| Tuesday, 29th March 2022, 12:56 pm

'പരാതി പരിഹാര സെല്ലിനെതിരെ രംഗത്ത് വന്നത് ഇന്‍ഡസ്ട്രിയിലെ കരുത്തരായവര്‍; റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും വീണുടയും: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും വീണുടയുമെന്ന് നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയപ്പോള്‍ അവസരം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും ആഭ്യന്തര പരാതി പരിഹാര സെല്ലിനെതിരെ പ്രവര്‍ത്തിച്ചത് സിനിമാ മേഖലയിലെ കരുത്തരാണെന്നും പാര്‍വതി പറഞ്ഞു. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

ഹേമ കമ്മിറ്റിയുടെ കാര്യമെടുത്താല്‍ ആദ്യം ഒരു കമ്മിറ്റി വരുന്നു. വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. ഈ കമ്മിറ്റി പഠിച്ചതൊക്കെ പഠിക്കാന്‍ വീണ്ടും മറ്റൊരു കമ്മിറ്റി വരുന്നു. തെരഞ്ഞെടുപ്പ് സമയം വരെ ഒന്ന് കാത്തിരുന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊക്കെ വളരെ പെട്ടെന്ന് പുറത്തുവരുമെന്നാണ് തോന്നുന്നത്. അതാണ് എന്റെ ഒരു പ്രവചനം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സ്ത്രീസൗഹൃദ സര്‍ക്കാരായി ഇത് മാറും. ആ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ നമ്മള്‍ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും. അവരുടെ ഈഗോകളും പവര്‍ പൊസിഷനുകളുമാണ് അവര്‍ക്ക് പ്രധാനം, പാര്‍വതി പറഞ്ഞു.

മഹാരാഷ്ട്രയിലുള്ള, ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇന്റേണല്‍ കമ്മിറ്റി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ കാമ്പയിന്‍ നടന്നു. പോഷ് ആക്ട് പ്രകാരം എങ്ങനെ നമ്മുടെ വര്‍ക് സ്‌പേസിനെ സേഫ് ആക്കാമെന്ന് അവര്‍ ചര്‍ച്ച ചെയ്തു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വലിയ ഒരു ഹാന്‍ഡ് ബുക്കുമായി വന്നു. എങ്ങനെ ഇത് നടപ്പിലാക്കുമെന്ന് അവര്‍ ആലോചിച്ചു. ഒടുവില്‍ അവരും വനിത കമ്മീഷനും ചേര്‍ന്നെടുത്ത തീരുമാനം എന്താണെന്നാല്‍ 30 ദിവസം കൊണ്ട് എല്ലാ പ്രൊഡക്ഷന്‍ കമ്പനികളിലും ഒരു ഇന്റേണല്‍ കമ്മിറ്റി വേണമെന്നതായിരുന്നു.

ഇന്റേണല്‍ കമ്മിറ്റി നടപ്പിലാക്കിയില്ലെങ്കില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ പോകുന്നത് അവരുടെ ലൈസന്‍സ് ആണ്. നിങ്ങള്‍ക്ക് ഒരു പ്രൊഡക്ഷന്‍ കമ്പനി നടത്തണമെങ്കില്‍ അവിടെ ഒരു ഇന്റേണല്‍ കമ്മിറ്റി വേണമെന്നായിരുന്നു അവിടുത്തെ ഉത്തരവ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പടമെടുക്കാന്‍ കഴിയില്ല. രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ പെര്‍മിഷന്‍ കിട്ടില്ല. ഇതായിരുന്നു ആ ഉത്തരവ്.

അതാണ് ഞങ്ങള്‍ ഇവിടേയും ആവശ്യപ്പെട്ടത്. എന്നാല്‍ ഒന്നും നടന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ കോടതിയില്‍ പോകുന്നത്. അവിടെ 30 ദിവസം കൊണ്ട് നടന്ന കാര്യം ഇവിടെ രണ്ടരവര്‍ഷം എടുത്തു. നടപ്പിലാക്കാമെന്ന് അവര്‍ പറയുന്നു. ഇനിയും എത്രകാലം അതിനെടുക്കുമെന്ന് അറിയില്ല.

ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഫിലിം ഇന്‍ഡസ്ട്രി, ഈ ആര്‍ട് ഫോമിനെ നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനും ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഒരു സ്‌പേസ് ക്ലീന്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അവിടെ എന്താണ് ഞാന്‍ കേള്‍ക്കുന്നത്. നിനക്ക് അതിന് കഴിയില്ല. അതിന് വേണ്ടി നീ മുന്നോട്ടു പോയാല്‍ നിനക്ക് അവസരങ്ങള്‍ കിട്ടില്ല.

ഏതെങ്കിലും രീതിയിലുള്ള പരാതികള്‍ ഉണ്ടായാല്‍ അതിനെ കുറിച്ച് ആരോടെങ്കിലും പരാതി പറഞ്ഞാല്‍ അത് കുഴപ്പമില്ല. അയാള്‍ അങ്ങനെയുള്ള സ്വഭാവമുള്ള ആളാണ് എന്തുചെയ്യാന്‍ പറ്റുമെന്നായിരിക്കും മറുപടി. ആദ്യത്തെ കുറേ വര്‍ഷങ്ങള്‍ അങ്ങനെ ഞാന്‍ വിട്ടു. പിന്നെ ചുറ്റും നോക്കിയപ്പോള്‍ എന്റെ കൂടെയുള്ള എന്റെ പെങ്ങന്മാര്‍ക്കെല്ലാം ഇത് സംഭവിക്കുന്നുണ്ട്.

അങ്ങനെയാണ് നമുക്കുണ്ടാകുന്ന പരാതികള്‍ പറയാനെങ്കിലും ഒരു കമ്മിറ്റി ഉണ്ടാകണമെന്ന് ആലോചിക്കുന്നത്. ഇതിനെ കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പറഞ്ഞപ്പോള്‍ അനുകൂല മറുപടി ലഭിച്ചില്ല. ഇന്‍ഡസ്ട്രിയില്‍ പവര്‍ഫുള്‍ ആയിട്ടുള്ള പൊസിഷന്‍ ഹോള്‍ഡ് ചെയ്യുന്ന എല്ലാവരും അതിനെ എതിര്‍ക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ കോടതിയില്‍ പോയി. ഇപ്പോള്‍ കോടതി ആ ഉത്തരവിട്ടു. പക്ഷേ അതിന് 2 വര്‍ഷം എടുത്തു എന്നതാണ്.

സിനിമാ മേഖലയിലെ ഇന്റേണല്‍ കമ്മിറ്റിയുടെ അഭാവം ആര്‍ക്കാണ് ഗുണമായത്. ഇപ്പോള്‍ എനിക്ക് ഒരാളെ ചൂണ്ടിയിട്ട് ഇയാള്‍ എന്നെ അസോള്‍ട്ട് ചെയ്തു അല്ലെങ്കില്‍ ഇയാള്‍ എന്നോട് മോശണായി പെരുമാറി എന്ന് പറയാന്‍ പറ്റാതിരിക്കുന്ന അവസ്ഥ ആര്‍ക്കെങ്കിലും ബെനിഫിറ്റ് ചെയ്യുന്നുണ്ടായിരുന്നിരിക്കണം. അതുകൊണ്ട് തന്നെ ഇത് ഒരിക്കലും സംഭവിക്കാതിരിക്കാനായി അവര്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ ഫൈറ്റ് ചെയ്തു, പാര്‍വതി തിരുവോത്ത് പറഞ്ഞു.

Content Highlight: Actress Parvathy Thiruvoth About Hema Committe report and Goverment attitude

We use cookies to give you the best possible experience. Learn more