മമ്മൂക്കയാണോ എങ്കില്‍ ഉഗ്രനാകുമെന്ന് പറഞ്ഞു, നായകന്‍ അദ്ദേഹമാണെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല; പുഴുസിനിമയെ കുറിച്ച് പാര്‍വതി
Malayalam Cinema
മമ്മൂക്കയാണോ എങ്കില്‍ ഉഗ്രനാകുമെന്ന് പറഞ്ഞു, നായകന്‍ അദ്ദേഹമാണെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല; പുഴുസിനിമയെ കുറിച്ച് പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th March 2021, 12:37 pm

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പുഴു’ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഴു.

എന്നാല്‍ ചിത്രത്തില്‍ മമ്മൂക്കയായിരിക്കും നായകനെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും മമ്മൂക്കയായിരിക്കുമെന്ന് അറിഞ്ഞപ്പോള്‍ അത് ഉഗ്രനായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും നടി പാര്‍വതി തിരുവോത്ത് പറയുന്നു.

ബ്രില്യന്റ് ആക്ടറാണ് മമ്മൂക്കയെന്നും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞു.

ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. ഹര്‍ഷദ്-സുഹാസ്-ഷറഫു ഇവര്‍ ഒന്നിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷദ്ക്കായുടെ സിനിമ വരിക എന്ന് പറയുമ്പോള്‍ പ്രതീക്ഷിക്കാന്‍ വകയുണ്ട്. ഇതിനൊപ്പം തന്നെ മമ്മൂട്ടി-ഹര്‍ഷദ് രണ്ടുപേരും വീണ്ടും ഒന്നിക്കുകയാണ്.

റത്തീനയുടെ ആദ്യ സിനിമയായാണ് ഇത്. അതുകൊണ്ട് തന്നെ വളരെ ആകാംക്ഷയുണ്ട്. ഉയരെയില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഇത് രണ്ടാമത്തെ സിനിമയാണ്. പൊളിറ്റിക്കലി ഞാന്‍ വളരെ എക്‌സൈറ്റഡ് ആയ കണ്ടന്റാണ് ഇതില്‍ വരാന്‍ പോകുന്നത്. ചിത്രത്തിന്റെ പ്രതികരണം അറിയാനായി കാത്തിരിക്കുകയാണ് ഞാന്‍, പാര്‍വതി പറഞ്ഞു.

മമ്മൂട്ടി നായകനാകുന്നു എന്നതാണോ അതോ ചിത്രത്തിന്റെ കഥയാണോ ആകര്‍ഷിച്ചത് എന്ന ചോദ്യത്തിന് കഥ തന്നെയാണെന്നായിരുന്നു പാര്‍വതിയുടെ മറുപടി. ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും ഹര്‍ഷദിന്റെ പടമാണെന്നും അറിയില്ലായിരുന്നെന്നും പാര്‍വതി പറഞ്ഞു.

കഥയുടെ ഏകദേശം രൂപം കണ്ടിട്ട് മമ്മൂക്കയായിരിക്കും അഭിനയിക്കുക എന്ന് പറഞ്ഞപ്പോള്‍ ആണോ എങ്കില്‍ ഉഗ്രനായിരിക്കുമെന്നും നല്ലകാര്യമാണെന്നുമായിരുന്നു എന്റെ മറുപടി.

ബ്രില്യന്റ് ആക്ടാണ് അദ്ദേഹം. ഞാന്‍ അത് എല്ലായ്‌പ്പോഴും പറയാറുണ്ട്. ആക്ടര്‍പാര്‍ എക്‌സലെന്‍സ് എന്നായിരുന്നു ഞാന്‍ നേരത്തെ പറഞ്ഞ ആ വലിയ സ്റ്റേറ്റ്‌മെന്റിലും ഉണ്ടായിരുന്നത്. അദ്ദേഹം തീര്‍ച്ചയായും വലിയ നടനാണ്. നല്ലൊരു അനുഭവമായിരിക്കും അദ്ദേഹത്തിനൊപ്പമുണ്ടാകുകയെന്ന് കരുതുന്നു, പാര്‍വതി പറഞ്ഞു.

മലയാളത്തില്‍ ആദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായകയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. വനിതാ ദിനത്തില്‍ തന്നെയായിരുന്നു സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടത്.

ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. എസ് ക്യൂബ് ഫിലിംസ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് സംവിധായിക റത്തീന. ഉയരെ സിനിമ നിര്‍മ്മിച്ചത് എസ് ക്യൂബ് ഫിലിംസ് ആയിരുന്നു.

തേനി ഈശ്വറാണ് സിനിമയുടെ ഛായാഗ്രഹണമൊരുക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനവും മനു ജഗത് കലാസംവിധാനവും വിഷ്ണു ഗോവിന്ദും ശ്രീശങ്കറും ശബ്ദലേഖനവും സമീറാ സനീഷ് വസ്ത്രാലങ്കാരവും ബാദുഷ പ്രൊജക്ട് ഡിസൈനും ശ്രീനാഥ് ഉണ്ണിക്കൃഷ്ണന്‍ സ്റ്റില്‍സും ഒരുക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Actress Parvathy About Actor Mammootty