| Sunday, 20th June 2021, 11:14 am

പ്രധാന കഥാപാത്രം ക്ലാരയായിട്ടും എന്തുകൊണ്ട് തൂവാനത്തുമ്പികളില്‍ അഭിനയിച്ചു; മറുപടിയുമായി പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഒരുപിടി മലയാള ചിത്രങ്ങളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരെ വാരിക്കൂട്ടിയ നടിയാണ് പാര്‍വതി. പത്മരാജന്റെ തൂവാനത്തുമ്പികളിലെ രാധയായുള്ള ഭാവാഭിനയവും മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുകയാണ്.

ക്ലാരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നറിഞ്ഞിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് തൂവാനത്തുമ്പികളിലെ രാധയാകാന്‍ തീരുമാനിച്ചതെന്ന ചോദ്യത്തിന് പാര്‍വതി നല്‍കിയ മറുപടി ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. 2020 ഡിസംബറില്‍ മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ ഇതിന്റെ കാരണം പാര്‍വതി വ്യക്തമാക്കിയിരുന്നു.

സുമലത അവതരിപ്പിച്ച ക്ലാര എന്ന കഥാപാത്രമായിരുന്നു തൂവാനത്തുമ്പികളില്‍ നിറഞ്ഞുനിന്നിരുന്നത്. എങ്ങനെയാണ് രാധ എന്ന കഥാപാത്രത്തെ സ്വീകരിച്ചത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി.

‘പത്മരാജന്‍ എന്ന വലിയൊരു സംവിധായകന്‍. അദ്ദേഹത്തില്‍ നിന്നുള്ള ആദ്യത്തെ ഓഫര്‍. എന്ത് ക്യാരക്ടര്‍ ആയാലും അത് ചെയ്യുക എന്ന് മാത്രമെ തോന്നിയുള്ളു. അങ്ങനെയാണ് കഥ കേള്‍ക്കുന്നത്.

അന്നേ പറഞ്ഞിരുന്നു. തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്റേത് എന്ന്. സുമലതയ്ക്കാണ് കുറച്ചുകൂടുതലായി ചെയ്യാനുള്ളതെന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. അതു കഴിഞ്ഞിട്ടാണ് അപരന്‍ സിനിമ ചെയ്യുന്നത്,’ പാര്‍വതി പറഞ്ഞു.

1987ലാണ് തൂവാനത്തുമ്പികള്‍ പുറത്തിറങ്ങുന്നത്. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മോഹന്‍ലാല്‍, സുമലത, പാര്‍വതി, അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actress Parvathy Jayaram About Character In Thuvanathumbikal

Latest Stories

We use cookies to give you the best possible experience. Learn more