തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി അഭിനേത്രി പാര്‍വതി തിരുവോത്ത്. രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാനിരിക്കുന്ന സിനിമാ കോണ്‍ക്ലേവിനെതിരെ പാര്‍വതി വിമർശനം ഉയർത്തി.
വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കണോ എന്നായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യു.സി.സി.യുടെ പോരാട്ടം അവസാനിക്കുന്നില്ല. സര്‍ക്കാരില്‍ വിശ്വാസവുമുണ്ട്. എന്നാല്‍ ഇരകള്‍ പരാതി കൊടുക്കേണ്ട ആവശ്യമില്ല. പരാതി കൊടുക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. റിപ്പോര്‍ട്ടില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും പാര്‍വതി പറഞ്ഞു.
സര്‍ക്കാരില്‍ വിശ്വാസമുണ്ട് എന്നല്ല പറയേണ്ടത്, നമുക്ക് മറ്റൊരു ചോയ്‌സില്ല. നമ്മള്‍ നികുതിയടച്ചും വോട്ട് ചെയ്തും ഒരു സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അവര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് സേവനം ചെയ്യേണ്ടതെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍, നാലര വര്‍ഷം കൊണ്ട് ജീവിതങ്ങള്‍ മാറിപ്പോയേനെയെന്നും പാര്‍വതി പറഞ്ഞു.
സര്‍ക്കാര്‍ മുന്നോട്ട് ചെയ്യാനുദ്ദേശിക്കുന്ന നടപടികളെ സസൂക്ഷ്മം നിരീക്ഷിക്കും. ട്രൈബ്യൂണല്‍, കോണ്‍ക്ലേവ് തുടങ്ങിയവയില്‍ കൂടുതല്‍ വ്യക്തത വേണമെന്നും ഇതിന്റെയെല്ലാം നിര്‍വചനം എന്താണെന്ന് വെളിപ്പെടുത്തണമെന്നും പാര്‍വതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും പാര്‍വതി ചോദിക്കുകയുണ്ടായി. സര്‍ക്കാര്‍ തന്നെ ചോദിക്കുകയാണ് നിങ്ങള്‍ എന്തുകൊണ്ട് പൊലീസില്‍ പോയില്ല. അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നല്‍കിയവരില്‍ എത്രപേര്‍ക്കാണ് നീതി ലഭിച്ചതെന്നും പാര്‍വതി ചോദിച്ചു.
അതേസമയം ഹിറ്റ് സിനിമകള്‍ ചെയ്തിട്ടും തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നും അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ഒരു ചര്‍ച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്നും പാര്‍വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൊഴിലിടങ്ങളിൽ നേരിടുന്ന പ്രതിസന്ധികൾ പുറത്തുപറഞ്ഞാല്‍ സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കപ്പെടുമെന്നും പാര്‍വതി തിരുവോത്ത് ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ചയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളുമാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഉള്ളടക്കം. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമാണ് പുറത്തുവിട്ടത്. കാണുന്നതെല്ലാം വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ കമ്മിറ്റി പറഞ്ഞിരുന്നത്. മൊഴികള്‍ ഞെട്ടിക്കുന്നതാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. തെളിവുകള്‍ സഹിതമാണ് മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി കണ്ടെത്തലുകളാണ് ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
Content Highlight: Actress Parvathy Thiruvoth reacts after the release of the Hema committee report