| Monday, 15th February 2021, 11:10 am

ആ സിനിമ ആളുകളില്‍ എത്തുന്നതിന് വേണ്ടി അന്ന് ഞങ്ങള്‍ ചാനലുകളുടെ ഓഫീസുകള്‍ കയറിയിറങ്ങി; അനുഭവം പങ്കുവെച്ച് പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പണ്ടെല്ലാം സംവിധായകര്‍ സെറ്റില്‍ വന്നാല്‍പ്പിന്നെ സഹസംവിധായകര്‍ മിണ്ടാന്‍ പാടില്ല എന്നെല്ലാമുള്ള അവസ്ഥയായിരുന്നെന്നും എന്നാല്‍ ഇന്ന് അത് മാറിത്തുടങ്ങിയിട്ടുണ്ടെന്നും നടി പാര്‍വതി. ഇന്ന് പരസ്പരം ബഹുമാനമുണ്ടെന്നും സ്ത്രീകളുടെ കാര്യത്തിലാണ് തനിക്കത് കൂടുതല്‍ അനുഭവപ്പെടുന്നതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

ലിജോ, ആഷിഖ് അബു, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യുന്നതില്‍ വലിയ സന്തോഷം കണ്ടെത്തുന്ന ആളാണ് താനെന്നും സിനിമയില്‍ ഏതെല്ലാം രീതിയില്‍ മാറ്റങ്ങള്‍ വരുത്താനാവുമെന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് അവരെല്ലാമെന്നും പാര്‍വതി പറയുന്നു.

എന്താണ് അവരുടെ സെറ്റില്‍ കാണുന്ന പ്രകടമായ വ്യത്യാസം എന്ന ചോദ്യത്തിന് ഭയമില്ലാതെ, വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ ജോലി ചെയ്യാവുന്ന ഇടങ്ങളാണ് അത് എന്നായിരുന്നു പാര്‍വതിയുടെ മറുപടി.

പുതിയ തലമുറയിലെ ആളുകള്‍ക്കൊപ്പം സഹകരിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാണെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

‘ ലിജോയുടെ രണ്ടാമത്തെ സിനിമയായ സിറ്റി ഓഫ് ഗോഡില്‍ ഞാനഭിനയിച്ചിരുന്നു. അന്ന് ആ സിനിമയ്ക്ക് വേണ്ടി ലിജോ അനുഭവിച്ച സ്ട്രഗിള്‍ നേരില്‍ കണ്ടതാണ്. സിനിമ ആളുകളില്‍ എത്തുന്നതിന് വേണ്ടി ലിജോയും റിമയും ഞാനുമാക്കെ ഞങ്ങളുടെ കാറില്‍ ചാനലുകളുടെ ഓഫീസില്‍ ചെന്ന് സംസാരിച്ചിരുന്നു. ഞങ്ങള്‍ക്കൊക്കെ അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്ന സിനിമയായിരുന്നു അത്.

നിലവിലുണ്ടായിരുന്ന രീതിയേയും കാഴ്ചശീലങ്ങളേയും മാറ്റിമറിച്ച് പുതിയ സംവേദനക്ഷമത സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്നു ലിജോ. വളരെയധികം ആസ്വദിച്ച് ഞാന്‍ ചെയ്ത കഥാപാത്രമാണ് അതിലെ മരതകം.

പിന്നീട് ലിജോ ഓരോ സിനിമ ചെയ്യുമ്പോഴും മുന്നോട്ടുപോകുമ്പോഴും വലിയ സന്തോഷം തോന്നി. ഡബിള്‍ ബാരല്‍ പോലൊരു സിനിമ ചെയ്യാന്‍ ലിജോയ്ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. ലിജോ, ആഷിഖ് അബു, അഞജലി മേനോന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യുന്നതില്‍ വലിയ സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാന്‍,’ പാര്‍വതി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Parvathy Share an experience about the film city of god

We use cookies to give you the best possible experience. Learn more