| Thursday, 8th March 2018, 3:09 pm

'നിന്നെയിനി അഭിനയിപ്പിക്കില്ല' എന്നു പറഞ്ഞ ആണ്‍കോയ്മയുടെ മുമ്പില്‍ അഭിമാനത്തോടെ പാര്‍വ്വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സോഷ്യല്‍ മീഡിയയില്‍ തന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തവരോടുള്ള പാര്‍വ്വതിയുടെ മധുരപ്രതികാരം. “നിന്നെയിനി അഭിനയിപ്പിക്കില്ലെടീ” എന്നു പറഞ്ഞ് ആക്രമിച്ചവര്‍ക്കും “അഭിപ്രായം പറഞ്ഞുവെന്ന ഒറ്റക്കാരണത്താല്‍ നീ അഭിനയിക്കുന്ന സിനിമ എട്ടുനിലയില്‍ പൊട്ടിക്കുമെന്ന്” ഭീഷണിപ്പെടുത്തിയവര്‍ക്കും മുമ്പില്‍ അഭിമാനത്തോടെ നില്‍ക്കുകയാണ് പാര്‍വ്വതിയിപ്പോള്‍.

തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ വച്ച് സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചതിന്റെ പേരിലാണ് പാര്‍വ്വതി ആക്രമണത്തിന് ഇരയായത്. മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗിനെ വിമര്‍ശിച്ചതാണ് സൈബര്‍ ഗുണ്ടകളെ പ്രകോപിപ്പിച്ചത്.


Also Read:  അഭിമുഖം -ഇന്ദ്രന്‍സ് ;ജീവിതത്തില്‍ കൂറെ കൂടി നിറം പിടിപ്പിച്ചാല്‍ എനിക്ക് പലതും നഷ്ടപ്പെടും


“ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്നു. ആ സിനിമയുടെ അണിറയില്‍ പ്രവര്‍ത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്” എന്നായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം.

മമ്മൂട്ടിയെ പാര്‍വ്വതി അപമാനിച്ചുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ സൈബര്‍ ഗുണ്ടകള്‍ ഈ പരാമര്‍ശത്തെ ഉപയോഗിച്ചത്. തുടര്‍ന്ന് കേട്ടാലറയ്ക്കുന്ന തെറികള്‍ കൊണ്ടും അധിക്ഷേപം കൊണ്ടുമാണ് ഇവര്‍ പാര്‍വ്വതിയെ നേരിട്ടത്. “പാര്‍വ്വതി കൊച്ചമ്മ” “ഫെമിനിച്ചി” തുടങ്ങിയ വിളികള്‍ കൊണ്ട് ഇവര്‍ പാര്‍വ്വതിയെ നേരിട്ടത്. ഒപ്പം വെര്‍ബല്‍ റെയ്പ്പും ബലാത്സംഗ ഭീഷണിയും ട്രോളുകളും. സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന ചിലരും ഇവര്‍ക്കൊപ്പം കൂടിയിരുന്നു. സോഷ്യല്‍ മീഡിയകളിലും മറ്റും പാര്‍വ്വതിയെ പിന്തുണച്ചു രംഗത്തുവന്നവരെപ്പോലും ആക്രമിക്കുന്നതാണ് കണ്ടത്.


Related Article: പാര്‍വ്വതി, വെല്‍ഡണ്‍ മൈഗേള്‍; നീ പറഞ്ഞത് തെളിയിച്ചിരിക്കുന്നു


ആക്രമണം ശക്തമായതോടെ പാര്‍വ്വതി വിശദീകരണവുമായി രംഗത്തുവന്നിരുന്നു. മമ്മൂട്ടിയ്‌ക്കെതിരെയല്ല സ്ത്രീവിരുദ്ധതയ്‌ക്കെതിരെയാണ് താന്‍ സംസാരിച്ചതെന്നും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് പാര്‍വ്വതി വ്യക്തമാക്കിയത്.

