| Friday, 8th October 2021, 10:49 am

വര്‍ഷങ്ങളോളം ഞാന്‍ ചിരിക്കാതിരുന്നു, ബുളീമിയ എന്ന അവസ്ഥയെ അതിജീവിച്ച അനുഭവം പങ്കുവെച്ച് പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ബുളീമിയ എന്ന രോഗാവസ്ഥയെ അതീജീവിച്ച അനുഭവം തുറന്നുപറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ശരീരം വണ്ണംവെക്കുന്നതിനെ കുറിച്ചും താന്‍ ചിരിയ്ക്കുമ്പോഴുള്ള മുഖത്തിന്റെ ഭംഗിയില്ലായ്മയെ കുറിച്ചുമുള്ള ആളുകളുടെ കമന്റ് തന്നെ മാനസികമായി തളര്‍ത്തിയിരുന്നെന്നും
അത്തരം അഭിപ്രായങ്ങളും പരിഹാസങ്ങളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചതെന്നും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് നമ്മള്‍ നടത്തുന്ന അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥയ്ക്ക് കാരണമാകാമെന്നും അതിനാല്‍ ഇത്തരം അഭിപ്രായങ്ങളും കമന്റുകളും പറയാതിരിക്കാന്‍ ശ്രമിക്കണമെന്നും പാര്‍വതി പറഞ്ഞു.

അമിത ഭാരത്തെക്കുറിച്ചും ശരീരപ്രകൃതിയെക്കുറിച്ചും അമിത ആശങ്കയുള്ളവരില്‍ കാണുന്ന രോഗമാണ് ബുളീമിയ. ഇവര്‍ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കും. ഇത്തരം അവസ്ഥകളിലൂടെയാണ് താനും കടന്നു പോയതെന്ന് പാര്‍വതി പറയുന്നു.

പാര്‍വതിയുടെ വാക്കുകള്‍

‘വര്‍ഷങ്ങളോളം ഞാന്‍ എന്റെ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. ഞാന്‍ ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാവുന്നതിനെ കുറിച്ച് എന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും പറയുമായിരുന്നു.

മാത്രമല്ല എന്റേത് നല്ല ആകൃതിയിലുള്ള, ഭംഗിയുള്ള താടിയല്ലെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. അതോടെ ഞാന്‍ ചിരിക്കുന്നത് നിര്‍ത്തി. ചില സമയങ്ങളില്‍ മാത്രം മുഖം വിടര്‍ത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നു.

പുറത്ത് ഏതെങ്കിലും പരിപാടികള്‍ക്ക് പോവുമ്പോഴും ജോലി സ്ഥലത്തും ഞാന്‍ തനിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞാന്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് പലപ്പോഴും ആളുകള്‍ കമന്റ് ചെയ്യുമെന്നതായിരുന്നു അതിന്റെ കാരണം.

ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ പലരും എന്നോട് ‘കുറച്ച് കഴിച്ചൂടെ’ എന്ന് ചോദിച്ചിട്ടുണ്ട്. അത് കേള്‍ക്കുന്നതോടെ പിന്നെ എനിക്ക് ഒന്നും കഴിക്കാന്‍ സാധിക്കാതായി.

ഞാന്‍ അവസാനം കണ്ടതിലും നീ തടി വച്ചോ?

കുറച്ചു മെലിയണം

ഓ..നീ തടി കുറഞ്ഞോ? നന്നായി

നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ?

നീ ഭക്ഷണം കൂടുതലായി കഴിക്കുന്നുണ്ടെന്ന് ഞാന്‍ നിന്റെ ഡയറ്റീഷനോട് പറയും

മാരിയാന്‍ സിനിമയിലെപ്പോലെ നിനക്ക് തടി കുറച്ചൂടെ!

ഇങ്ങനെ തുടങ്ങി തങ്ങള്‍ പറയുന്നതെല്ലാം നല്ലതിന് വേണ്ടിയാണെന്നും അതെല്ലാം തമാശമായി മാത്രം എടുത്തുകൂടെ എന്നുള്ള കമന്റുകളൊന്നും എന്റെ ശരീരം കേട്ടിരുന്നില്ല.

ആളുകള്‍ പറയുന്നതെല്ലാം തന്നെ ഞാന്‍ എന്റെ മനസിലേക്ക് എടുക്കുകയും ഞാന്‍ തന്നെ സ്വയം അത്തരം കമന്റുകള്‍ എന്നോട് പറയാനും തുടങ്ങി. അതിന് ഞാന്‍ അഗാധമായി ക്ഷമ ചോദിക്കുന്നു.

അത്തരം വാക്കുകളെല്ലാം എന്നെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും എനിക്ക് അതിന് സാധിച്ചില്ല. വൈകാതെ തന്നെ ബുളീമിയ എന്ന തീവ്രമായ അവസ്ഥയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു.

അതില്‍ നിന്നും പുറത്തുവരാന്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രയത്നം വേണ്ടിവന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും, ഫിറ്റ്നസ് കോച്ചിന്റെയും, തെറാപ്പിസ്റ്റിന്റെയും സഹായത്തോടെ ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ തുടങ്ങി.

ദയവായി നിങ്ങള്‍ മറ്റുള്ളവരുടെ സ്‌പേസിനെ മാനിക്കുക. അവരുടെ ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ തമാശകളും, കമന്റുകളും, അഭിപ്രായങ്ങളുമെല്ലാം നിങ്ങളുടെ മനസില്‍ തന്നെ സൂക്ഷിക്കുക. അത് എത്ര നല്ലതിന് വേണ്ടിയാണെങ്കിലും അവരോട് പറയാതിരിക്കുക, പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight:Actress Parvathy Thiruvoth About Surviving Bulimia

We use cookies to give you the best possible experience. Learn more