| Monday, 14th November 2022, 8:27 am

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞില്ലല്ലോ എന്നൊക്കെ പറയാന്‍ തുടങ്ങി, ഞാന്‍ അത് ചെയ്തില്ലെങ്കില്‍ എനിക്ക് മനസാക്ഷിക്കുത്ത് ഉണ്ടാകും: പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് അധികൃതര്‍ അഭിപ്രായം മാറ്റുകയായിരുന്നുവെന്ന് താരം പറഞ്ഞു. താന്‍ ഇനി ഇക്കാര്യത്തില്‍ കാര്യത്തില്‍ ഇടപെടില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹേമ കമ്മീഷനെക്കുറിച്ച് പാര്‍വതി പറഞ്ഞത്.

”എന്റെ വര്‍ക്കിങ് സ്‌പേസില്‍ ഞാന്‍ എപ്പോഴും ഒരു ആക്ടിവിസ്റ്റ് ആയിരിക്കും. ഞാന്‍ ഒരു സിസ്റ്റത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് അത് ഇഷ്ടമായില്ലെങ്കില്‍ പുറത്തുള്ള ആളുകളോട് അതില്‍ മാറ്റാന്‍ പറയുന്നതിലും നല്ലത് ഞാന്‍ തന്നെ മാറ്റുന്നതാണ്. ഞാന്‍ ആയിട്ട് ഇറങ്ങി തിരിഞ്ഞ് മാറ്റണം. ഇന്‍ഡസ്ട്രി എന്റെ വീടാണ്.

നിലനില്‍പ്പ് ഉണ്ടായിരിക്കുന്നത് വരെ ഞാന്‍ പറഞ്ഞു കൊണ്ടേയിരിക്കും. അതിന്റെ കൂടെ തന്നെ എനിക്ക് ഇവിടെ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം കിട്ടിക്കൊണ്ടേയിരിക്കട്ടെ. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞതിന് ശേഷം ശരിക്കും ഒരു ബലൂണില്‍ നിന്നും കാറ്റ് പോവുന്നത് പോലെയായിരുന്നു.

പെട്ടെന്ന് അതിന്റെ കാര്യങ്ങള്‍ നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന ടോണിലേക്ക് പോയി. നിങ്ങളോട് അതിന് ഇത് പബ്ലിഷ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞില്ലല്ലോ എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാന്‍ ഇനി അതിന്റെ കാര്യം ഒന്നും പറയില്ല.

അവരുടെ ചെയ്തികളും അവരുടെ ചെയ്തി ഇല്ലായ്മയും അവരില്‍ തന്നെ റിഫ്‌ളക്ട് ചെയ്യും. മാധ്യമപ്രവര്‍ത്തകര്‍ അതിനെക്കുറിച്ച് അവരോട് ചോദിച്ച് കൊണ്ടേ ഇരിക്കും ഞാന്‍ വിശ്വസിക്കുന്നത്. അബ്യൂസ് ഏറ്റെടുക്കേണ്ടതും നമ്മള്‍ ആണ് അവര്‍ ചെയ്യാത്ത ജോലിയേക്കുറിച്ച് കമന്റ് ചെയ്യേണ്ടതും നമ്മള്‍. അത് അനീതിയാണെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

അവര്‍ എന്താണ് പുറത്ത് വിടാത്തതെന്ന് അവരോടല്ലെ ചോദിക്കേണ്ടത്. നമ്മള്‍ വോട്ട് ചെയ്ത് ടാക്‌സ് കൊടുത്ത് ജീവിക്കുന്ന ഈ ഒരു സ്‌റ്റേറ്റില്‍ അതിനനുസരിച്ചുള്ള സേഫ്റ്റി എനിക്ക് കിട്ടുന്നില്ല. എനിക്ക് കിട്ടുന്നതിന്റെ വളരെ കുറവാണ് മറ്റുള്ളവര്‍ക്ക് കിട്ടുന്നത്. അത് മനസിലാക്കി എന്തെങ്കിലും ഞാന്‍ ചെയ്തില്ലെങ്കില്‍ എനിക്ക് മനസാക്ഷിക്കുത്ത് ഉണ്ടാകും. ചിലപ്പോള്‍ കിടന്ന് ഉറങ്ങാന്‍ പറ്റില്ല,” പാര്‍വതി പറഞ്ഞു.

അതേസമയം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍വുമണ്‍ ആണ് പാര്‍വതിയുടെ പുതിയ ചിത്രം. നിത്യ മേനന്‍, നാദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

content highlight:actress parvathi thiruvoth about hema commission report

We use cookies to give you the best possible experience. Learn more