| Tuesday, 1st January 2019, 1:24 pm

സിനിമയില്‍ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങള്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല; അഭിപ്രായം തെറ്റിദ്ധരിക്കപ്പെട്ടതെന്ന് പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടി പാര്‍വതി. 2018 ല്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായ പ്രകടനമാണ് അതെന്നും പാര്‍വതി മനോരമ പത്രത്തിന് നല്‍കിയ പുതുവര്‍ഷച്ചോദ്യം പക്തിയില്‍ പറഞ്ഞു.

അവസരം ലഭിച്ചാല്‍ സിനിമാ സംഭാഷണങ്ങളില്‍ നിന്ന് ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്ക് ഏതാണെന്നും എന്തുകൊണ്ടാണെന്നുമായിരുന്നു ചോദ്യം.

“”2018 ല്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നതെന്നും സിനിമയില്‍ സ്ത്രീവിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നു””മായിരുന്നു പാര്‍വതി നല്‍കിയ മറുപടി.

സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥകളാകുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അത്തരം കഥാപാത്രങ്ങളേയും സംഭാഷണങ്ങളേയും മഹത്വവത്ക്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്.


2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി പ്രകാശ് രാജ്


സംഭാഷണത്തില്‍ ഇടപെടാന്‍ അവസരം ലഭിച്ചാലും ഒരു വാക്കും ഒഴിവാക്കും എന്നു പറയാനാവില്ല. കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന മോശം വാക്കുകളും പ്രയോഗങ്ങളും സിനിമയുടെ വ്യാകരണത്തിലൂടെ എങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രീകരിക്കപ്പെടുന്നു എന്നതാണ് പ്രധാനമെന്നും പാര്‍വതി പറഞ്ഞു.

വിമന്‍ ഇന്‍ കലക്ടീവ് എന്ന സംഘടനയിലെ പ്രതിനിധികള്‍ ഫിലിം ഫെസ്റ്റിവലിന്റെ വേദിയില്‍ സംസാരിവേയായിരുന്നു മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധമായ ഡയലോഗിനെ കുറിച്ച് പാര്‍വതി അഭിപ്രായം പറഞ്ഞത്.

സ്ത്രീ വിരുദ്ധമായ രംഗങ്ങള്‍ നായകന്‍ ചെയ്യുമ്പോള്‍ അത് ഗ്ലോറിഫൈ ആവുകയും അതിലൂടെ സമൂഹത്തിന് ഒരു മോശം സന്ദേശം കിട്ടുകയും ചെയ്യുന്നു എന്നായിരുന്നു പാര്‍വതി അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമായിരുന്നു പാര്‍വതി നേരിടേണ്ടി വന്നത്.

We use cookies to give you the best possible experience. Learn more