ബിജുമേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്‍ക്കറിയാം എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ച ഷെര്‍ലിയുടെ കഥാപാത്രവും പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു.
‘ആര്‍ക്കറിയാം’ എന്നത് സക്കറിയയുടെ പ്രസിദ്ധമായ കഥയുടെ പേരാണെങ്കിലും സിനിമയുടെ ഇതിവൃത്തത്തിന് ആ കഥയുമായി ബന്ധമില്ലെന്ന് പറയുകയാണ് പാര്‍വതി. എന്നാല്‍ സക്കറിയയുടെ കഥകളുടെ അന്തരീക്ഷം ആ സിനിമയ്ക്കുണ്ടെന്നും പാര്‍വതി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു
‘സിനിമ തുടങ്ങുന്നതിനുമുമ്പ് 13 പുസ്തകങ്ങള്‍ സംവിധായകന്‍ സാനു എനിക്കയച്ചു തന്നിരുന്നു. അതെല്ലാം സക്കറിയാ സാറിന്റേതായിരുന്നു. അതെല്ലാം വായിച്ചു.
സിനിമയില്‍ കാണിക്കുന്ന സ്ഥലത്തിന്റെ ഭൂപ്രകൃതിയും അവരുടെ ജീവിതരീതിയും സംസാരവും രാഷ്ട്രീയവുമെല്ലാം മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു അത്.
ശേഷം സിനിമയുടെ സെറ്റില്‍ വെച്ച് സാനുവും അദ്ദേഹത്തിന്റെ ഭാര്യ സന്ദീപയും ഞാനും തമ്മില്‍ നടന്ന ചര്‍ച്ചകളിലൂടെയാണ് ഷെര്‍ലി എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം ഉരുത്തിരിഞ്ഞു വന്നത്.
ഈ സിനിമയുടെ കഥ പൂര്‍ണമായും സാനുവിന്റേത് തന്നെയാണ്. പക്ഷേ, സക്കറിയാ സാറിന്റെ കഥകളുടെ മണം ഉണ്ടെന്ന് പറയാം. സാനു, പാലാക്കാരനാണ്. കഥാപാത്രത്തിന്റെ ഡയലക്ട് എങ്ങനെയാണെന്നെല്ലാം പറഞ്ഞു തന്നത് സാനു തന്നെയാണ്,’ പാര്‍വതി പറയുന്നു.
കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ മലയാള സിനിമയാണ് എന്നും മുന്നില്‍ നില്‍ക്കുന്നതെന്നും മികച്ച എഴുത്തുകാരുടെ ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മലയാളത്തിലെ അഭിനേത്രികള്‍ക്ക് അവസരം കിട്ടുന്നുണ്ടെന്നും പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞു.
പുരുഷകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെപ്പോലും ഏറെ ശക്തമായ രീതിയിലാണ് മലയാളത്തിലെ പല തിരക്കഥാകൃത്തുകളും അവതരിപ്പിച്ചിരിക്കുന്നത്.
ശോഭനച്ചേച്ചിയും ഉര്‍വശിച്ചേച്ചിയും സുകുമാരിയമ്മയുമെല്ലാം മിഴിവുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. കെ.ജി. ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല് പോലുള്ള സിനിമകളുടെ തനിമ എത്ര കഴുകിക്കളഞ്ഞാലും പോവില്ല. അതിലെ സ്ത്രീകഥാപാത്രങ്ങള്‍ സ്‌ക്രീനിനപ്പുറത്തേക്ക് ഓടിപ്പോകുന്ന രംഗം, ചുമര്‍ തകര്‍ത്ത് ഓടിപ്പോവുക എന്നൊരു സംഭവമുണ്ട് അതില്‍. അതിനെക്കാള്‍ ശക്തമായൊരു ഇമേജറി എന്റെ മനസ്സിലില്ല.
അതേപോലെയാണ് ആള്‍ക്കൂട്ടത്തില്‍ തനിയെയിലെ സീമച്ചേച്ചിയുടെ കഥാപാത്രം. ആ കാലഘട്ടത്തിലെ ഐഡിയോളജിയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും സൂക്ഷ്മമായി ആഴത്തിലുള്ള വികാരങ്ങളാണ് ആ കഥാപാത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അത്തരം പരിശ്രമങ്ങള്‍, സിനിമകള്‍ മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലും കാണില്ല. അതുപോലെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നല്ല ഉദാഹരണമാണ്. നമ്മുടെ സിനിമകളും സാഹിത്യവുമെല്ലാം കൂടുതല്‍ പൊളിറ്റിക്കലാണ്, ആഴത്തിലുള്ളതാണ്. ഉള്ളിലേക്ക് നോക്കുന്ന രീതിയിലുള്ള സാഹിത്യമാണ് നമ്മുടേത്. ആത്മവിമര്‍ശനത്തിന്റെ അംശങ്ങള്‍ അതിലുണ്ട്. അതൊക്കെ സിനിമയിലും പ്രതിഫലിക്കുന്നുണ്ട്,’ പാര്‍വതി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി
Content Highlight: Actress Parvathy Thiruvithu About Aarkkariyam Movie