാക്തീകരണം കാണിക്കുന്നതിനുവേണ്ടി രണ്ട് സിനിമ പെട്ടെന്നെടുക്കുക, എന്നിട്ട് പരമാവധി പി.ആര്‍. ചെയ്യുക. അതുകൊണ്ടൊന്നും കാര്യമില്ല. സ്വാഭാവികമായി അത്തരം സിനിമകള്‍ വരണം. അതിന് തുടര്‍ച്ച വേണം. മലയാളത്തിലാണ് അത് ഏറ്റവും കൂടുതലുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോഴിറങ്ങിയിട്ടുള്ള ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ നോക്കൂ. നിങ്ങള്‍ നേരത്തേ പറഞ്ഞ സിനിമകളെക്കാളൊക്കെ മുകളിലാണത്,’ പാര്‍വതി പറഞ്ഞു.
വ്യത്യസ്ത ഭാഷകളിലെ സിനിമാ ഇന്‍ഡസ്ട്രികളിലെ ചലനങ്ങളെ താരതമ്യംചെയ്യരുതെന്നും ഓരോന്നിന്റെയും ചരിത്രം ഭിന്നമാണെന്നും പാര്‍വതി പറഞ്ഞു.
‘കേരളത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും രാഷ്ട്രീയചരിത്രം തന്നെ ഭിന്നമാണ്. സിനിമയിലും സാഹിത്യത്തിലുമെല്ലാം അതാണ് പ്രതിഫലിക്കുക. നമ്മുടെ സിനിമകളും സാഹിത്യവുമെല്ലാം കൂടുതല്‍ പൊളിറ്റിക്കലാണ്, ആഴത്തിലുള്ളതാണ്. ഉള്ളിലേക്ക് നോക്കുന്ന രീതിയിലുള്ള സാഹിത്യമാണ് നമ്മുടേത്. ആത്മവിമര്‍ശനത്തിന്റെ അംശങ്ങള്‍ അതിലുണ്ട്. അതൊക്കെ സിനിമയിലും പ്രതിഫലിക്കുന്നു,’ പാര്‍വതി പറയുന്നു.
പാര്‍വതിയും മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്ന പുഴുവാണ് ഇനി പാര്‍വതിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. വനിതാദിനത്തിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ സന്തത സഹചാരിയായ എസ്. ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നടി രേവതി ആശ കേളുണ്ണി ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം സംവിധാന സഹായിയായും റത്തീന പ്രവര്‍ത്തിച്ചിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ സിനിമാസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ വിതരണം. ഹര്‍ഷാദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
തേനി ഈശ്വറാണ് ക്യാമറ. ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്‌സ് ബിജോയ്. ആര്‍ട്ട് മനു ജഗത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ. സ്റ്റില്‍ ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍.
രാജേഷ് കൃഷ്ണ, റനീഷ് അബ്ദുള്‍ഖാദര്‍, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്.നിലവില്‍ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ് മമ്മൂട്ടി ജോയിന്‍ ചെയ്യുക പുഴുവിലായിരിക്കും. വര്‍ത്തമാനം, ആര്‍ക്കറിയാം എന്നിവയാണ് പാര്‍വതിയുടെതായി തിയേറ്ററുകളില്‍ ഉടനെയെത്തുന്ന ചിത്രങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actress Parvathy Thiruvoth Speaks About Women Centric Films