| Monday, 16th April 2018, 12:51 pm

എന്തൊരു പദസമ്പത്ത്; നാലാള് കാണട്ടെ: ഇന്‍സ്റ്റഗ്രാമില്‍ തന്നെ അസഭ്യം പറഞ്ഞ യുവാവിന്റെ തൊലിയുരിഞ്ഞ് നടി പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹര്‍ത്താലെന്ന പേരില്‍ വാഹനങ്ങള്‍ തടയുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരെ അസഭ്യവര്‍ഷം.

ഇന്‍സ്റ്റഗ്രാമിലാണ് റസീന്‍ മന്‍സൂര്‍ എന്ന അക്കൗണ്ടില്‍ നിന്നും പാര്‍വതിയെ കേട്ടാലറക്കുന്ന ഭാഷയില്‍ ഇയാള്‍ തെറിവിളിച്ചത്.

നിന്റെ മകളേയോ നിന്റെ ബന്ധുക്കളെയോ ഇങ്ങനെ ചെയ്താലും നീ ഇതുതന്നെ പറയുമോ ?ഈ ഹര്‍ത്താല്‍ ബി.ജെ.പിക്ക് എതിരാണ്. ഒരു സാധാരണക്കാര്‍ക്കും ഇല്ലാത്ത പ്രശ്‌നം നിനക്ക് മാത്രം നിനക്കെന്താടീ%#$…..&%$….തുടങ്ങി അശ്ലീല പദങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ കമന്റ്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് പാര്‍വതി ഇത്തരത്തില്‍ ചെയ്യുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ എടുത്തായിരുന്നു പാര്‍വതി മറുപടി നല്‍കിയത്.

ഇയാളുടെ ആക്രോശം നിങ്ങളും കാണൂ..എന്തൊരു പദസമ്പത്ത്. ഞാന്‍ അങ്ങ് പേടിച്ചു പോയി. അതെ ഞാന്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്… നിങ്ങള്‍ സ്മാര്‍ട് ആണല്ലോ എന്നായിരുന്നു പരിഹാസ രൂപേണ പാര്‍വതി കുറിച്ചത്.

എട്ടുവയസുകാരിക്ക് നീതി ആവശ്യപ്പെട്ടെന്ന് പറഞ്ഞ് നടത്തുന്ന ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെതിരെയായിരുന്നു പാര്‍വതി രംഗത്തെത്തിയത്. പ്രതിഷേധം എന്ന പേരില്‍ തെമ്മാടിത്തരം കാണിക്കരുതെന്ന് എന്നായിരുന്നു പാര്‍വതിയുടെ വാക്കുകള്‍.

കാലിക്കറ്റ് എയര്‍പോര്‍ട്ട് – ചെമ്മാട് – കൊടിഞ്ഞി- താനൂര്‍ റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞും ആളുകളെ കയ്യേറ്റം ചെയ്തും ചിലര്‍ അക്രമം അഴിച്ചുവിടുകയാണെന്നും പ്രതിഷേധത്തിന്റെ പേരില്‍ നടത്തുന്ന തെമ്മാടിത്തരമാണ് ഇതെന്നും പാര്‍വതി ട്വിറ്ററില്‍ പറഞ്ഞിരുന്നു.

ഈ സന്ദേശം എത്രയും പെട്ടെന്ന് ആളുകളില്‍ എത്തിക്കണം, ജനങ്ങളെ സുരക്ഷിതരാക്കണം. സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും പാര്‍വതി പോസ്റ്റില്‍ പറയുന്നു.


Dont Miss ‘പ്രതിഷേധമെന്ന പേരില്‍ തെമ്മാടിത്തരം കാണിക്കരുത്’; ഹര്‍ത്താലെന്ന പേരില്‍ വാഹനം തടഞ്ഞ് ആളുകളെ കയ്യേറ്റം ചെയ്യുന്നതിനെതിരെ നടി പാര്‍വതി


ഇന്നലെ രാത്രിയാണ് ഹര്‍ത്താലെന്ന പേരില്‍ ദേശീയപാതയില്‍ ചിലര്‍ വാഹനം തടയുകയും ആളുകളെ കയ്യേറ്റം ചെയ്യുകയും ചെയ്തത്. ഇന്നും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ചിലര്‍ വാഹങ്ങള്‍ തടയകയും കടകള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ചില പ്രാദേശിക സംഘടനളും സൗഹൃദകൂട്ടായ്മകളുമാണ് ഹര്‍ത്താല്‍ സംബന്ധിച്ച പ്രചാരണം നടത്തിയത്. ചിലയിടങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും പതിച്ചിരുന്നു പക്ഷേ ഔദ്യോഗികമായി ഹര്‍ത്താലുകളൊന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.

We use cookies to give you the best possible experience. Learn more