“ഒരു സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ള എന്റെ പ്രതികരണത്തെ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാള്‍ക്കെതിരെയുള്ള “വിമര്‍ശനം” എന്ന തലത്തില്‍ മസാല ചേര്‍ത്ത് നല്‍കിയ മാധ്യമങ്ങള്‍ക്ക് നന്ദി. ഈ മഞ്ഞപത്രങ്ങളുടെ വാര്‍ത്തകള്‍ വിശ്വസിച്ച സ്നേഹം നിറഞ്ഞ ആരാധകര്‍ക്ക് നന്ദി. അവര്‍ക്ക് ഓണ്‍ലൈന്‍ ഹിറ്റ്സുകളും എന്‍ഗേജ്മെന്റുകളും ലഭിച്ചതോടെ അവര്‍ക്ക് വേണ്ട പണം അവര്‍ നേടിയെടുത്തു. ഇത്തരം ആക്രമണങ്ങള്‍ സൈബര്‍ അബ്യൂസിന്റെ ഗണത്തില്‍പ്പെടുന്നതാണെന്ന് ഓര്‍ത്താല്‍ നന്നാവും” എന്നായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.

ബലാത്സംഗഭീഷണിയും ആക്രമണവും ശക്തമായപ്പോള്‍ സൈബര്‍ അധിക്ഷേപത്തിനെതിരെ പാര്‍വ്വതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അതോടെ പിന്നീട് ഇതിന്റെ പേരിലായി ആക്രമണവും പരിഹാസവും.

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപം തെല്ലൊന്നടങ്ങിയെന്നിരിക്കെയാണ് പാര്‍വ്വതി നായികയായ “മൈ സ്റ്റോറി” എന്ന ചിത്രത്തിലെ ഗാനരംഗം റിലീസ് ചെയ്തത്. പാര്‍വ്വതിയോടുള്ള ആണ്‍കോയ്മയുടെ ദേഷ്യം ഈ ഗാനരംഗത്തോട് തീര്‍ക്കുന്നതാണ് പിന്നീട് കണ്ടത്. “നിന്റെ ചിത്രം എട്ടുനിലയില്‍ പൊട്ടിക്കും” “നീയിനി അഭിനയിക്കില്ല” തുടങ്ങിയ ഭീഷണികളാണ് ഡിസ്ലൈക്കുകള്‍ക്കൊപ്പം ഈ ഗാനത്തിന്റെ യൂട്യൂബ് വീഡിയോയ്ക്കു കീഴില്‍ പലരും കമന്റ് ചെയ്തത്.

പാര്‍വ്വതിയുടെ നിലപാടുകളെ ആണ്‍കോയ്മ എത്രത്തോളം ഭയക്കുന്നുവെന്നതും, ഇത്തരത്തില്‍ നിലപാടുകള്‍ തുറന്നുപറയുന്ന സ്ത്രീകള്‍ എന്താണ് നേരിടേണ്ടിവരികയെന്നതും ആ വീഡിയോയ്ക്കു കീഴിലെ കമന്റുകള്‍ വായിച്ചാല്‍ ബോധ്യമാകും.

സഹോദരന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സമരത്തിന് പിന്തുണയറിയിപ്പോഴും പാര്‍വ്വതിയ്ക്ക് സൈബര്‍ ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടിവന്നു. “നീ മിണ്ടരുത്, ഇതിലൊക്ക പ്രതികരിക്കാന്‍ ഞങ്ങളുണ്ട്” എന്ന തരത്തിലായിരുന്നു സൈബര്‍ ഗുണ്ടകളുടെ പ്രതികരണം.

കരിയറിയിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ “സമീറ”യെ അവതരിപ്പിക്കാനായ 2017 യഥാര്‍ത്ഥത്തില്‍ പാര്‍വ്വതിക്ക് സൈബര്‍ ആക്രമണത്തിന്റെ വര്‍ഷം കൂടിയായിരുന്നു എന്നു പറയാം. സൈബര്‍ ഇടങ്ങളില്‍ അഭിനയിപ്പിക്കല്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയവരുടെ മുഖത്തേറ്റ അടിയാണ് പാര്‍വ്വതിക്കു ലഭിച്ച ഈ പുരസ്‌കാരം. എന്തൊക്കെ ആക്രമണങ്ങളുണ്ടായാലും ഞാന്‍ ഇവിടെ തന്നെയുണ്ടാവും, അഭിമാനത്തോടെയെന്ന് പറയുകയാണ് പാര്‍വ്വതി.

We use cookies to give you the best possible experience. Learn more