Movie Day
മുമ്പ് ഫഹദിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു, അന്ന് നാട്ടുകാര്‍ മൊത്തം എന്നെ പൊങ്കാലയിട്ടതാ; മാലിക് വിശേഷങ്ങളുമായി പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 16, 10:36 am
Friday, 16th July 2021, 4:06 pm

കൊച്ചി: മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായെത്തിയ മാലിക് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിലെ നിര്‍ണായക കഥാപാത്രമായ ജയിലിലെ ഡോക്ടറുടെ വേഷം കൈകാര്യം ചെയ്തയാളാണ് പാര്‍വതി ആര്‍. കൃഷ്ണ.

മാലികില്‍ ഫഹദിനോടൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് പാര്‍വതി. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ്സുതുറന്നത്.

‘ആദ്യത്തെ ഷോട്ട് ഫഹദ് ഇക്കയോടൊപ്പം ആയിരുന്നു. മുമ്പ് ചില ചാനലുകള്‍ക്ക് വേണ്ടി ഞാന്‍ ഫഹദ് ഇക്കയെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടായിരുന്നു. അന്നെനിക്ക് നല്ല പൊങ്കാലയായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന്.

കാരണം ഞാന്‍ കുറെ ചളിയൊക്കെ പറഞ്ഞ് ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫഹദ് വളരെ കൂളാണല്ലോ. ആവശ്യത്തിന് മാത്രം സംസാരിക്കുന്നയാളാണല്ലോ അദ്ദേഹം.

എന്നെ അന്ന് നാട്ടുകാര്‍ മൊത്തം പൊങ്കാലയിട്ടതാ. പക്ഷെ അതിന് ശേഷം ഫഹദ് ഇക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റിയതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്. ഫഹദ് ഇക്ക കണ്ടപ്പോള്‍ തന്നെ അന്ന് ഇന്റര്‍വ്യൂ ചെയ്ത കുട്ടിയല്ലേ എന്ന് ചോദിച്ചു,’ പാര്‍വതി പറഞ്ഞു.

സെറ്റില്‍ അത്രയ്ക്ക് ചിരിയും കളിയും ഒന്നുമില്ലായിരുന്നുവെന്നും എല്ലാവരും കഥാപാത്രമായി തന്നെയായിരുന്നു ലൊക്കേഷനില്‍ ഉണ്ടായിരുന്നതെന്നും പാര്‍വതി പറയുന്നു.

സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. റോസ്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധയാണ് നേടുന്നത്. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actress Parvathy Krishna Shares Experience About Fahad