കൊച്ചി: ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പോസ്റ്റുകൾ മറയ്ക്കുന്ന ഇൻസ്റ്റഗ്രാം അൽഗോറിതത്തെ മറികടക്കാൻ ചിത്രങ്ങളും ഉള്ളടക്കവും സമ്മിശ്രമായി പോസ്റ്റ് ചെയ്ത് അഭിനേത്രി പാർവതി തിരുവോത്ത്.
താൻ ചിരിക്കുന്ന ചിത്രം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത താരം യഥാർത്ഥത്തിൽ താൻ ചിരിക്കുകയാണോ എന്ന് കുറിപ്പിൽ ചോദിക്കുന്നു. കണ്ണുകൾ മുഴുവൻ റഫയിലേക്കാണെന്നും അൽഗോറിതത്തെ മറികടക്കാൻ ഇസ്രഈൽ വംശഹത്യ നടത്തുന്നതിനെ കുറിച്ച് എല്ലാം കൂട്ടിക്കുഴച്ചുകൊണ്ട് ഷെയർ ചെയ്യൂ എന്നും പാർവതി പറയുന്നു.
റഫയിലെ ദുരന്തത്തിന്റെ ഭീകരത മുഖ്യധാര മാധ്യമങ്ങൾ മായ്ച്ചുകളയുകയാണെന്നും സമൂഹ മാധ്യമങ്ങളിൽ ഇത്തരം ഉള്ളടക്കങ്ങൾ അടിച്ചമർത്തുകയാണെന്നുമുള്ള അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ഉമർ സുലൈമാന്റെ പോസ്റ്റും പാർവതി പങ്കുവെച്ചിട്ടുണ്ട്.
‘ഇതാണ് പ്രണയത്തെ കുറിച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിളംബരം’ നിങ്ങളുടേതോ?’ എന്ന ക്വസ്ത്യൻ സ്റ്റിക്കർ പങ്കുവെച്ചുകൊണ്ട് ഷിറ്റ്സ് ഗ്രീക്ക് എന്ന ടി.വി ഷോയിലെ ഗാനം പാർവതി സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന് താഴെ ഹലോ അൽഗോറിതം ബ്രോ എന്ന് ഹാഷ്ടാഗും ഫലസ്തീൻ പ്രതിരോധത്തെ സൂചിപ്പിക്കുന്ന തണ്ണിമത്തന്റെ ഇമോജിയും ചേർത്തിട്ടുണ്ട്.
തുടർന്ന് ഈ ക്വസ്റ്റ്യൻ സ്റ്റിക്കറിന് ലഭിച്ച പ്രണയത്തെ കുറിച്ചുള്ള മറുപടികൾ ഗസയിലെ വാർത്തകൾക്കൊപ്പമാണ് പാർവതി പങ്കുവെച്ചത്.
CONTENT HIGHLIGHT: Actress Parvathy Thiruvoth about Instagram algorithm hiding content on Israel Genocide